You are Here : Home / USA News

രാജീവ്‌ ജോസഫ്‌ 'ആം ആദ്‌മി പാര്‍ട്ടിയില്‍' ചേര്‍ന്നു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, January 19, 2014 09:57 hrs UTC

ന്യൂഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശത്തിനായി കഴിഞ്ഞ 11 ദിവസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയ ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട്‌ രാജീവ്‌ ജോസഫ്‌ ആം ആദ്‌മി പാര്‍ട്ടിയില്‍ ചേര്‍ന്നു. 2006ല്‍ ദുബായില്‍ നിന്നും ഡല്‍ഹിയിലെത്തിയ രാജീവ്‌, വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം എന്ന വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്‌. കോണ്‌ഗ്രസ്‌ കുടുംബ പശ്ചാത്തലം സ്വാഭാവികമായും അദ്ദേഹത്തെ കോണ്‌ഗ്രസ്‌ പ്രവര്‍ത്തകനാക്കി. പ്രവാസികളുടെ വോട്ടവകാശത്തിനുവേണ്ടി നാളിതുവരെ നിരവധി സമരങ്ങളും പരിപാടികളും അദ്ദേഹം സംഘടിപ്പിച്ചു. 10 വര്‍ഷത്തെ ഗള്‍ഫ്‌ പ്രവാസ ജീവിതത്തിനുശേഷം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ശക്തമായി തിരിച്ചെത്തിയ രാജീവിന്‌, 2008 പകുതിയോടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുവാന്‍ നിര്‍ബ്ബന്ധിതനായി. തികച്ചും കുടുംബപരമായ കാരണങ്ങളായിരുന്നു രാജീവിനെ രാഷ്ട്രീയ വനവാസത്തിലേക്ക്‌ നയിച്ചത്‌.

തിരിച്ചു ഗള്‍ഫിലേക്ക്‌ പോകുവാന്‍ രാജീവ്‌ തയ്യാറായെങ്കിലും സാമ്പത്തിക പരാധീനത മൂലം ശ്രമം വിജയിച്ചില്ല. രാഷ്ട്രീയ പ്രവര്‍ത്തനം എന്ന ലക്ഷ്യം നടക്കാതെ വന്നപ്പോള്‍ പബ്ലിക്‌ ലൈബ്രറികളുടെ പ്രവര്‍ത്തനങ്ങളുമായി പിന്നീട്‌ നടന്നു. ഇതിനിടയില്‍ കൊടുമ്പിരികൊണ്ട ഒറീസ്സാ പ്രശ്‌നങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടു. അങ്ങനെ മനുഷ്യാവകാശപ്രശ്‌നങ്ങളില്‍ സജീവമായി രംഗത്തുവന്നപ്പോള്‍, 2009 ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ വന്നു. തിരഞ്ഞെടുപ്പുകളുടെ അന്തര്‍നാടകങ്ങള്‍ ഒന്നു പഠിക്കാമല്ലോ എന്ന്‌ വിചാരിച്ച്‌ വയനാട്‌ ലോക്‌സഭയില്‍ രാജീവ്‌ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുവന്നു. തിരഞ്ഞെടുപ്പ്‌ മൂത്ത്‌ വന്നപ്പോള്‍ ആടജ സ്ഥാനാര്‍ഥിയായി മാറി. അങ്ങനെ തിരഞ്ഞെടുപ്പിന്‍റെ ഉള്ളറകള്‍ ഏതാണ്ടൊക്കെ മനസ്സിലാക്കി. തിരഞ്ഞെടുപ്പ്‌ കഴിഞ്ഞപാടേ ഡല്‍ഹിയില്‍ തിരിച്ചെത്തിയ രാജീവ്‌, മലയാളി അസോസിയേഷന്‍ പരിപാടികളുമായി നടന്നു.

ഇതിനിടയില്‍ അദ്ദേഹം വീണ്ടും കോണ്‌ഗ്രസ്‌ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഔദ്യോഗിക പാര്‍ട്ടി സ്ഥാനങ്ങളൊന്നും ഇല്ലാതെ, 4 വര്‍ഷത്തോളം കോണ്‌ഗ്രസ്‌ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും പാര്‍ട്ടിയുടെ അംഗീകാരം ലഭിച്ചില്ല. ഇതിനിടയില്‍ വിദേശ ഇന്ത്യാക്കാരുടെ വോട്ടവകാശം 'ഓണ്‍ലൈന്‍ വഴിയോ പോസ്റ്റല്‍ വഴിയോ' നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു നിരവധി പരിപാടികളും സമരങ്ങളും സംഘടിപ്പിക്കുകയും മന്ത്രി മന്ദിരങ്ങള്‍ കയറിയിറങ്ങുകയും ചെയ്‌തെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതിനിടയില്‍ ഡല്‍ഹി ഇലക്‌ഷന്‍ വന്നപ്പോള്‍, ഏറ്റവും അടുത്ത ഒരു കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്കുവേണ്ടി, 6 മാസത്തെ രാഷ്ട്രീയ ഇടവേളക്ക്‌ ശേഷം 3 ദിവസം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി. ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന്‌ അന്ന്‌ തന്നെ രാജീവ്‌ പ്രഖ്യാപിക്കുകയും ചെയ്‌തു.

