You are Here : Home / USA News

ക്രിസ്മസ് അന്വര്‍ത്ഥമാകുന്നതെപ്പോള്‍?

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 20, 2013 11:18 hrs UTC

പതിവുപോലെ ഈ വര്‍ഷവും ക്രിസ്മസ് ദിനം സമാഗതമാവുകയാണ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുളള ഒരുക്കങ്ങള്‍ ലോകമെമ്പാടും ആരംഭിച്ചു കഴിഞ്ഞു. പാപമരണത്തിന് വിധിക്കപ്പെട്ട മനുഷ്യ വര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നതിനും, നിത്യ ജീവന്‍ പ്രദാനം ചെയ്യുന്നതിനും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വിണ്‍ മഹിമ വെടിഞ്ഞ് ഊഴിയില്‍ മനുഷ്യ പുത്രനായി അവതരിപ്പിച്ച ദൈവ പുത്രന്റെ ജന്മദിനം നാലാം നൂറ്റാണ്ടുമുതലാണ് ലോക ജനത പ്രത്യേകിച്ച് ക്രൈസ്തവര്‍ ക്രിസ്മസ് ദിനമായി ആചരിക്കുവാന്‍ ആരംഭിച്ചത്. ബി.സി. അഞ്ചോ, നാലോ വര്‍ഷങ്ങളിലൊന്നിലാണ് ക്രിസ്തു ജനിച്ചതെന്ന് ചരിത്രകാരന്മാരും വേദപണ്ഡിതന്മാരും ഒരുപോലെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

 

 

ക്രിസ്തുവിന്റെ ജനനത്തിങ്കല്‍ പരിഭ്രാന്തി പൂണ്ട് ഹെരോദാവ് എല്ലാ ആണ്‍ കുഞ്ഞുങ്ങളേയും വധിക്കുന്നതിന് ഉത്തരവിറക്കിയത് ബി.സി. അഞ്ചാം ആണ്ടിലാണ്. ബി.സി. നാലില്‍ ഹെരോദാവ് മരണപ്പെട്ടു എന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഹെരോദാവിന്റെ മരണ ശേഷമാണ് ജോസഫും മറിയയും യേശുവും ഉള്‍പ്പെട്ട കുടുംബം ഈജിപ്റ്റില്‍ (മിസ്രയിം) നിന്നും സ്വന്തം നാട്ടിലേക്ക് (നസ്രത്ത്) മടങ്ങിയതെന്നും ചരിത്രം വ്യക്തമാക്കുന്നു. യേശുവിന്റെ ശരിയായ ജനന ദിവസത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുളളത്. റഷ്യന്‍, ഓര്‍ത്തഡോക്സ്, ഗ്രീസ് ഓര്‍ത്തഡോക്സ്, ബാഗ്ദാദ് പാത്രിയര്‍ക്കീസിന്റെ കീഴിലുളള വിഭാഗം, ഇന്ത്യയിലെ പൌരസ്ത്യ തല്‍ദായ സുറിയാനി സഭ ഉള്‍പ്പെടെ ഏകദേശം 11 കോടി യിലധികം വരുന്ന വിശ്വാസികള്‍ ജനുവരി ഏഴിനാണ് ക്രിസ്മസ് ദിനമായി ആചരിച്ചു വരുന്നതും എന്നാല്‍ പലരുടേയും സൌകര്യങ്ങള്‍ കണക്കിലെടുത്ത് ബഹുഭൂരിപക്ഷം ജനങ്ങളും ഡിസംബര്‍ 25 നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

 

 

ജന്മദിനം ആഘോഷിക്കപ്പെടുന്നത് ജീവിച്ചിരിക്കുന്ന വ്യക്തികളുടേത് മാത്രമാണോ? ജന്മദിനം കൊണ്ടാടുന്ന വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജന്മദിനാഘോഷങ്ങള്‍ക്കു എത്രമാത്രം പ്രസക്തിയുണ്ട്. ഈ രണ്ട് ചോദ്യങ്ങള്‍ക്കും ശരിയായ ഉത്തരം ലഭിക്കുന്നത് നാം ക്രിസ്മസ് ആഘോഷിക്കുന്നതിലൂടെയാണ്. ക്രിസ്തു ഇന്നും ജീവിക്കുന്നു, അവന്റെ സാന്നിധ്യം നാം അറിഞ്ഞോ അറിയാതെയോ അംഗീകരിക്കുകയാണ്. ക്രിസ്തുവിന്റെ ജനനവുമായി ബന്ധപ്പെട്ട് ജോസഫിന്റേയും മറിയയുടേയും യോഹന്നാന്‍ സ്നാപകന്റെ ജനനവുമായി ബന്ധപ്പെട്ട് സെഖര്യാവിന്റേയും എലിസബത്തിന്റേയും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന വ്യത്യസ്ത അനുഭവങ്ങളെ വിശകലനം ചെയ്യുന്നത് ഏറ്റവും അനുയോജ്യമായ അവസരമാണ് ക്രിസ്മസ്. വിവാഹത്തെക്കുറിച്ചും ഭാവിവരനെക്കുറിച്ചും സുന്ദര സ്വപ്നങ്ങള്‍ മസില്‍ താലോലിച്ചു കഴിഞ്ഞിരുന്ന മറിയക്ക് ഒരു ദിവസം അപ്രതീക്ഷിതമായാണ് ഗബ്രിയേല്‍ദൂതന്‍ പ്രത്യക്ഷനാകുന്നത്. 'കൃപ ലഭിച്ചവളേ നിനക്കു വന്ദനം' എന്ന ദൂതന്റെ അഭിസംബോധന അത്ഭുതാദരങ്ങളോടെയാണ് മറിയ ശ്രവിച്ചത്.

