You are Here : Home / USA News

തീർത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

Text Size  

Story Dated: Tuesday, February 05, 2019 12:48 hrs UTC

സുനില്‍ മഞ്ഞിനിക്കര

 

മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തിച്ചേരും. മഞ്ഞനിക്കര മാര്‍ ഇഗ്നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മാര്‍ ഇഗ്നാത്തിയോസ് ഏലിയാസ് മൂന്നാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ എണ്‍പത്തി ഏഴാമത് ഓര്‍മ്മ പെരുന്നാളിന് എത്തിച്ചേരുന്ന തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ മഞ്ഞിനിക്കര ഒരുങ്ങിക്കഴിഞ്ഞു. വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ പരിശുദ്ധ പിതാവിന്റെ കബറിടവും പരിസരവും തീര്‍ത്ഥാടകരെക്കൊണ്ട് നിറയും ഈ വര്‍ഷത്തെ പെരുന്നാള്‍ ഫെബ്രുവരി 3 മുതല്‍ 9 വരെയാണ്. ഫെബ്രുവരി 3 ന് വി. കുര്‍ബ്ബാനയ്ക്കുശേഷം മഞ്ഞിനിക്കര ദയറായിലും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി. മഞ്ഞിനിക്കര ദയറായില്‍ ക്നാനായ അതിഭദ്രാസന വലിയ മെത്രാപ്പോലീത്ത അഭി. മോര്‍ സേവേറിയോസ് കുര്യാക്കോസ് തിരുമനസ്സ് കൊണ്ട് പാത്രിയര്‍ക്ക പതാക ഉയര്‍ത്തി. വൈകിട്ട് 5.30 നു കബറിങ്കല്‍ നിന്നു ഭക്തിനിര്‍ഭരമായി കൊണ്ടുപോയ പാത്രിയര്‍ക്കാ പതാക 87 മത്‌ മഞ്ഞിനിക്കര പെരുന്നാളിനു തുടക്കം കുറിച്ചുകൊണ്ട് തുമ്പമണ്‍ ഭദ്രാസന അധിപന്‍ അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് മെത്രാപൊലീത്ത ഓമല്ലൂര്‍ കുരിശുംതൊട്ടിയില്‍ ഉയര്‍ത്തി.

 

മഞ്ഞിനിക്കര ദയറാധിപന്‍ അഭി. മോര്‍ അത്തനാസിയോസ് ഗീവര്‍ഗീസ് തിരുമേനിയും കൊല്ലം ഭദ്രാസന മെത്രാപ്പോലീത്താ അഭി. മോര്‍ തേവോദോസിയോസ് മാത്യൂസ് തിരുമേനിയും മാത്യൂസ് കോര്‍ എപ്പിസ്‌കോപ്പാ, ജേക്കബ് തോമസ് കോര്‍ എപ്പിസ്‌കോപ്പാ, ഫാ. ഇ.കെ. കുരിയാക്കോസ്, ഷെവലിയാര്‍ ജോസ് മങ്ങാട്ടേത്ത്, ബിനു വാഴമുട്ടം തുടങ്ങിയവരും പങ്കെടുത്തു. നാലാം തിയ്യതി മഞ്ഞിനിക്കര കണ്‍വന്‍ഷന്‍ കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോര്‍ തേവോദോസിയോസ് മാത്യൂസ് തീരുമേനി ഉദ്ഘാടനം ചെയ്തു. 4 മുതല്‍ 7 വരെ എല്ലാ ദിവസങ്ങളിലും സന്ധ്യാപ്രര്‍ഥനയ്ക്കു ശേഷം ഗാനശുശ്രൂഷയും, കണ്‍വന്‍ഷന്‍ പ്രസംഗവും ഉണ്ടായിരിക്കും. മഞ്ഞനിക്കര പെരുന്നാളില്‍ സംബന്ധിക്കുവാനായി പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി സ്വീഡന്‍ ആര്‍ച്ച് ബിഷപ്പ് മോര്‍ ദിയസ്ക്കോറോസ് ബെന്യാമിന്‍ തിരുമേനി എത്തിച്ചേരും. വി. മോറാന്റെ 87-ാമത്‌ ദുഖ്‌റോനോയോടനുബന്ധിച്ച്‌ 87 നിർധനരായവര്‍ക്ക്‌ സൗജന്യ വസ്ത്ര ധാന്യ വിതരണം ബഹു. ശ്രീമതി വീണ ജോര്‍ജ് എം‌എല്‍‌എ നിര്‍വഹിക്കും. പ്രധാന പെരുന്നാള്‍ 8 നു നടക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ മൂന്നു മണിക്ക് ഓമല്ലൂര്‍ കുരിശിന്‍തൊട്ടിയില്‍ നിന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും.

 

വൈകിട്ട് ആറിനു തീര്‍ത്ഥാടന യാത്രാ സമാപന സമ്മേളനം പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. പരിശുദ്ധ യാക്കോബായ സുറിയാനി എല്ലാ മെത്രാപ്പോലീത്തമാരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സെന്റ് ഏലിയാസ് സ്വര്‍ണ മെഡല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വിതരണം ചെയ്യും. തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിതരണം ചെയ്യും. തീര്‍ത്ഥാടക സംഘത്തിനുള്ള അവാര്‍ഡ് കുര്യാക്കോസ് മാര്‍ ദിയസ്‌കോറോസ് വിതരണം ചെയ്യും. സമ്മേളനത്തിനുശേഷം പരിശുദ്ധ ബാവായുടെ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും ഉണ്ടാകും. 9 നു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്തെപ്പാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. ദയറാ പള്ളിയില്‍ അഞ്ചു മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാനയും 8.30 ന് പരി. പാത്രിയാര്‍കീസ് ബാവായുടെ പ്രതിനിധി മോര്‍ ദീയസ്കോറോസ് ബെന്യാമിന്‍ അറ്റാഷ് തിരുമേനിയും കുര്‍ബ്ബാന അര്‍പ്പിക്കും. കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം 10:30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടാകും. മഞ്ഞിനിക്കര ദയറായും മോര്‍ ഇഗ്‌നാത്തിയോസ് സന്നദ്ധസേനയും മാര്‍ സ്‌തോഫാനോസ് പള്ളിയും കേരള സര്‍ക്കാരും വിപുലമായ ക്രമീകരണങ്ങളാണ് പെരുന്നളിനായി ഒരുക്കിയിരിക്കുന്നത്. മഞ്ഞിനിക്കര പെരുന്നാള്‍ 8 ,9 തീയതികളില്‍ മലങ്കര വിഷനില്‍ക്കൂടി തത്സമയം കാണാവുന്നതാണ്.

 

www.malankaravision.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.