You are Here : Home / USA News

ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷന്‍ ചരിത്രം തിരുത്തിയെഴുതി അനിയന്‍ ജോര്‍ജും, ജോയി ചെമ്മാച്ചേലും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, June 28, 2014 09:03 hrs UTC

 
    

ഫിലാഡല്‍ഫിയ/ഷിക്കാഗോ: ഫോമാ കണ്‍വന്‍ഷന്‌ ആവേശോജ്വലമായ തുടക്കം. ഫിലാഡല്‍ഫിയയിലെ വാലി ഫോര്‍ജില്‍ ആരംഭിച്ച കണ്‍വന്‍ഷന്‌ പ്രൗഢഗംഭീരമായ തുടക്കം. അനിയന്‍ ജോര്‍ജിനാകട്ടെ ഈ കണ്‍വന്‍ഷന്‍ പ്രസ്റ്റീജ്‌ കണ്‍വന്‍ഷനാണ്‌.

കണ്‍വന്‍ഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഓടിനടക്കുകയാണ്‌ അദ്ദേഹം. ഫോമയുടെ ചരിത്രത്തിലെ മികച്ച കണ്‍വന്‍ഷനാക്കി ഫിലാഡല്‍ഫിയ കണ്‍വന്‍ഷന്‍ മാറ്റണം. കാരണം ഫൊക്കാനാ- ഫോമാ കണ്‍വന്‍ഷനുകള്‍ക്കിടയില്‍ ഒരു സൗഹൃദമത്സരം ഒളിഞ്ഞിരുപ്പുണ്ട്‌.

ജൂലൈ 4 മുതല്‍ 6 വരെ ഷിക്കാഗോയില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ ജനറല്‍ കണ്‍വീനറാകട്ടെ ഒരുകാലത്ത്‌ തന്റെ എതിരാളിയായിരുന്ന ഉറ്റസുഹൃത്ത്‌ ജോയി ചെമ്മാച്ചേല്‍. ഇരുവരും തമ്മില്‍ ഏറെ സാമ്യം. രണ്ടുപേരും അവതാരകര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍. 2006-ല്‍ നടന്ന ഫൊക്കാനാ തെരഞ്ഞെടുപ്പിനുശേഷം പൂര്‍ണ്ണമായും സംഘടനാ പ്രവര്‍ത്തന രംഗത്തുനിന്നും മാറി നിന്ന ജോയി ചെമ്മാച്ചേല്‍ ഫൊക്കാനാ ഷിക്കാഗോ കണ്‍വന്‍ഷനോടെ സജീവമാകുകയാണ്‌.

ചില ബിസിനസ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ മൂന്നുവര്‍ഷമായി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ മാറി നില്‍ക്കുകയായിരുന്നു ജോയി ചെമ്മാച്ചേല്‍. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന ഒരു രാജ്യത്തിന്റെ നിയമസംഹിതയോട്‌ പൂര്‍ണ്ണമായും വിധേയപ്പെട്ട ജീവിതം. ഒരു രാജ്യത്ത്‌ കുടിയേറി താമസിക്കുമ്പോള്‍ അവിടുത്തെ നിയമത്തേയും നിയമവ്യവസ്ഥയേയും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ ബഹുമാനിക്കാനും അനുസരിക്കാനുമുള്ള ആര്‍ജവത്വം ജോയി ചെമ്മാച്ചേല്‍ കാണിച്ചു. എന്നാല്‍ ഇപ്പോള്‍ നിയമപ്രശ്‌നങ്ങളൊക്കെ അവസാനിക്കുകയും തനിക്ക്‌ അനുകൂലമായി ഈശ്വരകൃപയാല്‍ കാര്യങ്ങള്‍ എത്തിയതോടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായാണ്‌ ഫൊക്കാനയുടെ കണ്‍വന്‍ഷന്‍ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്തത്‌. ഫൊക്കാനാ കണ്‍വന്‍ഷനെ ഒരു അര്‍ജവത്വമുള്ള കണ്‍വന്‍ഷനാക്കി മാറ്റുവാനാണ്‌ ജോയി ചെമ്മാച്ചേലിന്റെ ശ്രമം.