 

 

 

മറിയയുടെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്നത് എന്തെല്ലാമാണെന്ന് ഗബ്രിയേല്‍ വിവരിച്ചപ്പോള്‍ ആകുല ചിന്തയോ, നിരാശയോ, മറിയയെ അലട്ടിയതായി കാണുന്നില്ല. മറിച്ചു ഞാന്‍ കര്‍ത്താവിന്റെ ദാസി 'അങ്ങയുടെ ഹിതം പോലെ അനുഭവിക്കട്ടെ' എന്ന് പറഞ്ഞു. ദൈവ കല്പന പൂര്‍ണമായും അനുസരിക്കുവാന്‍ മറിയ സന്നദ്ധയാവുകയായിരുന്നു. അവിവാഹിതയായ സ്ത്രീ ഗര്‍ഭം ധരിക്കുക എന്നത് അക്കാലത്ത് ഹീനമായി കരുതപ്പെടുകയും സമൂഹത്തില്‍ നിന്നും ഭൃഷ്ട് കല്പിക്കപ്പെടുകയും ചെയ്യുമെന്നറിഞ്ഞിട്ടും ശക്തനായവന്‍ എനിക്ക് വലിയവ ചെയ്തിരിക്കുന്നു എന്നു പറയുന്നതില്‍ മറിയ അഭിമാനം കൊളളുകയും ചെയ്തു. ജോസഫിനുവേണ്ടി വിവാഹം നിശ്ചയിക്കപ്പെട്ടിരുന്ന കന്യകയായ മറിയ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ലോകാപവാദം ഭയന്ന് അവളെ ഉപേക്ഷിക്കുവാനാണ് തീരുമാനിച്ചത്. ജോസഫിന് ഇതൊരിക്കലും ഉള്‍ക്കൊളളുവാന്‍ സാധിച്ചിരുന്നില്ല. ദൈവ ദൂതന്‍ വീണ്ടും ജോസഫിന് പ്രത്യക്ഷനായി മറിയ ഗര്‍ഭിണിയായതിന്റെ രഹസ്യം വെളിപ്പെടുത്തി കൊടുക്കുകയും അവളെ ചേര്‍ത്ത് കൊളളുവാന്‍ ശങ്കിക്കേണ്ടതില്ല എന്ന് ബോധ്യപ്പെടുത്തുകയും ന്യായ പ്രമാണത്തിന്റെ ശിക്ഷയില്‍ നിന്നും മറിയയെ രക്ഷിക്കുന്നതിന് ഗര്‍ഭിണിയായ മറിയയെ വിവാഹം ചെയ്യുവാന്‍ ദൈവ ദൂതന്‍ ജോസഫിനെ പ്രേരിപ്പിക്കുകയും ചെയ്തു.

 

 

മറിയയുടെ ഗര്‍ഭത്തില്‍ പരിശുദ്ധാത്മാവിനാല്‍ ഉത്പാദിതമായ സന്തതി ഒരു വിധത്തിലും മാനുഷിക ബന്ധത്തില്‍ നിന്നും ഉളവായതോ, മലിമസമാക്കപ്പെട്ടതോ അല്ല എന്ന് ഉറപ്പുവരുത്തുന്നതിന് യേശു ക്രിസ്തുവിന്റെ ജനനം വരെ ഇരുവരും ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചിരുന്നില്ല എന്നും വ്യക്തമാണ്. തൊണ്ണൂറു വയസിലും ദേവാലയത്തില്‍ പൌരോഹിത്യ ശുശ്രൂഷ നിര്‍വഹിച്ചു വന്നിരുന്നു സെഖര്യാവിന്റെ ദുഃഖം ഇതുവരെ തനിക്ക് സന്താന ഭാഗ്യം ലഭിച്ചില്ല എന്നതായിരുന്നു. ഭാര്യയായ എലിസബത്താകട്ടെ മകനെ ലഭിക്കുന്നതിനുവേണ്ടി അതിയായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു. പൌരോഹിത്യ മര്യാദ പ്രകാരം ധൂപം കാട്ടുവാന്‍ മന്ദിരത്തിനകത്തു പ്രവേശിച്ച സെഖര്യാവിന് ഗബ്രിയേല്‍ ദൂതന്‍ പ്രത്യക്ഷനായി. ദൂതനെ കണ്ട ഉടനെ ഭയപരവശനാകുന്ന സെഖര്യാവിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

