You are Here : Home / USA News

അമേരിക്കയിലെ ആം ആദ്മി വെറും ആള്‍ക്കൂട്ടം; അധികകാലം നിലനില്‍ക്കില്ല: ജോസ് ചാരുംമൂട്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Thursday, January 16, 2014 06:45 hrs UTC



ആം ആദ്മി പാര്‍ട്ടിയുടെ അമേരിക്ക ഘടകത്തിന് രാജ്യത്ത് ഒന്നും ചെയ്യാന്‍
കഴിയില്ലെന്ന് ഐഎന്‍ഒസി അമേരിക്കയുടെ സ്ഥാപക ട്രഷററും പ്രമുഖ കോണ്ഗ്രസ്
നേതാവുമായ ജോസ് ചാരുംമൂട് പറഞ്ഞു.അമേരിക്കയിലെ ആം ആദ്മി പാര്‍ട്ടി
വെറുമൊരു ചെറിയ ആള്‍ക്കൂട്ടമാണെന്നും അധികകാലം നിലനില്‍പ്പില്ലെന്നും
അദ്ദേഹം അശ്വമേധത്തോടു പറഞ്ഞു.


തലയില്‍ വെള്ള തൊപ്പി വച്ചിരുന്നാല്‍ രാഷ്ട്രീയക്കാരനോ ആം ആദ്മി
പ്രവര്‍ത്തകനോ ആകില്ല.ആം ആദ്മി വരേണ്ടത് ഇന്ത്യയിലാണ്. അമേരിക്കയില്‍
ഇങ്ങിനെ ഒരു സംഘടന ഉണ്ടായിട്ടു എന്ത് ചെയ്യാനാണ്? അമേരിക്കയിലെ ആം ആദ്മി
പ്രവര്‍ത്തകരില്‍ മിക്കവരും അവസരവാദികളാണ്. ചോരത്തിളപ്പിലെ
ഒരെടുത്തുചാട്ടമാണിത്. ഇവിടത്തെ നേതാക്കന്മാര്‍ അധികവും
കഴമ്പില്ലാത്തവരാണ്. ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് അമേരിക്കയില്‍
വന്നാലും അവര്‍ക്കൊപ്പം ചേര്‍ന്ന് ഫോട്ടോ എടുത്തു തങ്ങളുടെ പിന്തുണ
അറിയിക്കുന്നവരാണ് ഇപ്പോഴത്തെ ആം ആദ്മി പാര്‍ട്ടിക്കാര്‍. വ്യക്തമായ
രാഷ്ട്രീയബോധമൊന്നും അവര്‍ക്കില്ല- ജോസ് ചാരുംമൂട് പറഞ്ഞു.

അമേരിക്കയില്‍ എന്തിനാണ് ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികളെന്നും അദ്ദേഹം
ചോദിച്ചു. ഇപ്പോള്‍ തന്നെ ഇവിടെ സംഘടനകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഈ
സംഘടനകളെയെല്ലാം നിരോധിക്കണം. ഇന്ത്യന്‍ രാഷ്ട്രീയം നന്നാക്കാന്‍ ഇവിടെ
അമേരിക്കയില്‍ ഇരുന്നുകൊണ്ട് സാധിക്കുമോ? തിരഞ്ഞെടുപ്പ് വരുമ്പോള്‍
ഇന്ത്യയിലേക്ക് വളണ്ടിയര്‍മാരെ അയച്ചു പ്രചാരണം നടത്താറുണ്ട്.
സാമ്പത്തികസഹായം ചോദിച്ചാല്‍ മിക്കവരും ഒഴിഞ്ഞുമാറും.ഇതാണ് അമേരിക്കയിലെ
അവസ്ഥ. ഇത്തരത്തില്‍ ആം ആദ്മിക്ക് ഇവിടെ എന്ത് ചെയ്യാന്‍ പറ്റും? ഒന്നോ
രണ്ടോ മീറ്റിംഗ് നടത്തി അവര്‍ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും
അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്ക് ഇന്ത്യയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു
എന്നുള്ളത് സത്യമാണ്. അതിനു കാരണം മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ
കോണ്ഗ്രസും ബിജെപിയും തന്നെയാണ്. അഴിമതിയും വിലക്കയറ്റവും കൊണ്ട്
ജനങ്ങള്‍ പൊറുതിമുട്ടി. സമരങ്ങള്‍ ജനങ്ങളില്‍ വലിയ മടുപ്പുളവാക്കി.
തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി. അതില്‍നിന്നാണ് അം
ആദ്മി പാര്‍ട്ടി ഉദയമെടുക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ആം ആദ്മി
പാര്‍ട്ടി കോണ്‍ഗ്രസിന് ഭീഷണി അല്ലെന്നും അദ്ദേഹം പറഞ്ഞു

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ആം ആദ്മി എന്ന്
ജനങ്ങള്‍ക്കിടയില്‍ ഒരു പൊതുവികാരം ഉണ്ട്. അതുകൊണ്ട് തന്നെ അഴിമതിയുടെ
കറപുരളാത്തവര്‍ ആയിരിക്കണം ഇതില്‍ നേതാക്കളായി വരേണ്ടത്. കേരളത്തില്‍
വിഎസ് അച്യുതാനന്ദനൊ വിഎം സുധീരാനൊ ഒക്കെയാകും ആം ആദ്മിയിലെ നേതാവാകാന്‍
കഴിവുള്ളവര്‍. അല്ലാതെ സ്ഥാനമോഹികള്‍ ആം ആദ്മിയിലെ നേതാക്കളായി
വിലസിയാല്‍ അധികകാലം ഈ പാര്‍ട്ടിയ്ക്കും നിലനില്പ്പുണ്ടാകില്ല- അദ്ദേഹം
പറഞ്ഞു.

ഇന്ത്യയില്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായ ഒരു വികാരം ഉയര്‍ന്നു
വരുന്നുണ്ട്. നരേന്ദ്ര മോഡിക്ക് വേണ്ടി ബിജെപിയുടെ ഒരു ഘടകം
അമേരിക്കയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. മോഡി ഇന്ത്യന്‍
പ്രധാനമന്ത്രിയായാല്‍ അമേരിക്കയ്ക്ക് വിസ പ്രശ്നത്തില്‍ നിലപാട്
മാറ്റേണ്ടി വരുമെന്നും ജോസ് ചാരുംമൂട് പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.