You are Here : Home / USA News

അറ്റ്‌ലാന്റയില്‍ പുതുമയേറിയ പുതുവത്സരാഘോഷം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 11, 2014 08:22 hrs UTC

അറ്റ്‌ലാന്റാ: ക്‌നാനായ കത്തോലിക്കാ സംഘടന (കെ.സി.എ.ജി)യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 31-ന്‌ പുതുവത്സരാഘോഷങ്ങള്‍ നടന്നു. വൈകിട്ട്‌ 7 മണിക്ക്‌ ബഹു. മാത്യു ഇളയടത്തുമഠത്തിലച്ചന്റെ കാര്‍മികത്വത്തില്‍ സമൂഹമൊന്നായി കൃതജ്ഞതാബലിയില്‍ പങ്കുചേര്‍ന്നു. റോഷന്‍ കുപ്ലിക്കാട്ട്‌, ഷോണ്‍ അറയ്‌ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗായക സംഘവും, അള്‍ത്താര ബാലകരും ദിവ്യസ്‌തുതികള്‍ മുഴക്കി. സംഘടനയുടെ എക്‌സിക്യൂട്ടീവ്‌സിനൊപ്പം റെജി കളത്തില്‍, ലിജോ പുലിക്കൂട്ടില്‍, രാജു അറയ്‌ക്കല്‍ എന്നിവര്‍ ചേര്‍ന്ന്‌ 2014-ന്റെ ദീപാലങ്കാരങ്ങളോടും, നവവത്സരത്തിന്റെ ആശയത്തിലും അലങ്കിരിച്ച ഹാളില്‍ ഏവരും ഡിന്നറിനായി ഒത്തുചേര്‍ന്നു. ലാഭേച്ഛയില്ലാതെ ടാജ്‌ റെസ്റ്റോറന്റ്‌ രുചികരമായ വിഭവങ്ങളൊരുക്കി. പ്രശസ്‌ത പിന്നണി ഗായകന്‍ ബേസിലിന്റെ ഗാനമേള സദസിനെ ഇളക്കിമറിച്ചു.

തുടര്‍ന്ന്‌ മുഖ്യാതിഥിയായ കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ഡോ. മാത്യു തിരുനെല്ലിപ്പറമ്പിലിന്റെ സാന്നിധ്യത്തില്‍ കണ്‍വെന്‍ഷന്‍ കിക്ക്‌ഓഫ്‌ നടന്നു. യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അത്തിമറ്റത്തില്‍ സ്വാഗത പ്രസംഗം നടത്തി. പ്രസിഡന്റ്‌ സന്തോഷ്‌ ഉപ്പൂട്ടില്‍ ഏവരുടേയും കൂട്ടായ സഹകരണത്തിന്‌ നന്ദി പറഞ്ഞു. സെക്രട്ടറി സാലി അറയ്‌ക്കലായിരുന്നു മാസ്റ്റര്‍ ഓഫ്‌ സെറിമണി. ശേഷം 2014-ന്റെ കമ്യൂണിറ്റി കലണ്ടര്‍ പ്രകാശനം ചെയ്‌തു. കലണ്ടര്‍ കമ്മിറ്റിയംഗങ്ങളായ സിബി മുളയാനിക്കുന്നേല്‍, ഡൊമിനിക്‌ ചാക്കോനാല്‍, തോമസ്‌ കല്ലിഡാന്തിയില്‍ എന്നിവര്‍ ഡോ. തിരുനെല്ലിപ്പറമ്പിലില്‍ നിന്നും ആദ്യ പ്രതികള്‍ ഏറ്റുവാങ്ങി. 2013-ലെ മത്സര വിജയികള്‍ക്കുള്ള ട്രോഫികള്‍ സജി പാറാനിക്കലിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്‌തു. സംഘടനയുടെ പോയ വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റേയും, വിജയികളുടെ അക്ഷീണ പരിശ്രമത്തിന്റേയും പ്രതീകങ്ങളായ ട്രോഫികളാല്‍ അലംകൃതമായ സ്റ്റേജ്‌ ഏവര്‍ക്കും അത്യഭിമാനം നല്‍കുന്ന കാഴ്‌ചയായി.

