You are Here : Home / USA News

സീറോ മലബാര്‍ രൂപതയുടെ വിശ്വാസവര്‍ഷാചരണം: സമാപനം ഷിക്കാഗോയില്‍ നവംബര്‍ 24-ന്‌

Text Size  

Story Dated: Thursday, November 21, 2013 11:13 hrs UTC

ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ കഴിഞ്ഞ ഒരുവര്‍ഷം നീണ്ടുനിന്ന വിശ്വാസവര്‍ഷാചരണങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും വന്‍ ജനപങ്കാളിത്തത്തോടെ വര്‍ണ്ണാഭമായ സമാപനം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ച്‌ നവംബര്‍ 22 മുതല്‍ 24 വരെ നടക്കും. ആഗോള കത്തോലിക്കാ സഭ 2012 ഒക്‌ടോബര്‍ പതിനൊന്നാം തീയതി മുതല്‍ ഒരുവര്‍ഷം നീണ്ടുനിന്ന വിശ്വാസവര്‍ഷാചരണത്തിന്‌ തുടക്കംകുറിച്ചു. അമ്പത്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇതേ ദിനത്തിലാണ്‌ കത്തോലിക്കാ സഭയില്‍ ഒട്ടേറെ നവീകരണങ്ങള്‍ക്ക്‌ തുടക്കമിട്ട രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‌ തുടക്കമായത്‌ എന്ന പ്രത്യേകതയും, വാഴ്‌ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, വിശ്വാസവഴികളില്‍ വെളിച്ചം വിതറാനായി പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം എന്ന പ്രമാണരേഖയുടെ പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വാര്‍ഷികദിനംകൂടിയായിരുന്നു അന്ന്‌. വിശ്വാസവര്‍ഷത്തിന്‌ സമാപനം കുറിക്കുന്ന നവംബര്‍ 24 എന്ന ദിവസമാകട്ടെ, യേശുക്രിസ്‌തുവിന്റെ രാജത്വ തിരുനാളാണെന്ന പ്രത്യേകതയും ഉണ്ട്‌.

വാസ്‌തവത്തില്‍ 2011 ഒക്‌ടോബര്‍ 11-ന്‌ ആഗോള കത്തോലിക്കാ സഭയുടെ പരമാചാര്യന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ `വിശ്വാസത്തിന്റെ വാതില്‍' എന്ന അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചതുമുതല്‍ `വിശ്വാസവര്‍ഷാചരണത്തിന്‌' ഒരുക്കം തുടങ്ങിക്കഴിഞ്ഞിരുന്നു. അഭിവന്ദ്യ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നിര്‍ദേശ പ്രകാരം രൂപതാ തലത്തില്‍ വിശ്വാസവര്‍ഷ പരിപാടികള്‍ കോര്‍ഡിനേറ്റ്‌ ചെയ്‌തത്‌ ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ വികാരി ബഹു. ഫാ. തോമസ്‌ കടുകപ്പള്ളി അച്ചനും, കോപ്പേല്‍ സെന്റ്‌ അല്‍ഫോന്‍സാ ദേവാലയ വികാരി ബഹു.ഫാദര്‍. ജോണ്‍ ടി. തച്ചാറയുമാണ്‌. ഷിക്കാഗോ രൂപത വളര്‍ച്ചയുടെ പടവുകള്‍ ചവുട്ടി മുന്നേറുകയാണെന്നും വ്യത്യസ്‌തമായ പരിപാടികളിലൂടെ സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ദൈവാശ്രയ ബോധവും, ദൈവ സ്‌നേഹവും വളര്‍ത്തുവാന്‍ വിശ്വാസികളെ പ്രത്യേകിച്ച്‌ യുവതലമുറയെ വിശ്വാസത്തില്‍ അരക്കിട്ടുറപ്പിക്കുവാന്‍ സഭാ തനയര്‍ ബദ്ധശ്രദ്ധരാണെന്ന്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പറഞ്ഞു. മാര്‍ത്തോമാശ്ശീഹാ പകര്‍ന്നുതന്ന യേശുവിലുള്ള വിശ്വാസവളര്‍ച്ചയുടെ ഒരു നേര്‍ക്കാഴ്‌ചയായിരുന്നു രൂപതതോറും സംഘടിപ്പിച്ച വിശ്വാസവര്‍ഷാചരണ പരിപാടികള്‍.