 

ഭാര്യ എലിസബത്ത് ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കുമെന്നും, അവന് യോഹന്നാന്‍ എന്ന് പേരിടണമെന്നും പറഞ്ഞപ്പോള്‍ ദൂതന്റെ വാക്കുകള്‍ വിശ്വസിക്കുവാന്‍ സെഖര്യാവിന് പ്രയാസം തോന്നി. വര്‍ഷങ്ങള്‍ ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്തിട്ടും ദൈവ വാഗ്ദാനത്തെ അവിശ്വസിച്ച സെഖര്യാവിന്റെ മകന്റെ ജനനം വരെ ഊമനായി കഴിയണമെന്നായിരുന്നു ദൂതന്‍ നല്‍കിയ ശിക്ഷ. എന്നാല്‍ എലിസബത്താകട്ടെ സെഖര്യാവില്‍ നിന്നും വിവരങ്ങള്‍ മനസിലാക്കിയപ്പോള്‍ സംശയിക്കാതെ വിശ്വാസത്തിന്റെ ഉറപ്പും ധൈര്യവും ഉളളവളായി ദൈവീക വാഗ്ദത്ത നിവൃത്തിക്കായി തന്നെ സമര്‍പ്പിക്കുകയും ക്ഷമയോടെ കാത്തിരിക്കുകയും ചെയ്തതായി കാണുന്നു. നല്ലവനായ ജോസഫിന്റേയും പുരോഹിത ശ്രേഷ്ഠനായ സെഖര്യാവിന്റേയും ജീവിതത്തില്‍ ദൈവിക വാഗ്ദാനങ്ങളെ കുറിച്ച് സംശയങ്ങളും അവിശ്വാസവും അങ്കുരിച്ചപ്പോള്‍ സാധാരണയില്‍ സാധാരണക്കാരായ മറിയയുടേയും എലിസബത്തിന്റേയും ജീവിതത്തില്‍ വിശ്വാസവും അനുസരണയും, സഹന ശക്തിയും വിനയവും പ്രകടമാക്കുന്നു. ക്രിസ്മസ് ആഘോഷിക്കുവാന്‍ ഒരുങ്ങുന്ന നാം ആരെയാണ് മാതൃകയായി സ്വീകരിക്കേണ്ടത്?

 

 

ഏതെല്ലാം സ്വഭാവ ശ്രേഷ്ഠതകളാണ് ഇവരില്‍ നിന്നും നാം സ്വായത്തമാക്കേണ്ടത്? ക്രിസ്മസ് ഒരു ദിവസത്തേയോ, ചില ദിവസങ്ങളുടേയോ ആഘോഷങ്ങള്‍ ആക്കി മാറുന്നതിലല്ല നാം ശ്രമിക്കേണ്ടത്. ക്രിസ്തുവിന്റെ ജനനത്തില്‍ നിന്നും ഉള്‍ക്കൊളളുന്ന സന്ദേശം ദൈനം ദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ മാത്രമാണ് ക്രിസ്മസ് വ്യക്തി ജീവിതങ്ങളില്‍ അന്വര്‍ത്ഥമായി തീരുന്നത്. യേശു ക്രിസ്തുവിന്റെ ജനനത്തെ പറ്റിയുളള പ്രവചനങ്ങള്‍ നിവൃത്തിയായെങ്കില്‍ യേശു ക്രിസ്തുവിന്റെ പുനരാഗമനവും നിശ്ചയമാണ്. മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷയ്ക്കായി ദൈവം തന്റെ കരുണയിലും മുന്‍ നിര്‍ണയത്തിലും ഒരുക്കിയ മാറ്റമില്ലാത്ത ഒരു സത്യമായി കന്യാക ജനനം വേദ പുസ്തകത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ (എബ്ര: 13.8) കര്‍ത്താവായ യേശു തന്റെ ശക്തിയുളള ദൂതന്മാരുമായി സ്വര്‍ഗ്ഗത്തില്‍ നിന്നും അഗ്നി ജ്വാലയില്‍ പ്രത്യക്ഷനായി ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സുവിശേഷം അനുസരിക്കാത്തവര്‍ക്ക് പ്രതികാരം നടത്തുന്ന സമയം ആസന്നമായിരിക്കുമെന്നും വിശ്വസിക്കുവാന്‍ ഈ ക്രിസ്മസ് ദിനങ്ങള്‍ ഇടയാകട്ടെ.

 

 

ക്രിസ്മസ് പുതുവത്സരാശംസകള്‍ നേരുന്നു......

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.