യുവ ചൈതന്യത്തില്‍ ഷോണ്‍, സെറീന അറയ്‌ക്കലിന്റെ നേതൃത്വത്തില്‍ അടുക്കിലും ചിട്ടയിലും ഡി.ജെ അരങ്ങേറിയത്‌ ആബാലവൃദ്ധം ജനങ്ങളും ആസ്വദിച്ചു. ആണ്ടവസാന സമയമടുത്തപ്പോള്‍ ഫിലിപ്പ്‌ വെള്ളാപ്പള്ളിക്കുഴിയില്‍ ഭക്തിനിര്‍ഭരമായി കൃതജ്ഞതാ പ്രാര്‍ത്ഥനകളുരുവിട്ടു. പിന്നീടേവരും 2013-ന്റെ ബലൂണ്‍, 2014-ന്‌ വഴിമാറുന്ന കെ.സി.എ.ജി ബോള്‍ ഡ്രോപ്പിനു സാക്ഷികളായി. ഒപ്പം തന്നെ പുതുവത്സര കൈനീട്ടവും താഴ്‌ന്നിറങ്ങിയതു വിസ്‌മയകരമായി. എക്‌സിക്യൂട്ടീവിന്റെ നേതൃത്വത്തില്‍ ഷാംപെയ്‌ന്‍ ടേസ്റ്റ്‌ ചെയ്‌ത്‌ നവവത്സരത്തെ വരവേറ്റു. ജിബിന്‍ ചിറയില്‍, ബിജെ നെല്ലിക്കാട്ടില്‍ എന്നിവര്‍ മാതൃകാപരമായി പ്രാര്‍ത്ഥനാസ്‌തുകളോടെ ആണ്ടുപിറവിക്കു വരവേല്‍പ്‌ നല്‍കി.



ഭംഗിയുള്ള ക്ഷണക്കത്തു മുതല്‍ ത്യാഗപൂര്‍ണ്ണമായി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി ശ്രദ്ധാപൂര്‍വ്വം പ്രയത്‌നിച്ചതിന്റെ വിജയം അറ്റ്‌ലാന്റായുടെ ചരിത്രത്തില്‍ വിസ്‌മരിക്കപ്പെടില്ലാത്ത ഈ പുതുവത്സരാഘോഷത്തില്‍ ദൃശ്യമായി. എക്‌സിക്യൂട്ടീവ്‌ സ്‌പോണ്‍സര്‍ ചെയ്‌ത 32 ഇഞ്ച്‌ ടെലിവിഷന്‍ ഭാഗ്യ നറുക്കെടുപ്പിന്‌ സൂസന്‍ ഇലക്കാട്ട്‌ വഴിയൊരുക്കി. സിബി മുളയാനിക്കുന്നേല്‍ കുടുംബം പുതുവത്സരത്തില്‍ ഭാഗ്യശാലികളായി. മുഖ്യാതിഥി ഡോ. തിരുനെല്ലിപ്പറമ്പില്‍ തന്റെ പ്രസംഗത്തില്‍ ഈ സമൂഹത്തിന്റെ ഐക്യത്തിനും ഭംഗിക്കും ഒരു ശക്തിയും ഭംഗം വരുത്താതെയിരിക്കട്ടെ എന്ന്‌ ആശംസിച്ചത്‌ അക്ഷരാര്‍ത്ഥത്തില്‍ ശരിയോടെ തന്നെ. ജേക്കബ്‌ അത്തിമറ്റത്തില്‍, ജോണി അമ്പലത്തുങ്കല്‍ എന്നിവര്‍ ശബ്‌ദക്രമീകരണങ്ങള്‍ നടത്തി. ഫോട്ടോ, റിപ്പോര്‍ട്ട്‌: മാത്യു അബ്രഹാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.