You are Here : Home / USA News

അനേകം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടി കാര്‍ബണ്‍ഡേയിലില്‍ പ്രവീണ്‍ വര്‍ഗീസ്‌ മെമ്മോറിയല്‍ സര്‍വീസ്‌ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, May 06, 2014 09:46 hrs UTC


    
കാര്‍ബണ്‍ഡെയില്‍: നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി സമൂഹത്തെയാകെ ദുഖത്തിലാഴ്‌ത്തിയ പ്രവീണ്‍ വര്‍ഗീസിന്റെ ദാരുണമായ മരണത്തിന്റെ കാരണം തേടി കാര്‍ണ്‍ഡെയിലില്‍ സംഘടിപ്പിച്ച പ്രവീണ്‍ മെമ്മോറിയല്‍ സര്‍വീസ്‌ വമ്പിച്ച ജനപങ്കാളിത്തവും, ഗവണ്‍മെന്റ്‌ അധികാരികളുടെ സാന്നിധ്യവുംകൊണ്ട്‌ ശ്രദ്ധേയമായി.

പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ മെയ്‌ മാസം മൂന്നാം തീയതി സംഘടിപ്പിച്ച മെമ്മോറിയല്‍ സര്‍വീസില്‍ പങ്കെടുക്കാന്‍ ഷിക്കാഗോയില്‍ നിന്നും 250-ല്‍പ്പരം ജനങ്ങള്‍ ദീര്‍ഘമായ ആറു മണിക്കൂര്‍ യാത്രചെയ്‌ത്‌ കാര്‍ബണ്‍ഡെയിലില്‍ എത്തിച്ചേര്‍ന്നു. ഷിക്കാഗോ മാര്‍ത്തോമാ ഇടവകയില്‍ നിന്നും രാവിലെ ആറുമണിക്ക്‌ കാര്‍ബണ്‍ഡെയിലിലേക്ക്‌ പുറപ്പെട്ട യാത്രയില്‍ ഷിക്കാഗോയിലെ വിവിധ ക്രൈസ്‌തവ ഇടവകകളിലെ വികാരിമാരും മലയാളി സംഘടനാ നേതാക്കളും പങ്കെടുത്തു.

കാര്‍ബണ്‍ഡെയില്‍ സിറ്റി പവലിയനില്‍ വെച്ച്‌ രണ്ടു മണിക്ക്‌ ആരംഭിച്ച മെമ്മോറിയല്‍ സര്‍വീസില്‍ കാര്‍ബണ്‍ഡെയില്‍ സിറ്റി മേയര്‍ ഡാന്‍ മോണ്ടി മുഖ്യാതിഥിയായിരുന്നു. ഷിക്കാഗോ മാര്‍ത്തോമാ ഇടവക വികാരി റവ. ഡാനിയേല്‍ തോമസ്‌ അധ്യക്ഷത വഹിച്ച യോഗത്തില്‍ സതേണ്‍ ഇല്ലിനോയിസ്‌ യൂണിവേഴ്‌സിറ്റിയിലെ പ്രവീണിന്റെ സഹപാഠികളും, കാര്‍ബണ്‍ഡെയില്‍ നിവാസികളായ മറ്റനേകം പേരും പങ്കെടുത്തു. പ്രാര്‍ത്ഥനയോടും ആരാധനയോടും കൂടി ആരംഭിച്ച യോഗത്തില്‍ ഷിക്കാഗോ മാര്‍ത്തോമാ ഗായക സംഘം പ്രവീണ്‍ വര്‍ഗീസിന്റെ ഇഷ്‌ടഗാനങ്ങള്‍ ആലപിച്ചു. പ്രവീണിന്റെ ഇഷ്‌ടനിറമായ ചുവപ്പ്‌ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ ഏവരും എത്തിയത്‌ യോഗത്തിന്റെ അഴകിന്‌ മാറ്റുകൂട്ടി.

മീറ്റിംഗില്‍ മുഖ്യ പ്രഭാഷകനായിരുന്ന കാര്‍ബണ്‍ഡെയില്‍ മേയര്‍ ഡാന്‍ മോണ്ടി ദുരൂഹ സാഹചര്യത്തിലുള്ള പ്രവീണിന്റെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിന്‌ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സിഗ്നേച്ചര്‍ കമ്മിറ്റി ശേഖരിച്ച 40,000-ത്തില്‍പ്പരം ഒപ്പുകള്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. തമ്പി മാത്യുവും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന്‌ മേയര്‍ക്ക്‌ കൈമാറി. പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ആമുഖ പ്രസംഗം നടത്തി.

ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ ഷീലാ സൈമന്റെ ഓഫീസിലെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ്‌ ഡയറക്‌ടര്‍ പട്രീഷ്യാ ക്ലാര്‍ക്ക്‌ പ്രവീണിന്റെ മരണത്തിന്റെ കാരണങ്ങള്‍ തേടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി സംസാരിച്ചു. സമീപകാലത്ത്‌ കാര്‍ബണ്‍ഡേയിലില്‍നിന്നും കാണാതാകുന്ന വിദ്യാര്‍ത്ഥികളെപ്പറ്റിയുള്ള അന്വേഷണം ശരിയായ രീതിയില്‍ നടത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്ന്‌ പ്രമുഖ മാധ്യമ പ്രവര്‍ത്തക മീറ്റിംഗില്‍ അധികാരികളോട്‌ ആവശ്യപ്പെട്ടു. മോളി യംഗിന്റേയും പ്രവീണ്‍ വര്‍ഗീസിന്റേയും മരണത്തിന്റെ സത്യാവസ്ഥ അറിയുന്നതുവരെ ഇത്തരം പ്രതിക്ഷേധ യോഗങ്ങളുമായി മുന്നോട്ടു പോകുമെന്ന്‌ തന്റെ പ്രസംഗത്തില്‍ അവര്‍ എടുത്തുപറഞ്ഞു. പ്രവീണിന്റെ മാതാവ്‌ ലൗലി വര്‍ഗീസും, സഹോദരി പ്രിയാ വര്‍ഗീസും പ്രവീണിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുകയും പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്‌തു.

മെമ്മോറിയല്‍ സര്‍വീസ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ വിവിധ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. കാര്‍ബണ്‍ഡെയില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്‌ പ്രൊഫ. സുരേഷ്‌, റെസ്‌പിരേറ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ വിന്‍സെന്റ്‌ വിജയന്‍, ഫണ്ട്‌ റൈസിംഗ്‌ കമ്മിറ്റിക്കുവേണ്ടി രാജു വര്‍ഗീസ്‌ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. മെയ്‌ 16-ന്‌ വൈകിട്ട്‌ 6 മണിക്ക്‌ ചിക്കാഗോ മാര്‍ത്തോമാ ഇടവകയില്‍ നടക്കുന്ന ഫണ്ട്‌ റൈസിംഗ്‌ ഡിന്നറിലേക്ക്‌ രാജു വര്‍ഗീസ്‌ ഏവരേയും സ്വാഗതം ചെയ്യുകയും പ്രവീണ്‍ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സംഭാവന നല്‍കിയ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു.

മെമ്മോറിയല്‍ സര്‍വീസിന്റെ ഭാഗമായി നടന്ന ആരാധനയ്‌ക്ക്‌ ചിക്കാഗോ മാര്‍ത്തോമാ ഇടവക വികാരി റവ. ഡാനിയേല്‍ തോമസ്‌, റവ. തോമസ്‌ കുര്യന്‍, റവ ശേഖര്‍ സാമുവേല്‍, റവ. കെ.പി. സണ്ണി, റവ. ഡീക്കന്‍ ലിജു പോള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ മാധ്യമ പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കുകയും അമേരിക്കന്‍ വാര്‍ത്താ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്‌തു.

ഷെവലിയാര്‍ ചെറിയാന്‍ വേങ്കടത്ത്‌ ചെയര്‍മാനായും, സൂസന്‍ ഇടമല, അച്ചന്‍കുഞ്ഞ്‌ മാത്യു, തോമസ്‌ മലയില്‍, ബിജു വര്‍ഗീസ്‌, മാത്യു കാരോട്ട്‌, സണ്ണി വള്ളിക്കളം, പ്രവീണ്‍ തോമസ്‌ എന്നിവര്‍ അംഗങ്ങളായും പ്രവര്‍ത്തിച്ച മെമ്മോറിയല്‍ സര്‍വീസ്‌ കമ്മിറ്റി പ്രശംസനീയമായ രീതിയില്‍ നേതൃത്വം നല്‌കി. സൂസന്‍ ഇടമല, ആനി വര്‍ഗീസ്‌ എന്നിവര്‍ മീറ്റിംഗിന്റെ എം.സിമാരായി പ്രവര്‍ത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.