 

പ്രധാനമായും മൂന്നു തലങ്ങളിലാണ്‌ വിശ്വാസ പരിപാടികള്‍ സംഘടിപ്പിച്ചതെന്ന്‌ ഫാ. തോമസ്‌ കടുകപ്പിള്ളി പറഞ്ഞു. വിശ്വാസത്തെക്കുറിച്ചുള്ള അറിവ്‌ കൊടുക്കുക, ബോധ്യം കൊടുക്കുക, വിശ്വാസത്തിന്‌ സാക്ഷ്യംവഹിക്കുക എന്നീ തലങ്ങളിലാണ്‌ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്‌. ഇടവകകള്‍ തോറും വാര്‍ഡ്‌ മീറ്റിംഗുകള്‍ സജീവമാക്കുകയും, വിശ്വാസ വളര്‍ച്ചയ്‌ക്കായി വിശുദ്ധ കുര്‍ബാനയെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കി വിശ്വാസത്തിന്റെ വാതില്‍, വിശുദ്ധ കുര്‍ബാന അവര്‍ണ്ണനീയമായ ദാനം, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ആധുനിക സഭയുടെ അവസാനിക്കാത്ത വസന്തം തുടങ്ങിയ പുസ്‌തകങ്ങളും, ലഘുലേഖകളും വിതരണം ചെയ്യുകയും പ്രത്യേക പഠനക്ലാസുകള്‍ ഒരുക്കുകയും ചെയ്‌തു. വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി പരിശുദ്ധ പിതാവ്‌ നിര്‍ദേശിച്ചിരുന്ന കര്‍മ്മപരിപാടികളില്‍ സവിശേഷ പ്രധാന്യമുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ 16 പ്രമാണ രേഖകളും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും നന്നായി ഗ്രഹിച്ച്‌ വിശ്വാസത്തില്‍ ആഴപ്പെടുക എന്നതിനായി വാര്‍ഡ്‌ തോറും പഠനക്ലാസുകള്‍ നടത്താന്‍ കഴിഞ്ഞു. വിശ്വാസവളര്‍ച്ചയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള റീജിയണല്‍ ഫെയ്‌ത്ത്‌ ഫയര്‍ റിട്രീറ്റ്‌ സുപ്രസിദ്ധ ബൈബിള്‍ പണ്‌ഡിതനും ദൈവശാസ്‌ത്രജ്ഞനുമായ റവ ഡോ. ജോസഫ്‌ പാംപ്ലാനിയില്‍ നയിച്ചു. വിവിധ ഇടവകകളിലും മിഷനുകളിലും നടത്തിയ വചനപ്രഘോഷണങ്ങള്‍ ശരിയായ വിശ്വാസത്തിലധിഷ്‌ഠിതമായ ആദ്ധ്യാത്മിക ജീവിതത്തിന്റെ വ്യത്യസ്‌ത പടവുകളെ കാനാന്‍ദേശം ലക്ഷ്യംവെച്ചുള്ള ഇസ്രായേല്‍ ജനത്തിന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങളെ വിശദീകരിച്ച്‌ അവതരിപ്പിച്ചു.

 

വിശ്വാസവര്‍ഷത്തിലെ വിശ്വാസാനുഭവത്തിന്റെ ഊഷ്‌മളതയും ഹൃദ്യതയും നല്‍കിക്കൊണ്ട്‌ രൂപതയുടെ വിവിധ ഇടവകകളില്‍ അനുഗ്രഹമഴയായി പെയ്‌തിറങ്ങിയ `സ്‌നേഹസങ്കീര്‍ത്തനം തങ്ങളുടെ ജീവിതത്തിലെ നൊമ്പരങ്ങളുടേയും സഹനങ്ങളുടേയും നിമിഷങ്ങളില്‍ വിശ്വാസദീപം അണഞ്ഞുപോകാതെ അതിനെ ഉജ്വലിപ്പിച്ച്‌ ഹൃദയത്തില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന ദൈവസ്‌നേഹത്തിന്റെ വ്യത്യസ്‌ത ഭാവങ്ങള്‍ക്ക്‌ ഗാനങ്ങളുടെ രൂപവും ഭാവവും നല്‍കി തീക്ഷണതയോടും തീവ്രതയോടുംകൂടി ആലപിച്ച തങ്ങളുടെ വിശ്വാസാനുഭവം പങ്കുവെച്ചപ്പോള്‍ അത്‌ ശ്രോതാക്കള്‍ക്ക്‌ വിശ്വാസാഗ്നിയുടെ ചൂടും നവോന്മേഷവും നല്‍കി. ക്രിസ്‌ത്യന്‍ ഗാനരംഗത്തെ അനുഗ്രഹീത കലാപ്രതിഭകളായ റവ.ഫാ. ആന്റണി ഉരുളിയാനിക്കല്‍, പീറ്റര്‍ ചേരാനല്ലൂര്‍, ബേബി ജോണ്‍ കലയന്താനി, വില്‍സണ്‍ പിറവം, മിന്‍മിനി തുടങ്ങിയവരാണ്‌ ദൈവ സ്‌തുതിപ്പിന്റെ സംഗീതസായാഹ്നങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തത്‌. ഇടവകകള്‍ തോറും സമ്പൂര്‍ണ്ണ വിശുദ്ധ ഗ്രന്ഥ പാരായണം നടത്തുകയും, വിശുദ്ധനാട്‌ സന്ദര്‍ശനം നടത്തുകയും ചെയ്‌തു. വിശ്വാസവര്‍ഷത്തോടനുബന്ധിച്ച്‌ അഭി. പിതാവ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ ഇടവകകള്‍ തോറും നടത്തിയ അജപാലന സന്ദര്‍ശനം ശ്രദ്ധേയമായി. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിശ്വാസപരിശീലനം കൂടുതല്‍ കാര്യക്ഷമവും, ഫലപ്രദവുമായ രീതിയില്‍ നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ഇടവകകള്‍ തോറും നടത്തപ്പെട്ടു. സുവിശേഷ സന്ദേശത്തെ കലാ-സാഹിത്യ മാധ്യമങ്ങളിലൂടെ അറിയുകയും, അനുഭവിക്കുകയും, അവതരിപ്പിക്കുകയും ചെയ്യുന്നതിന്‌ സഭ എക്കാലവും പ്രത്സാഹനം നല്‍കിയിട്ടുണ്ട്‌.

