You are Here : Home / USA News

ഭക്തിയുടെ നിറവില്‍ ഓശാന തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, April 15, 2014 08:30 hrs UTC

ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധവര്‍ഷാചരണം ഭക്തിയുടെ നിറവില്‍ ഓശാന തിരുനാള്‍ ആഘോഷത്തോടെ തുടക്കം കുറിച്ചു.

ഏപ്രില്‍ 13-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ വിശ്വാസികളെ സാക്ഷിയാക്കി ആഘോഷപൂര്‍ണ്ണമായ വിശുദ്ധ ബലിയോടെ ഓശാനയുടെ ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. തോമസ്‌ കടുകപ്പള്ളി മുഖ്യകാര്‍മികത്വം വഹിച്ചു. കുരുത്തോല വെഞ്ചരിപ്പ്‌, കുരുത്തോല വിതരണം എന്നിവയ്‌ക്കുശേഷം ക്രിസ്‌തുവിന്റെ യെരുശലേം ദേവാലയത്തിലേക്കുള്ള ആഘോഷമായ യാത്രയെ അനുസ്‌മരിപ്പിക്കുന്ന കുരുത്തോലകളും കൈക്കളിലേന്തി `ഞങ്ങളെ രക്ഷിണക്കണേ...' എന്ന അര്‍ത്ഥം വരുന്ന `ഓശാനാ...ഓശാന...ദാവീദാത്മജനോശാന....' എന്ന പ്രാര്‍ത്ഥനാ ഗാനങ്ങളും ആലപിച്ചുകൊണ്ട്‌ തെരുവീഥിയിലൂടെ പ്രദക്ഷിണം നടത്തുകയും തുടര്‍ന്ന്‌ ദേവാലയത്തില്‍ തിരിച്ചെത്തി ഓശാനയുടെ തുടര്‍ ശുശ്രൂഷകളും നടത്തപ്പെട്ടു. ദിവ്യബലി മധ്യേ തിരുനാള്‍ സന്ദേശം നല്‍കി.

ഇടവകയിലെ ഗായകസംഘം ആലപിച്ച ഗാനങ്ങള്‍ ഓശാന തിരുനാളിന്റെ ശുശ്രൂഷകള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. വിശുദ്ധ വാരാചരണത്തിന്റെ പ്രധാന ദിനമായ ഏപ്രില്‍ 17-ന്‌ പെസഹാ വ്യാഴാഴ്‌ചത്തെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 7.30-ന്‌ ആരംഭിക്കും. ദിവ്യബലി, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവയ്‌ക്കുശേഷം പരമ്പരാഗത രീതിയിലുള്ള അപ്പംമുറിക്കല്‍ ശുശ്രൂഷയും നടത്തപ്പെടും.

ഏപ്രില്‍ 18-ന്‌ ദുഖവെള്ളിയാഴ്‌ചയിലെ തിരുകര്‍മ്മങ്ങള്‍ വൈകിട്ട്‌ 3 മണിക്ക്‌ ആരംഭിക്കും. ആഘോഷമായ കുരിശിന്റെ വഴി, പീഢാനുഭവ വായന, കുരിശുവന്ദനം, പീഢാനുഭവ ചരിത്ര അവതരണം എന്നീ തിരുകര്‍മ്മങ്ങള്‍ക്കുശേഷം കൈയ്‌പുനീര്‍ കുടിക്കല്‍ ചടങ്ങും നടക്കും. ഏപ്രില്‍ 19-ന്‌ ദുഖശനിയാഴ്‌ച 9 മണിക്ക്‌ പുത്തന്‍ ദീപം തെളിയിക്കലും, വെള്ളം വെഞ്ചരിക്കലും തുടര്‍ന്ന്‌ ആഘോഷപൂര്‍ണ്ണമായ ദിവ്യബലിയും ഉണ്ടായിരിക്കും. ഉയിര്‍പ്പ്‌ തിരുനാളിന്റെ ചടങ്ങുകള്‍ വൈകീട്ട്‌ 7 .30-ന്‌ ആരംഭിക്കും.

ജീസസ്‌ യൂത്തിന്റെ ഇന്റര്‍നാഷണല്‍ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ റവ.ഫാ. ബിറ്റാജു പുത്തന്‍പുരയ്‌ക്കല്‍ ആയിരിക്കും ഈവര്‍ഷത്തെ വിശുദ്ധാചരണത്തിലെ മുഖ്യകാര്‍മികന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ടോം പെരുമ്പായില്‍ (ട്രസ്റ്റി) 646 326 3708, തോമസ്‌ ചെറിയാന്‍ പടവില്‍ (ട്രസ്റ്റി) 908 906 1709. വെബ്‌സൈറ്റ്‌: www.stthomassyronj.org

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.