You are Here : Home / USA News

മലയാളി കമ്യുണിറ്റിയും ക്രിസ്റ്റിയന്‍ കമ്യുണിറ്റി സെന്ററും

Text Size  

Story Dated: Thursday, December 19, 2013 10:57 hrs UTC

ജീമോന്‍ ജോര്‍ജ്

 

ഫിലഡല്‍ഫിയ : എഴുപതുകളുടെ പ്രാരംഭ കാലഘട്ടത്തില്‍ കുടിയേറ്റത്തിന്റെ വേലിയേറ്റത്തില്‍ എത്തിപ്പെട്ട മലയാളി സമൂഹം ജീവിതാഭിവൃദ്ധിക്കായും മെച്ചപ്പെട്ട കുടുംബ പുരോഗതിക്കായും അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിപ്പെടുകയും കാലാന്തരങ്ങള്‍ക്കൊണ്ട് ബഹുഭൂരിപക്ഷവും ഉദ്ദേശിച്ച ജീവിത വഴിത്താരയില്‍ എത്തിപ്പെടുകയും ചെയ്തു എന്നുളളത് ആര്‍ക്കും നിഷേധിക്കാനാവാത്ത ഒരു ചരിത്ര സത്യമാണ്. അന്നു വന്നവരെ ഇന്നു കണ്ടാല്‍ കൊച്ചുമക്കള്‍ ഒക്കത്തിരിക്കുന്നവരും മലയാളി കൂട്ടങ്ങളില്‍ കൊച്ചുമക്കളുടെ വിശേഷങ്ങള്‍ അയവിറക്കി ആശ്വാസം കണ്ടെത്തുന്നതുമായ ഒരു തലമുറയെ ഇന്ന് നമ്മള്‍ക്ക് കാണുവാന്‍ സാധിക്കും. സമൂഹത്തില്‍ ഇനിയും മുമ്പോട്ടു പോകുന്തോറും ആദ്യകാല തലമുറകളുടെ മുഖ്യ ആവശ്യങ്ങളും എന്താണെന്ന് നമ്മള്‍ക്ക് ഓരോരുത്തര്‍ക്കുമറിയാം. നാട്ടില്‍ പോയി ശിഷ്ടകാലം കഴിയണമെന്നാഗ്രഹിച്ച ഒരു സമൂഹം നാട്ടില്‍ പലരീതിയിലുളള പാര്‍പ്പിട സൗകര്യങ്ങള്‍ കെട്ടിപ്പെടുക്കുകയും മനക്കോട്ടകള്‍ കെട്ടുകയും ചെയ്തു.

 

 

 

എന്നാല്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരിഞ്ഞു ചിന്തിച്ചപ്പോള്‍ മനസിലായി ഇതെല്ലാം വെറും ചീട്ടു കൊട്ടാരങ്ങളാണെന്ന് മാതാപിതാക്കളുടെ മരണശേഷം നാടുമായുളള ബന്ധത്തിന്റെ നൂല്‍പാലം അറ്റുപോകാന്‍ തുടങ്ങുകയും പിന്നീടുളള കാലം ആഗതമായി ചിന്തിച്ചപ്പോള്‍ മക്കളെയും കൊച്ചു മക്കളെയും കണ്ടു പരിപാലിച്ച് ശിഷ്ടജീവിതം തീര്‍ക്കുന്ന കാലത്തിലേക്ക് മാറുവാന്‍ മലയാളി സമൂഹം ചിന്തിച്ചു തുടങ്ങിയതായി നമുക്ക് കാണുവാന്‍ സാധിക്കും. ജീവിതത്തിന്റെ നല്ലൊരു ഭാഗം ഈ നാട്ടില്‍ ചിലവിടുകയും ഇവിടുത്തെ ജീവിത രീതികളുമായി ഒരു പാടടുത്ത് ഇടപെടുകയും ചെയ്തതിനു ശേഷം ജീവിത സായാഹ്‌നത്തില്‍ മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് മാറുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മാനസിക സംഘര്‍ഷം നമുക്ക് ചിന്തിക്കാവുന്നതാണ്. ഇങ്ങനെയുളള സാഹചര്യത്തിലാണ് കമ്യുണിറ്റി സെന്റര്‍ എന്ന ആശയം ഉരുത്തിരിഞ്ഞുവരാന്‍ സാഹചര്യമായത്. ഒരു കാലത്ത് ദേവാലങ്ങളുടെ സംഘടനാ മന്ദിരങ്ങളും ആവശ്യമാണെന്ന് തോന്നി.

