You are Here : Home / USA News

കുരുക്കില്‍ അകപ്പെടുന്ന ജീവിതം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, November 20, 2013 12:22 hrs UTC

മണലാരണ്യത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന ഒന്നാണ് ഒട്ടകപക്ഷി. ശത്രുക്കള്‍ ആരെങ്കിലും പിന്തുടരുന്നു എന്ന് ബോദ്ധ്യപ്പെട്ടാല്‍ അല്പം ദൂരം അതിവേഗം ഓടിയതിനുശേഷം മണലില്‍ തലപൂഴ്ത്തി ശത്രുതന്നെ കാണുന്നില്ല എന്ന് സ്വയം ആശ്വസിക്കുകയാണ് പതിവ്. അതിനു ശേഷം എന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിനുള്ള വിവേകമൊന്നും ജന്മാന്തരങ്ങള്‍ പിന്നിട്ടിട്ടും ഒട്ടകപക്ഷികള്‍ക്ക് കരഗതമായിട്ടില്ല. ഒരിക്കല്‍ ഒരു യുവാവ് ജീവിതത്തില്‍ തനിക്കഭിമുഖീകരിക്കേണ്ടി വന്ന പരാജയങ്ങളില്‍ നിരാശനായി മുറിയിലെ കസേരയില്‍ ഇരിക്കുകയായിരുന്നു. കസേരക്കു നേരെ മുമ്പിലായി മുറിയുടെ ഒരു കോണില്‍ മനോഹമായി നെയ്‌തെടുത്ത ഒരു ചിലന്തിവലയും അതില്‍ ശാന്തനായി ഇരിക്കുന്ന ഒരു എട്ടുകാലിയും ദൃഷ്ടിയില്‍പെട്ടു. ഇത്രയും പറഞ്ഞപ്പോള്‍ പെട്ടെന്ന് നമ്മുടെ ചിന്തയില്‍ കടന്നുവരുന്നത് നിരന്തരമായി യുദ്ധങ്ങളില്‍ പരാജയപ്പെട്ട ഒരു രാജാവ്, വല ഉറപ്പിക്കുവാന്‍ പല തവണ ചാടി പരാജയപ്പെട്ട ചിലന്തി അവസാന ചാട്ടത്തിന് വിജയം വരിച്ചതു കാണുകയും അതില്‍ നിന്നും ആവേശം ഉള്‍കൊണ്ട് വീണ്ടും ശത്രുക്കളോട് യുദ്ധം ചെയ്ത് വിജയശ്രീലാളിതനായി മടങ്ങിവരികയും ചെയ്ത ചെയ്ത ചെറുപ്പത്തില്‍ പഠിച്ച കഥയായിരിക്കും. എന്നാല്‍ ഈ ചിലന്തിയല്ല ഇവിടെ നമ്മുടെ കഥാ ബിന്ദു. വലയുടെ പണി പൂര്‍ത്തീകരിച്ചു ദൂരെ മാറിയിരുന്ന് കണ്ടാല്‍ ഉറക്കമാണെന്ന് തോന്നുമെങ്കിലും വല ഒന്നനങ്ങിയാല്‍ ശ്രദ്ധയോടെ തലപൊക്കി നോക്കുന്ന ചിലന്തിയാണിത്. പെട്ടെന്ന് ഒരു ചിത്രശലഭം പറന്നുവന്ന് ഈ വലയില്‍ കുടുങ്ങി.

