You are Here : Home / USA News

കാല്‍വിന്‍ കവലയ്ക്കല്‍ ഫോമാ യൂത്ത് പ്രതിനിധി ആയി മല്‍സരിക്കുന്നു

Text Size  

Story Dated: Wednesday, December 18, 2019 04:45 hrs UTC

 
 
 
ചിക്കാഗോ: വിവിധ മേഖലകളില്‍ ഊര്‍ജസ്വലമായ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാല്‍വിന്‍ കവലയ്ക്കല്‍ ഫോമായുടെ 2020-'22 വര്‍ഷത്തേയ്ക്കുള്ള യൂത്ത് റപ്രസെന്റേറ്റീവായി ജനവിധി തേടുന്നു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ബാനറിലാണ് കാല്‍വില്‍ ഗോദയിലിറങ്ങിയിട്ടുള്ളത്.
 
നിലവില്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്ന കാല്‍വിന്‍ കഴിഞ്ഞ രണ്ടുവര്‍ഷം മുഴുവന്‍ സംഘടന നടത്തിയ യൂത്ത് പ്രോഗ്രാമുകളുടെയെല്ലാം കടിഞ്ഞാണേന്തുകയുണ്ടായി. അതോടൊപ്പം ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയിലെ യുവജന പ്രവര്‍ത്തനങ്ങളിലും ചിക്കാഗോ എക്യൂമെനിക്കല്‍ പ്രസ്ഥാനം നടത്തുന്ന പരിപാടികളിലും കാല്‍വിന്‍ സജീവമാണ്.
 
അള്‍ത്താര ശുശ്രൂഷകന്‍, കത്തീഡ്രല്‍ ബാസ്‌കറ്റ്‌ബോള്‍ കാമ്പസിലെ കുട്ടികള്‍ക്കുള്ള അത്‌ലറ്റിക് കോച്ച്, അത്‌ലറ്റിക് ടൂര്‍ണമെന്റുകളുടെ സംഘാടകന്‍ തുടങ്ങിയ നിലകളിലും തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച കാല്‍വിന്‍ കവലയ്ക്കല്‍ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളാന്‍ പ്രതിജ്ഞാബദ്ധമായ മനസോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
 
ചെറു പ്രായത്തിലും കാല്‍വിന്‍ നേടിയ അനുഭവ സമ്പത്ത് ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത വര്‍ഷം തുടര്‍ പഠനത്തിന് മെഡിക്കല്‍ സ്‌കൂളില്‍ പ്രവേശിക്കുകയാണ് കാല്‍വിന്‍. തന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ യുവജന രംഗത്തും പൊതുവായ സാമൂഹിക സേവനങ്ങള്‍ക്കും കരുത്താവുമെന്ന് ആത്മവിശ്വാസത്തോടെ പറയുന്ന കാല്‍വിന്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ഏവരുടെയും പ്രോല്‍സാഹനവും പിന്തുണയും പ്രാര്‍ത്ഥനയും സവിനയം പ്രതീക്ഷിക്കുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.