2013 ലെ പ്രവാസി ഭാരതീയ ദിവസില്‍, കൊച്ചിയില്‍ വെച്ച്‌ രാജീവ്‌ നടത്തിയ പ്രഖ്യാപനമനുസരിച്ചു, 'പ്രവാസികളുടെ വോട്ടവകാശത്തിനായി' അനിശ്ചിതകാല നിരാഹാര സമരം ഡല്‍ഹിയില്‍ നടത്താന്‍ രാജീവ്‌ തീരുമാനിച്ചു. അങ്ങനെ കഴിഞ്ഞ ആറാം തീയതി സത്യാഗ്രഹം ആരംഭിച്ചു. ഏഴാം തീയതി മുതല്‍ ഒന്‍പതു വരെ നടക്കുന്ന പ്രവാസി ഭാരതീയ സമ്മേളനത്തില്‍ വെച്ചു 'പ്രവാസികള്‍ക്ക്‌ ഓണ്‍ലൈന്‍ അഥവാ പോസ്റ്റല്‍ വോട്ടവകാശം' പ്രഖ്യാപിക്കണമെന്നായിരുന്നു രാജീവിന്റെ ആവശ്യം. അദ്ദേഹത്തിന്റെ സമരത്തെയും ആവശ്യത്തേയും കോണ്‌ഗ്രസ്‌ സര്‍ക്കാര്‍ പുഛിച്ചു തള്ളി. ഡല്‍ഹിയിലെ കൊടും തണുപ്പില്‍ അവശനിലയില്‍ നിരാഹാരസമരം തുടര്‍ന്നപ്പോള്‍, പതിനൊന്നാം ദിവസം ഡല്‍ഹി പോലീസ്‌ രാജീവിനെ അറസ്റ്റ്‌ ചെയ്‌ത്‌ ആശുപത്രിയിലാക്കി. രാഷ്ട്രീയ പ്രവര്‍ത്തനം മതിയാക്കിയാണ്‌ നിരാഹാര സത്യാഗ്രഹത്തിന്‌ രാജീവ്‌ വന്നിരുന്നത്‌. എന്നാല്‍ കോണ്‍ഗ്രസ്‌ ഗവണ്മെന്റ്‌ രാജീവിനോട്‌ കാണിച്ചത്‌ മനുഷ്യത്വരഹിതമായ നടപടിയാണ്‌. വഴിയില്‍ കിടന്നു അദ്ദേഹം 'മരിക്കുന്നെങ്കില്‍ മരിക്കട്ടെ' എന്ന കോണ്‍ഗ്രസ്‌ നയം രാജീവിനെ വീണ്ടും കോണ്‍ഗ്രസിനെതിരെ തിരിച്ചിരിക്കുകയാണ്‌. ഇനി മരിക്കുന്നതുവരെ കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെ പൊരുതുമെന്നും ഇതു ശപഥമാണെന്നും രാജീവ്‌ പ്രഖ്യാപിച്ചു.

കൊടും തണുപ്പില്‍ വഴിയില്‍ പതിനൊന്നു ദിവസം പട്ടിണി കിടന്നപ്പോള്‍, 24 മണിക്കൂറും രാജീവിന്റെ ജീവന്‌ കാവലിരുന്നത്‌ ഡല്‍ഹിയിലെ 'ആം ആദ്‌മി പാര്‍ട്ടി' പ്രവര്‍ത്തകരും മലയാളി സുഹൃത്തുക്കളുമാണ്‌. ഇനിയുള്ള കാലം മുഴുവന്‍ 'ആം ആദ്‌മി പാര്‍ട്ടിയുടെ' സ്വപ്‌നങ്ങള്‍ സാക്ഷാത്‌ക്കരിക്കുവാന്‍ വേണ്ടി, തന്നാലാവുന്നത്ര ചെയ്യുമെന്നു രാജീവ്‌ പറഞ്ഞു. പാര്‍ട്ടിയുടെ ഒരു സ്ഥാനമാനങ്ങളും താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവര്‍ത്തനം നടത്തി ഉണ്ടാക്കി വെച്ച കടം തീര്‍ക്കുവാന്‍, ജോലി അന്വേഷിച്ച്‌ ഗള്‍ഫിലേക്ക്‌ വീണ്ടും യാത്രയാവുകയാണ്‌ രാജീവ്‌ ജോസഫ്‌. പക്ഷെ, പ്രവാസികളുടെ വോട്ടവകാശമെന്ന തന്റെ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്നും അതിനു വേണ്ടി വിജയം വരെ പോരാടുമെന്നും രാജീവ്‌ പ്രഖ്യാപിച്ചു.

സാജന്‍ ജോസ്‌
മീഡിയാ കോഓര്‍ഡിനേറ്റര്‍
ഗ്ലോബല്‍ ഇന്ത്യന്‍ അസോസിയേഷന്‍ (ജി.ഐ.എ)
ന്യൂഡല്‍ഹി
ഫോണ്‍ : 9818342949  

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.