 

ദൈവ വചനത്തിന്റെ പ്രചോദനത്തില്‍ ലോകോത്തരമായ കലാസൃഷ്‌ടികള്‍ പിറവിയെടുത്തിട്ടുണ്ട്‌. വിശ്വാസവര്‍ഷവുമായി ബന്ധപ്പെടുത്തി ഇടവകകളില്‍ നടത്തിയ ബൈബിള്‍ ക്വിസ്‌, ബൈബിള്‍ ന്യൂസ്‌ അവതരണം, ബൈബിള്‍ ടാബ്ലോ തുടങ്ങിയവയില്‍ ധാരാളം കുഞ്ഞുങ്ങള്‍ പങ്കെടുത്തു. വിശ്വാസ വര്‍ഷത്തില്‍ അനന്തമായ ദൈവകൃപയിലൂടെ ലഭിച്ച രണ്ടു ദേവാലയങ്ങളാണ്‌ ഫീനിക്‌സിലെ ഹോളി ഫാമിലി ദേവാലയവും, ഏതാനും കുടുംബങ്ങള്‍ ചേര്‍ന്ന്‌ നിര്‍മ്മിച്ച ടെക്‌സസിലെ സീറോ മലബാര്‍ ദേവാലയവും. വിശ്വാസവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ എല്ലാ സഹായ സഹകരണങ്ങളും നല്‍കിയ എല്ലാ ഇടവക വൈദീകരോടും മറ്റ്‌ പ്രവര്‍ത്തകരോടും ബഹു. വികാരി ഫാ. തോമസ്‌ കടുകപ്പിള്ളി നന്ദി പറഞ്ഞു. ഷിക്കാഗോ കത്തീഡ്രല്‍ ദേവാലയത്തില്‍ നവംബര്‍ 22 മുതല്‍ 24 വരെ നടക്കുന്ന വിശ്വാസവര്‍ഷ സമാപന ചടങ്ങുകള്‍ 40 മണിക്കൂര്‍ ആരാധനയ്‌ക്കും, ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ശേഷം ആഘോഷമായ ദിവ്യബലിയോടെ സമാപിക്കും. ചുരുക്കത്തില്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌, നഷ്‌ടപ്പെട്ട വിശ്വാസത്തെ വീണ്ടെടുത്തുകൊണ്ട്‌, മങ്ങിയ വിശ്വാസത്തെ തെളിയിച്ചുകൊണ്ട്‌, വിശ്വാസാനുഭവം ആചരിച്ചുകൊണ്ടുള്ള ഒരു നീണ്ട സംവത്സരത്തിനൊടുവില്‍ ക്രിസ്‌തുവിനെ രാജാധിരാജനായി പ്രഖ്യാപിച്ചുകൊണ്ട്‌ വിശ്വാസവര്‍ഷത്തിന്റെ ആചരണങ്ങള്‍ സമാപിക്കും. ഒപ്പം ഒരു പുതിയ വിശ്വാസ ജീവിതത്തിന്‌ തുടക്കമാകും. ഇതുതന്നെയായിരുന്നു വിശ്വാസവര്‍ഷത്തിന്റെ ലക്ഷ്യവും. സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.