You are Here : Home / USA News

സാന്റാ അന്ന ദേവാലയത്തിലെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 19, 2014 10:45 hrs UTC

ലോസ്‌ആഞ്ചലസ്‌: സാന്റാ അന്നയിലുള്ള സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ഫൊറോനാ ദേവാലയത്തില്‍ ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 6 വരെയുള്ള തിരുനാള്‍ ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളില്‍ ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഇടവക സ്ഥാപക വികാരി റവ.ഡോ. ജേക്കബ്‌ കട്ടയ്‌ക്കല്‍, ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, ഫാ. ബോബി എമ്പ്രായില്‍, ഫാ. ആന്റണി പ്ലാക്കന്‍ വി.സി എന്നിവര്‍ കാര്‍മികരായിരുന്നു. തിരുനാള്‍ ദിവസങ്ങളില്‍ തോമാശ്ശീഹായുടെ നൊവേന, ആദ്യവെള്ളിയാഴ്‌ച രാത്രിയില്‍ `നൈറ്റ്‌ വിജില്‍ പ്രാര്‍ത്ഥന', യുവതീയുവാക്കള്‍ക്കായി ഫാ. ബോബി എമ്പ്രായില്‍ നയിച്ച ധ്യാനം, കൗണ്‍സിലിംഗ്‌ എന്നിവയെല്ലാം വിശുദ്ധന്റെ തിരുനാള്‍ ഭക്തിസാന്ദ്രമാക്കി. ഇടവക തിരുനാളിനോടനുബന്ധിച്ച്‌ വിശ്വാസികളുടെ ആത്മീയത ഉണര്‍ത്തുവാന്‍ വേണ്ടി സുപ്രസിദ്ധ ധ്യാനഗുരു ഫാ. ജേക്കബ്‌ മഞ്ഞളി നയിച്ച ഇടവക നവീകരണ ധ്യാനത്തില്‍ എല്ലാവരും പങ്കുചേര്‍ന്നു.

 

ഷൈജന്‍ വടക്കുംതലയുടെ ഗാനശുശ്രൂഷ ധ്യാനദിവസങ്ങളെ ആത്മീയനിറവിലുണര്‍ത്തുവാന്‍ സഹായകമായി. പ്രധാന തിരുനാള്‍ ദിനമായ ജൂലൈ അഞ്ചിന്‌ ശനിയാഴ്‌ച വൈകുന്നേരം സുപ്രസിദ്ധ സംഗീജ്ഞനായ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ മുഖ്യകാര്‍മികനായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ. ഇമ്മാനുവേല്‍, റവ.ഡോ. ജേക്കബ്‌ കട്ടയ്‌ക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇടവക ഗായകസംഘങ്ങള്‍ ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങളോടെ ആരംഭിച്ച്‌, തുടര്‍ന്ന്‌ ലദീഞ്ഞും വിശുദ്ധരുടെ രൂപംവെഞ്ചരിപ്പും നടന്നു. നഗരികാണിക്കല്‍ പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ രൂപങ്ങള്‍ മുന്നിലും, ചെണ്ടമേളക്കാര്‍ക്കൊപ്പം മാര്‍ത്തോമാ ശ്ശീഹായുടെ രൂപവും, ഏറ്റവും പിന്നിലായി അഭിവന്ദ്യ വൈദീകരും പങ്കുചേര്‍ന്നു. പഞ്ചവര്‍ണ്ണങ്ങളിലുള്ള മുത്തുക്കുടകള്‍ കൈയ്യിലേന്തി പ്രദക്ഷിണം നയിച്ചത്‌ ഇടവകയിലെ യുവജനങ്ങളാണ്‌. പൊന്നിന്‍കുരിശിന്റെ പ്രഭാപൂരവും ചെണ്ടമേളങ്ങളുടെ രാഗതാളങ്ങളും വിശുദ്ധരുടെ രൂപങ്ങളും പരിസരവാസികളില്‍ കൗതുകമുണര്‍ത്തി. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ സെന്റ്‌ ജോസഫ്‌ വാര്‍ഡ്‌ അംഗങ്ങളാണ്‌.

 

വിഭവസമൃദ്ധമായ സ്‌നേഹവിരുന്നിനുശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി. പുതുതായി നിര്‍മ്മിച്ച ആധുനിക സ്റ്റേജിന്റെ ഉദ്‌ഘാടനം ഇമ്മാനുവേലച്ചന്‍ നിര്‍വഹിച്ചു. സുപ്രസിദ്ധ കലാകാരനും ഏഷ്യാനെറ്റ്‌ ടിവി ഫെയിമുമായ സജി പിറവം രചനയും സംവിധാനവും നിര്‍വഹിച്ച നൃത്തസംഗീത നാടകം `പ്രവാസിയുടെ നൊമ്പരങ്ങള്‍' അരങ്ങേറി. പ്രവാസിയുടെ ജീവിതം അവതരിപ്പിച്ച സെന്റ്‌ തോമസ്‌ ആര്‍ട്‌സിലെ കലാകാരന്മാര്‍ എല്ലാവരുടേയും പ്രശംസ നേടിയെടുത്തു. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ ഫുഡ്‌ സ്റ്റാളും, സെന്റ്‌ തോമസ്‌ യുവജനസംഘടനയുടെ ബെയിക്‌ സെയിലും വന്‍ വിജയമായിരുന്നു. ഞായറാഴ്‌ച രാവിലെയുള്ള ദിവ്യബലിയില്‍ റവ.ഡോ. ജേക്കബ്‌ കട്ടയ്‌ക്കല്‍ മുഖ്യകാര്‍മികനും ഫൊറോനാ വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ.ആന്റണി പ്ലാക്കന്‍ വി.സി എന്നിവര്‍ സഹകാര്‍മികരുമായിരുന്നു. വി. കുര്‍ബാനയ്‌ക്കുശേഷം കൊടിയിറക്കലും തുടര്‍ന്ന്‌ സ്‌നേഹവിരുന്നുമുണ്ടായിരുന്നു. ഇമ്മാനുവേലച്ചന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ആനന്ദ്‌ കുഴിമറ്റത്തിലും, ജോണ്‍സണ്‍ വണ്ടനാംതടത്തിലും ഇടവകാംഗങ്ങളും ഒന്നായി പ്രവര്‍ത്തിച്ചപ്പോള്‍ ദൈവകൃപയാല്‍ തിരുനാള്‍ മഹോത്സവം വന്‍ വിജയമായി. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.