You are Here : Home / USA News

`നോവല്‍ സാഹിത്യം: അമേരിക്ക മുതല്‍ അമ്മ മലയാളം വരെ' -ലാനാ കണ്‍വന്‍ഷന്‍ സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, November 19, 2013 11:29 hrs UTC

ഷിക്കാഗോ: ഈ മാസാവസാനം ഷിക്കാഗോയില്‍ വെച്ചു നടക്കുന്ന ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വന്‍ഷനില്‍ നോവല്‍ സാഹിത്യത്തിന്റെ വിവിധ മേഖലകളെക്കുറിച്ചും, വളര്‍ച്ചയെക്കുറിച്ചുമുള്ള സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നു. നോവല്‍ സാഹിത്യത്തെക്കുറിച്ച്‌ പൊതുവെയും അമേരിക്കന്‍ നോവലിസ്റ്റുകളെക്കുറിച്ചും മലയാള നോവല്‍ സാഹിത്യത്തിലെ ആധുനിക പ്രവണതകളെക്കുറിച്ച്‌ മുഖ്യമായുമുള്ള ചര്‍ച്ചാ ക്ലാസാണ്‌ സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്‌. നോവലിസ്റ്റും കോളമിസ്റ്റുമായ ഏബ്രഹാം തെക്കേമുറി (ഡാളസ്‌) മോഡറേറ്റ്‌ ചെയ്യുന്ന സെമിനാറില്‍ പ്രശസ്‌ത നോവലിസ്റ്റും ഹാസ്യസാഹിത്യകാരനുമായ ജോണ്‍ ഇളമത (കാനഡ), പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സുരേന്ദ്രന്‍ നായര്‍ (ഡിട്രോയിറ്റ്‌) എന്നിവര്‍ മുഖ്യ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കഥാകൃത്ത്‌ ജോണ്‍ മാത്യു (ഹൂസ്റ്റണ്‍), സാമൂഹ്യ പ്രവര്‍ത്തകനായ ഡോ. രാധാകൃഷ്‌ണന്‍ (ഡിട്രോയിറ്റ്‌) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സെമിനാറില്‍, മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ്‌ പെരുമ്പടവം ശ്രീധരന്‍ മറുപടി പ്രസംഗം നടത്തുന്നതാണ്‌.

 

വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന നോവലിസ്റ്റും ഹാസ്യസാഹിത്യകാരനുമായ ജോണ്‍ ഇളമത നിരവധി ചരിത്ര നോവലുകളുടെ രചയിതാവാണ്‌. `മോശ', `ബുദ്ധന്‍', `സോക്രട്ടീസ്‌' എന്നിങ്ങനെ ചരിത്രനായകരുടെ ജീവിതം അടിസ്ഥാനമാക്കി അദ്ദേഹം രചിച്ചിട്ടുള്ള നോവലുകള്‍ വ്യത്യസ്‌തമായ ഭാഷാശൈലികൊണ്ടും പ്രമേയത്തിന്റെ ആധികാരികതകൊണ്ടും മികച്ച വായനാനുഭവം സൃഷ്‌ടിക്കുന്നു. ഗൗരവമായ സാഹിത്യ രചനകള്‍ കൂടാതെ ആനുകാലികങ്ങളില്‍ സരസസാഹിത്യകൃതികളും പ്രസിദ്ധീകരിച്ചുവരുന്നു. മികച്ച സംഘാടകന്‍ കൂടിയായ അദ്ദേഹം മിസ്സിസാഗായിലെ സര്‍ഗധാരാമിഷന്‍ എന്ന സാഹിത്യ സംഘടനയുടെ നേതൃത്വവും വഹിക്കുന്നു. കഴിഞ്ഞ രണ്ട്‌ ദശകങ്ങളായി കേരളത്തിലെ സാമൂഹ്യ രാഷ്‌ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന സുരേന്ദ്രന്‍ നായര്‍ 2006-ല്‍ അമേരിക്കയിലേക്ക്‌ കുടിയേറിയതിനുശേഷം ഡിട്രോയിറ്റിലെ മലയാളി സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. നാലുവര്‍ഷം മിഷിഗണ്‍ ലിറ്റററി അസോസിയേഷന്റെ (മിലന്‍) പ്രസിഡന്റായിരുന്നു. കഴിഞ്ഞവര്‍ഷം ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച ലാന റീജിയണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായിരുന്ന അദ്ദേഹം എഴുത്തച്ഛന്‍ നാഷണല്‍ അക്കാഡമിയുടേയും ഐരാണിമുട്ടത്തെ തുഞ്ചന്‍ സ്‌മാരകസതിയുടേയും അംഗമാണ്‌.

 

സമകാലിക വിഷയങ്ങളെ അധികരിച്ച്‌ അമേരിക്കന്‍ അച്ചടി-ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളില്‍ ശക്തമായ ലേഖനങ്ങള്‍ എഴുതുന്ന ഏബ്രഹാം തെക്കേമുറി അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റുകളില്‍ ശ്രദ്ധേയനാണ്‌. `ഗ്രീന്‍കാര്‍ഡ്‌', പറുദീസയിലെ യാത്രക്കാര്‍' എന്നിങ്ങനെ രണ്ട്‌ നോവലുകളും, `ശൂന്യമാക്കുന്ന മ്ലേഛത' ഉള്‍പ്പടെ മറ്റ്‌ നിരവധി കൃതികളും രചിച്ചിട്ടുണ്ട്‌. ലാന മുന്‍ പ്രസിഡന്റുകൂടിയായ അദ്ദേഹം ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റി, ഡാളസ്‌ പ്രസ്‌ ക്ലബ്‌ എന്നിങ്ങനെ അനവധി പ്രസ്ഥാനങ്ങളുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.