You are Here : Home / USA News

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഫാമിലി നൈറ്റും, ഹൈസ്‌കൂള്‍ ഗ്രാജ്വേറ്റ്‌സിന്റെ അനുമോദനവും

Text Size  

Story Dated: Friday, June 27, 2014 04:04 hrs UTC

 ഹഡ്‌സണ്‍വാലി: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ കുടുംബ സംഗമവും 2014-ല്‍ പന്ത്രണ്ടാം ക്ലാസ്‌ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ അനുമോദനവും സംയുക്തമായി ജൂണ്‍ മാസം 14-ന്‌ ശനിയാഴ്‌ച ഓറഞ്ചുബര്‍ഗിലുള്ള സിത്താര്‍ പാലസില്‍ വെച്ച്‌ വളരെ ഭംഗിയായി ആഘോഷിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിന്‍ ആന്റണിയുടെ ആശംസാ പ്രസംഗത്തിനുശേഷം അമാന്‍ഡ കാടംതോട്ടത്തിന്റെ അമേരിക്കന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമിട്ടു. അതിനുശേഷം നേഹാ ജോ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു.

പ്രസിഡന്റ്‌ ജയിംസ്‌ ഇളംപുരയിടത്തില്‍ വിശിഷ്‌ടാതിഥികളേയും വിദ്യാര്‍ഥികളേയും മാതാപിതാക്കളേയും സ്‌പോണ്‍സര്‍മാരേയും കമ്മിറ്റിക്കാരേയും എല്ലാ അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്യുകയും ചെയ്‌തു. ഈവര്‍ഷം മികച്ച മാര്‍ക്ക്‌ നേടിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നതാണെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു.

വിശിഷ്‌ടാതിഥി ഡോ. അശോക്‌ കുമാര്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയും തന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തെ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കുകയും ചെയ്‌തു. ഗ്രാജ്വേറ്റ്‌സിന്റെ പ്രതിനിധിയായി ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ മുന്‍ ഗ്രാജ്വേറ്റായ പ്രിയാ കോശി വളരെ മനോഹരവും അര്‍ത്ഥവത്തായതുമായ പ്രസംഗം നടത്തുകയും വേണ്ട മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കുകയും, കോളജ്‌ ജീവിതത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും വിവരിച്ചുകൊടുക്കുകയും ചെയ്‌തത്‌ പുതുതായി കോളജിലേക്ക്‌ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒരു പുത്തന്‍ ഉണര്‍വും ഉന്മേഷവും നല്‍കി.

അഞ്‌ജലി വെട്ടം, അലീറ്റാ ചാള്‍സ്‌ എന്നിവരുടെ നൃത്തങ്ങളും, ജോമോന്‍ മാത്യു, നേഹാ ജോ, ഡെല്ലാ ജോര്‍ജ്‌, ജിമ്മി ജോര്‍ജ്‌ എന്നിവരുടെ ഗാനങ്ങളും കുടുംബസംഗമത്തിനും, അനുമോദനത്തിനും മാറ്റുകൂട്ടി.

ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസ്‌ ചെയര്‍മാന്‍ കുര്യാക്കോസ്‌ തര്യന്‍, ട്രഷറര്‍ മത്തായി പി. ദാസ്‌, പ്രസിഡന്റ്‌ ഇലക്‌ട്‌ ഷാജിമോന്‍ വെട്ടം, സാനിട്ടേഷന്‍ കമ്മീഷണര്‍ ഇന്നസെന്റ്‌ ഉലഹന്നാന്‍, ഫൊക്കാനാ കമ്മിറ്റിയംഗം ഫിലിപ്പോസ്‌ ഫിലിപ്പ്‌, സി.എസ്‌.ഇ.എ പ്രസിഡന്റ്‌ ടോം നൈനാന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിന്‍ ആന്റണി തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

ക്രിസ്റ്റി മുണ്ടന്‍ചിറ, മറിയാമ്മ നൈനാന്‍, റോബര്‍ട്ട്‌ പറമ്പി, ആല്‍ബര്‍ട്ട്‌ പറമ്പി എന്നിവര്‍ നടത്തിയ സ്‌കിറ്റ്‌ സദസിനെ ചിരിപ്പിക്കുന്നതും, വളരെ അര്‍ത്ഥവത്തായതും ചിന്തിപ്പിക്കുന്നതുമായിരുന്നു.

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റേയും, റോക്ക്‌ലാന്റ്‌ കൗണ്ടി എക്‌സിക്യൂട്ടീവിന്റേയും സര്‍ട്ടിഫിക്കറ്റുകളും, മെറ്റ്‌ലൈഫ്‌ ജോര്‍ജ്‌ ജോസഫ്‌ നല്‍കിയ പ്രത്യേക സമ്മാനങ്ങളും എല്ലാ ഗ്രാജ്വേറ്റ്‌സിനും വിതരണം ചെയ്‌തു.

സെക്രട്ടറി ജയപ്രകാശ്‌ നായരുടെ അഭാവത്തില്‍ ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ ഏബ്രഹാം എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. അജിന്‍ ആന്റണി, അഞ്‌ജലി വെട്ടം, ശില്‍പാ രാധാകൃഷ്‌ണന്‍, ആല്‍ബര്‍ട്ട്‌ പറമ്പി എന്നിവര്‍ പരിപാടികളുടെ എം.സിമാരായി മികച്ച പ്രകടനം കാഴ്‌ചവെച്ചു.

ഗ്രാജ്വേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന്റെ ഭാഗമായി കേക്ക്‌ മുറിക്കുകയും ഓരോ വിദ്യാര്‍ത്ഥികളും സ്വയം പരിചയപ്പെടുത്തുകയും അവര്‍ പഠിക്കാന്‍ പോകുന്ന കോളജും പ്രധാന വിഷയവും പഠിച്ച സ്‌കൂളും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സദസിന്‌ വിവരിച്ചുകൊടുക്കുകയും ചെയ്‌തു.

വിഭവസമൃദ്ധമായ ഡിന്നറിനുശേഷം ദേശീയ ഗാനാലാപനത്തോടെ രാത്രി 10.30-ന്‌ പരിപാടികള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.