 

 

 

 

 

 

 

 

പൂക്കള്‍ തോറും പറന്ന് നടന്ന് തേന്‍ അകത്താക്കി ലഹരി പിടിച്ച ചിത്രശലഭത്തിന് ഈ വഴി പറന്നു വരേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. വലയില്‍ കുടുങ്ങിയ ചത്രശലഭം വലപൊട്ടിക്കുന്നതിനുള്ള ശ്രമം നടത്തുംതോറും ശരീരമാസകലം വല ഒട്ടി പിടിച്ചു. അനങ്ങുവാന്‍ സാധ്യമല്ലാതെ കാലുകളും, ചിറകുകളും നിശ്ചലമായി. വലയുടെ കോണില്‍ വായില്‍ വെള്ളമൂറി കഴിഞ്ഞിരുന്ന ചിലന്തി പെട്ടെന്ന് അടുത്തെത്തി വയറ്റിനകത്തു സൂക്ഷിച്ചിരുന്ന കയറുകൊണ്ട് വരിഞ്ഞുമുറുക്കി വീണ്ടും പൂര്‍വ്വസ്ഥാനത്ത് പോയി ഇരുന്നു അടുത്ത ഇരയേയും കാത്ത്. പോകരുതാത്ത വഴിയിലൂടെ നാം സഞ്ചരിക്കുമ്പോള്‍ നമ്മുടെ മുമ്പില്‍ നമ്മെ കുരുക്കിലാക്കുന്ന നിരവധി വലകള്‍ വിരിക്കപ്പെട്ടിട്ടുണ്ടെന്നും, ഒരിക്കല്‍ അതില്‍ കുരുങ്ങിയാല്‍ നിസ്സാരമാണെന്ന് കരുതി, അതില്‍നിന്നും നാം രക്ഷപ്പെടുവാന്‍ ശ്രമിക്കും തോറും ആ വലയില്‍ വരിഞ്ഞു മുറുക്കപ്പെടുകയും, നിരാശരാകുമ്പോള്‍ അന്ധകാര ശക്തികള്‍ക്ക് ഇരയായി തീരുകയും ചെയ്യുമെന്ന വലിയൊരു സത്യമാണ് ഈ സംഭവത്തിന് ദൃക്‌സാക്ഷിയായ യുവാവിന് ഗ്രഹിക്കുവാന്‍ കഴിഞ്ഞത്.

 

 

 

 

 

 

 

 

 

നമ്മുക്ക് നമ്മെതന്നെയോ, ലോകത്തിലുള്ള യതൊരു ശക്തിക്കോ നമ്മെ രക്ഷിക്കുവാന്‍ കഴിയുകയില്ല. ആധുനിക വൈദ്യശാസ്ത്രത്തിനോ, സാങ്കേതികവിദ്യകള്‍ക്കോ ഇതുതന്നെയാകും പറയാനുണ്ടാകുക. ലോകത്തിന്റെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നല്‍കി എന്നവകാശപ്പെടുന്ന സുഭാസ് മൂക്കര്‍ജി ദുസ്സഹമായ ഹൃദ്രോഗം സഹിക്കാനാകാതെ ആത്മഹത്യ ചെയ്യുകയായിരുന്നു. മനുഷ്യനെ സൃഷ്ടിക്കുവാന്‍ സാധിച്ചു എന്നവകാശപ്പെട്ട ശാസ്ത്രജ്ഞന് സ്വയം രക്ഷിക്കുവാന്‍ കഴിയാത്ത ദുര്‍ഗതി നാം വായിച്ചറിഞ്ഞിട്ടുണ്ട്. പലരും സ്വയം സൃഷ്ടിക്കുന്ന മാസ്മരിക വലയത്തില്‍ ഉന്മത്തരായി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്. അധികാരം, ധനം, ആരോഗ്യം, സൗന്ദര്യം, വിദ്യാഭ്യാസം എന്നിവയെല്ലാം സ്വയം ആര്‍ജിച്ചതാണെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്. ഇവയെല്ലാം ഈശ്വരന്‍ നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങളാണെന്ന് ഗ്രഹിക്കുവാന്‍ ഇവര്‍ സന്നദ്ധരല്ല. സമൂഹ നന്മക്ക് ഇവയെ പ്രയോജനപ്പെടുത്തുന്നതിന് പകരം സ്വയ കേന്ദ്രീകൃത നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അനന്തഫലമോ, അരുതാത്ത സഞ്ചാര പാതയിലൂടെ സഞ്ചരിക്കുവാന്‍ ഇന്ന് നിര്‍ബ്ബന്ധിതരാകുകയും അവിടെ പതിയിരിക്കുന്ന കുരുക്കില്‍ മുറുകി നിത്യ നാശത്തില്‍ കലാശിക്കുകയും ചെയ്യുന്നു. മനസ്സിന്റെയും ശരീരത്തിന്റേയും ക്ലേശങ്ങള്‍ മറക്കുവാന്‍ ലഹരിപിടിപ്പിക്കുന്ന മദ്യവും അതിലും വീര്യമേറിയ മയക്കുമരുന്നുകളും കഴിക്കുന്നവര്‍ സ്വയം രക്ഷപ്പെടുവാന്‍ വിപുലശ്രമം നടത്തുന്നവരാണ്. അവ നമ്മെ തന്നെ വരിഞ്ഞുമുറുക്കുന്ന ബലമേറിയ പരാഗണങ്ങളായി പരിണമിക്കുകയും ഒടുവില്‍ നാം സ്വയം നശിക്കുകയും ചെയ്യുന്നു. കസേരയില്‍ ഇരിക്കുന്ന യുവാവ് അവിടെനിന്നും എഴുന്നേറ്റു. ജീവിതപരാജയങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്തി. ഇതുവരെ ഞാന്‍ സ്വയത്തിലധിഷ്ഠിതമായാണ് ജീവിച്ചത്.

