You are Here : Home / USA News

എസ്.എം.സി.സി സാന്റാ അന്നയില്‍ മാതൃദിനം ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, May 18, 2014 09:39 hrs UTC

ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ പള്ളിയില്‍ മദേഴ്‌സ് ഡേ ആഘോഷിച്ചു. ഇടവകയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലായിരുന്നു മാതൃദിനാഘോഷം.

ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള സാന്റാ അന്നാ ഇടവക ദേവാലയം, ഫൊറോനാ ദേവാലയമായി ഉയര്‍ത്തിയതിനുശേഷമുള്ള ആദ്യത്തെ ആഘോഷമായിരുന്നു മദേഴ്‌സ് ഡേ ആഘോഷം.

സുപ്രസിദ്ധ സംഗീതജ്ഞനായ ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ മുഖ്യകാര്‍മികനായ ദിവ്യബലിയില്‍ എല്ലാ അമ്മമാര്‍ക്കുംവേണ്ടി പ്രാര്‍ത്ഥന നടത്തി. മാര്‍ട്ടിനച്ചന്‍ ദിവ്യബലി മധ്യേയുള്ള തന്റെ വചന സന്ദേശത്തില്‍, ലോകത്തിലെ ഏറ്റവും സുന്ദരമായ നാമമാണ് അമ്മ. സ്‌നേഹത്തോടുകൂടി ഉച്ഛരിക്കാവുന്ന മനോഹരമായ ശബ്ദമാണ് അമ്മ. പരസ്പരം പങ്കുവെയ്ക്കാന്‍ നമ്മെ പഠിപ്പിച്ചതും അമ്മ തന്നെയാണ്. അമ്മമാരെ സ്‌നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതാണ് നമ്മുടെ സംസ്‌കാരം. തുടര്‍ന്ന് ‘കുഞ്ഞേ നിന്നെ മടിയില്‍ ഇരുത്തി കുഞ്ഞിളം കൈയ്യാല്‍….’ എന്ന ഹൃദയസ്പര്‍ശിയായ ഗാനവും മാര്‍ട്ടിനച്ചന്‍ ആലപിച്ചു.

സാന്റാ അന്നാ പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയും, ഫാ. മാര്‍ട്ടിനും ചേര്‍ന്ന് റോസാ പുഷ്പങ്ങള്‍ നല്‍കി അമ്മമാരെ ആദരിച്ചു.

തുടര്‍ന്ന് പള്ളിയങ്കണത്തില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ എസ്.എം.സി.സി ചാപ്റ്റര്‍ പ്രസിഡന്റ് ബൈജു വിതയത്തില്‍ സ്വാഗതം ആശംസിച്ചു. ഫിലിപ്പ്- ദേവസിയുടെ പ്രാര്‍ത്ഥനാ ഗാനത്തിനുശേഷം ഇമ്മാനുവേലച്ചന്‍ ആശംസാ സന്ദേശം നല്‍കി, ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. ഇടവകയില്‍ എസ്.എം.സി.സി നല്‍കിവരുന്ന സേവനങ്ങളെ പ്രശംസിക്കുകയും ചെയ്തു.

ജോ ആന്റണി നേതൃത്വം നല്‍കുന്ന ‘ട്രിനിറ്റി ട്രാക്‌സ് ഓറഞ്ച്’, അമ്മമാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് അവതരിപ്പിച്ച സംഗീതവിരുന്ന് ഹൃദ്യമായി. ബാബു ജോസ്, സ്റ്റീഫന്‍ ജോര്‍ജ്, സജി പിറവം, ബിന്ദു മാത്യു, സൗമ്യ ജയ്‌സണ്‍, ഷെറിന്‍ ജസ്റ്റിന്‍, മെരിറ്റാ ജിയോ, ഷൈനി ജേക്കബ്, ജോക്കബ് ജിയോ എന്നിവരോടൊപ്പം ഫാ. പോള്‍, ഫാ. ഇമ്മാനുവേല്‍ എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.

അമേരിക്കയിലെ എസ്.വി.ഡി സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഫാ. സോണി ജോസഫ് റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് നടത്തി. സാലി ജോയി, ഏയ്ഞ്ചല്‍ ആനന്ദ് എന്നിവര്‍ സമ്മാനങ്ങള്‍ നേടി.

നിക്‌സണ്‍ ഫിലിപ്പ്, ഷാരോണ്‍ ജസ്റ്റിന്‍ എന്നിവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു. എസ്.എം.സി.സി ദേശീയ വൈസ് പ്രസിഡന്റ് ജോര്‍ജുകുട്ടി തോമസ് നന്ദി പറഞ്ഞു.

ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്താല്‍ മാതൃദിനാഘോഷം ഹൃദ്യമായി. ചാപ്റ്റര്‍ കമ്മിറ്റിയംഗങ്ങളാണ് സ്‌നേഹവിരുന്ന് സ്‌പോണ്‍സര്‍ ചെയ്തത്. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.