You are Here : Home / USA News

സമ്പന്നതയുടെ നാടിന്‌ സംസ്‌കാര മികവിന്റെ വിരുന്നൊരുക്കി എച്ച്‌.കെ.എസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 06, 2014 07:29 hrs UTC

  

ന്യൂജേഴ്‌സി: ഭാരത സംസ്‌കാരത്തെ മൂല്യശോഷണം വരുത്താതെ നിലനിര്‍ത്തുമെന്ന പ്രതിജ്ഞയുമായി ഹിന്ദു കേരള സൊസൈറ്റിയുടെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്‌ ഉജ്വല തുടക്കം. ന്യൂജേഴ്‌സിയിലെ വുഡ്‌ ക്ലിഫ്‌ ഹില്‍ട്ടണ്‍ ഹോട്ടലിലാണ്‌ മൂന്നുദുവസം നീണ്ടുനിന്ന `സംസ്‌കൃതി -14' അരങ്ങേറിയത്‌. സുഖസൗകര്യങ്ങളുടെ നാട്ടില്‍ സംസ്‌കാര മികവിന്റെ വിരുന്നൊരുക്കിയപ്പോള്‍ വുഡ്‌ ക്ലിഫ്‌ അക്ഷരാര്‍ത്ഥത്തില്‍ കൊച്ചുകേരളത്തിന്റെ തനിപ്പകര്‍പ്പായി.

ഹിന്ദു കേരള സൊസൈറ്റി വാര്‍ഷിക സമ്മേളനം കളത്തൂര്‍ അദൈ്വതാശ്രമം അധിപതിയും, സന്യാസി പരിഷത്ത്‌ ചെയര്‍മാനുമായ സ്വാമി ചിദാനന്ദപുരി ഏഴുതിരി നിലവിളക്കില്‍ ദീപം പകര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. കേരളീയ വേഷമണിഞ്ഞ്‌ ഓഡിറ്റോറിയം നിറഞ്ഞുനിന്ന പതിനിധികള്‍ യജ്ഞശാലയിലേതുപോലെ നാമമന്ത്രമുരുവിട്ട്‌ ചടങ്ങിനെ ധന്യമാക്കി. പ്രശസ്‌ത കര്‍ണ്ണാടക സംഗീതവിദഗ്‌ധന്‍ ശങ്കരന്‍ നമ്പൂതിരി, മോഹിനിയാട്ടം നര്‍ത്തകി സ്‌മിതാ രാജന്‍, ആര്‍ഷവിദ്യാ ഗുരുകുലത്തിലെ ബ്രഹ്മചാരി ധീരജ്‌ ചൈതന്യ തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കാളികളായി.

ധര്‍മ്മാചരണത്തിലൂടെയും, സദ്‌ഭാവനയിലൂടെയും പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്നും, ഭാരതം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സജ്ജനസമ്പര്‍ക്കവും, സംഘടിത മുന്നേറ്റവും അനിവാര്യമാണെന്ന്‌ സ്വാമി ചിദാനന്തപുരി വ്യക്തമാക്കി.

നൂറ്റമ്പതോളം കുടുംബങ്ങളില്‍ നിന്നായി അഞ്ഞൂറിലേറെ പ്രതിനിധികളാണ്‌ എച്ച്‌.കെ.എസ്‌ സമ്മേളനത്തില്‍ പങ്കാളികളായത്‌. പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചാക്ലാസുകള്‍ എന്നിവയ്‌ക്കുപുറമെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിപുലമായ എക്‌സിബിഷനും നടന്നു.

കേരളീയ കലകളുടെ നിറവാര്‍ന്ന അരങ്ങേറ്റവും സമ്മേളനത്തിനു കൂടുതല്‍ കൊഴുപ്പേകി. വര്‍ണ്ണാഭമായ കലാവിരുന്നുകള്‍ ആസ്വദിക്കാന്‍ നൂറുകണക്കിന്‌ ആളുകളാണ്‌ പുറത്തുനിന്നെത്തിയത്‌. ഹിന്ദു കേരള സൊസൈറ്റിയുടെ ആദ്യ ചെണ്ടമേള ഗ്രൂപ്പും സമ്മേളന നഗരിയില്‍ അരങ്ങേറ്റം നടത്തി. ഹില്‍ട്ടണ്‍ ഹോട്ടല്‍ പരിസരത്ത്‌ നടന്ന ഘോഷയാത്രയില്‍ `തായമ്പക'യും പാണ്ടിമേളവും പാരമ്യതയിലെത്തി.

കണ്‍വന്‍ഷന്‍ കമ്മിറ്റിയും, സ്വാഗതസംഘവുമില്ലാതെ, സ്‌പോണ്‍സര്‍മാരോ, വമ്പന്‍ പിരിവുകളോ ഇല്ലാതെ ആത്മസമര്‍പ്പണംകൊണ്ട്‌ വലിയൊരു സമ്മേളനം പൂര്‍ണ്ണമായി വിജയിപ്പിക്കാമെന്ന്‌ തെളിയിക്കുകയായിരുന്നു ഹിന്ദു കേരളാ സൊസൈറ്റിയുടെ യുവ പ്രവര്‍ത്തകര്‍. ബാബു കൃഷ്‌ണകല അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.