 

 

എന്നാല്‍ ഇന്ന് പ്രായാധിക്യത്തില്‍ എത്തുമ്പോള്‍ സുഖകരമായ ആരോഗ്യ, മാനസിക സാഹചര്യങ്ങളാണ് നമ്മള്‍ക്കോരുരുത്തര്‍ക്കും ആവശ്യം. എന്തു ആശയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാലും അതിനെല്ലാം പിറകില്‍ നിന്നും തുരങ്കം വക്കാന്‍ വളരെയധികം വിദഗ്ദരായ ഒരു കൂട്ടരെയും വഹിച്ചു കൊണ്ടാണല്ലോ ഈ തലമുറയുടെ മുമ്പോട്ടുളള പോക്ക് അതിന്റെ പിറകില്‍ പല കാരണങ്ങളും നിരത്താന്‍ ഈ കൂട്ടര്‍ക്കു കാണുമെന്നുളളത് ഒരു ദുഃഖസത്യമാണ്. വ്യക്തി വൈരാഗ്യം, സാമൂഹികം തുടങ്ങിയ പലതും സംഭവ ബഹുലമായ ഈ ജീവിതയാത്രയില്‍ മറ്റൊരു നാഴിക കല്ലായിരിക്കും അമേരിക്കയിലാദ്യമായി. ഫിലഡല്‍ഫിയായിലുളള ഒരു കൂട്ടം ആളുകളുടെ മനസിലുദിച്ച ക്രിസ്ത്യന്‍ കമ്യുണിറ്റി സെന്റര്‍ എന്ന ആശയം യാതൊരു ലാഭേച്ച കൂടാതെ സത്ഉദ്ദേശങ്ങളെ മുറുകെ പിടിച്ചുകൊണ്ട് കമ്യുണിറ്റിയില്‍ നില്‍ക്കുന്ന എക്യുമെനിക്കല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് ഈ നല്ല ഉദ്ദേശം നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നത്. ജീവിത സായാഹ്‌നത്തില്‍ കഴിച്ചു കൂടുവാന്‍ ഒരു ഇടം തേടി അലയേണ്ടുന്ന ഗതി വരാതെ ഇപ്പോഴെ മുഴുവന്‍ ആളുകള്‍ക്കും ചേര്‍ന്ന് പ്രവര്‍ത്തിക്കാനുളള സാഹചര്യമൊരുക്കുക എന്നുളളതാണ് ഈ ഉദ്യമത്തിന്റെ പിറകില്‍.

 

 

സാമൂഹിക സംഘടനകള്‍ക്ക് ഒറ്റയ്ക്ക് വഹിക്കാനാവത്തതാണെന്നും എന്നാല്‍ എക്യുമെനിക്കല്‍ പോലൊരു പ്രസ്ഥാനത്തിനേ ഇങ്ങനെ ഒരു കാര്യം ചിന്തിക്കാന്‍ പോലും സാധിക്കത്തുളളു എന്നും ഉളള നഗ്ന സത്യം നമുക്കേവര്‍ക്കു മറിയാം. കമ്യുണിറ്റി സെന്ററില്‍ അഡള്‍ട്ട് കെയര്‍ യൂത്ത് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, എഡ്യുക്കേഷന്‍ സെന്റര്‍, ഫിസിക്കല്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍, ചൈല്‍ഡ് കെയര്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍ വിഭാവന ചെയ്തു വരുന്നത്. മുമ്പോട്ടുളള ജീവിത പ്രയാണത്തില്‍ തലമുറകളിലേക്ക് അഭിമാനത്തോടുകൂടി കൈമാറത്തക്ക രീതിയിലാണ് ഈ സെന്റര്‍ വിഭാവന ചെയ്തു വരുന്നത്. എന്നാല്‍ മുഖ്യമായും ഇതിനു വേണ്ടിയത് പ്രാര്‍ഥനയും സഹായ സഹകരണവുമാണ് അതിനായി നമ്മള്‍ക്കൊരുത്തര്‍ക്കും ഒന്നിച്ചു നിന്ന് ഒറ്റക്കെട്ടായി ഒരു കുടക്കീഴില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം. എക്കാലത്തും നമ്മള്‍ക്കോരുത്തര്‍ക്കും അഭിമാനമായി ഈ മണ്ണില്‍ ഈ പ്രസ്ഥാനം തഴച്ചു വളരട്ടെ അതിനൊരു കൈത്താങ്ങാകട്ടെ നാം !

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.