 

 

 

 

 

 

 

 

 

 

 

 

നിരാശയില്‍ നിന്നും രക്ഷപ്പെടുന്നതിന് സ്വയമായി തിരഞ്ഞെടുത്തതെല്ലാം എന്നെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു അസ്തപ്രജ്ഞനാക്കിയിരിക്കുന്നു. ജീവിതത്തിലെ പരാജയങ്ങളേയും, പാളം തെറ്റലുകളേയും അതിജീവിക്കുവാന്‍ ആവശ്യമായ ശക്തിയും ചൈതന്യവും ലഭിക്കുവാന്‍ ഇനി ഒരു മാര്‍ഗ്ഗമേ ഉള്ളൂ. ഏതവസ്ഥയില്‍ ഇപ്പോള്‍ ഞാന്‍ ആയിരിക്കുന്നുവോ അതേ അവസ്ഥയില്‍ പൂര്‍ണ്ണമായും എന്നെ സൃഷ്ടിച്ച ഈശ്വരനില്‍ സമര്‍പ്പിക്കുക. മനസ്സിന്റെ ഉള്ളറയില്‍ അരിച്ചുകയറിയ പ്രകാശകിരണങ്ങള്‍ കുമിഞ്ഞുകൂടി കിടന്നിരുന്ന നിരാശയുടെ കാര്‍മേഘപടലങ്ങളെ സാവകാശം അകറ്റുന്നതായി അനുഭവപ്പെട്ടു. ജനലിനു സമീപം എത്തി പുറത്തേക്ക് നോക്കിയപ്പോള്‍ പ്രഭാതത്തിന്റെ നിശ്ശബ്ദതയെ കീറിമുറിച്ചു കിളികള്‍ കളകള ഗാനത്തോടെ കൂടുകളില്‍ നിന്നും ഇരയെതേടി പറന്നകലുന്നതും, കിഴക്കേ ചക്രവാളത്തില്‍ ഉദിച്ചുയരുന്ന തങ്കരശ്മികളുടെ തിളക്കത്തില്‍ പാറിനടന്നിരുന്ന ഒരു പറ്റം ചിത്രശലഭങ്ങളുമാണ് ദൃഷ്ടിയില്‍പെട്ടത്. കൈ കൂപ്പി മനസ്സില്‍ ധ്യാനിച്ചത് ഒന്നുമാത്രമായിരുന്നു. ഒരു ചിത്രശലഭവും ഇത്തരത്തിലുള്ള ഒരു കുരുക്കില്‍ ഇനിയും അകപ്പെടരുതേ എന്ന്!

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.