അനിയന്‍ ജോര്‍ജ്‌ 2006-ലെ ഫ്‌ളോറിഡ കണ്‍വന്‍ഷനുശേഷം ഫൊക്കാനാ സെക്രട്ടറി, പിന്നീട്‌ ഫോമാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനിയന്‍ ജോര്‍ജ്‌ ഫോമയുടെ വളര്‍ച്ചയുടെ നിര്‍ണ്ണായക സാന്നിധ്യമായി മാറി. ഇപ്പോഴും ഫോമയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും നേതൃനിരയില്‍. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനും, അഭിഭാഷകനുമായിരുന്ന അനിയന്‍ ജോര്‍ജിന്‌ ഫോമയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച്‌ എക്കാലത്തേയും മികച്ച ഫോമയുടെ പ്രസിഡന്റായിത്തീരണമെന്ന ആഗ്രഹവുമുണ്ട്‌. ഇപ്പോള്‍ ബിസിനസിലും കുടുംബത്തിലും ശ്രദ്ധ നല്‍കുന്നു. പക്ഷെ സംഘടനയും കുടുംബത്തോടൊപ്പം കൊണ്ടുപോകുന്നു. ഫോമാ കണ്‍വന്‍ഷന്‍ തുടങ്ങി ഒരു ദിവസം പിന്നിടുമ്പോള്‍ വളരെ ചാരിതാര്‍ത്ഥ്യത്തോടെ കണ്‍വന്‍ഷന്‍ വിജയത്തിലെത്തിക്കുവാന്‍ അശ്രാന്തപരിശ്രമത്തിലാണ്‌ അനിയന്‍ ജോര്‍ജ്‌.

ജോയി ചെമ്മാച്ചേല്‍ ചില നിയമപ്രശ്‌നങ്ങള്‍ കാരണം സംഘടനാ പ്രവര്‍ത്തനങ്ങളില്‍നിന്ന്‌ വിട്ടുനിന്നുവെങ്കിലും തന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും, പ്രകൃതി സ്‌നേഹത്തിലും യാതൊരു കുറവും വരുത്തിയിട്ടില്ല. വര്‍ഷങ്ങളായി കോട്ടയത്തെ തന്റെ ജന്മ ഗ്രാമമായ നീണ്ടൂരില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനവും പരിസ്ഥിതി സന്തുലിത കൃഷിയിട സംരക്ഷണവും സജീവമായി മുന്നോട്ടു കൊണ്ടുപോകുന്നു. ലോകശ്രദ്ധയാകര്‍ഷിച്ച ഒരു കാര്‍ഷിക സംസ്‌കൃതിയുടെ നോട്ടക്കാരന്‍കൂടിയാണിപ്പോള്‍ ജോയി ചെമ്മാച്ചേല്‍.

എന്തായാലും ഫോമാ- ഫൊക്കാനാ കണ്‍വന്‍ഷനുകള്‍ പഴയ രണ്ട്‌ സുഹൃത്തുക്കളുടെ പോരാട്ടമാണ്‌. ഒരാള്‍ മികച്ച രീതിയില്‍ കണ്‍വന്‍ഷന്‍ തുടങ്ങിയതിന്റെ ത്രില്ലിലും, മറ്റൊരാള്‍ ഒരു ക്ലാസിക്‌ കണ്‍വന്‍ഷനാക്കി മാറ്റാനുള്ള തയാറെടുപ്പിലുമാണ്‌. സൗഹൃദത്തില്‍ പൊതിഞ്ഞ രണ്ട്‌ കണ്‍വന്‍ഷനുകളായിരിക്കും ഫൊക്കാനാ- ഫോമാ കണ്‍വന്‍ഷനുകള്‍ എന്നിതില്‍ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.