You are Here : Home / USA News

എക്യൂമെനിക്കല്‍ കണ്‍വെന്‍ഷനും യൂത്ത്‌ റിട്രീറ്റും ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, October 30, 2013 11:22 hrs UTC

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോയുടെ ഈവര്‍ഷത്തെ കണ്‍വെന്‍ഷനും യൂത്ത്‌ റിട്രീറ്റും ഒക്‌ടോബര്‍ 20-ന്‌ ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റവ. ഷാജി തോമസ്‌ ആമുഖ പ്രസംഗം നടത്തി. ഇടവക വികാരി റവ ദാനിയേല്‍ തോമസ്‌ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. വൈസ്‌ പ്രസിഡന്റ്‌ റവ. ഫാ. മാത്യു ഇടുക്കുള യോഗനടപടികള്‍ നിയന്ത്രിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ തിരുവനന്തപുരം മെത്രാപ്പോലീത്ത റവ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ റവ.ഫാ. നൈനാന്‍ ജോര്‍ജ്‌ മെത്രാപ്പോലീത്തയെ സദസിന്‌ പരിചയപ്പെടുത്തുകയുണ്ടായി. ഷിക്കാഗോയിലെ വിവിധ സഭകളിലെ യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തനനിരതരായ റവ.ഫാ. ക്രിസ്റ്റഫര്‍ മാത്യു, റവ. ബിജു സൈമണ്‍ എന്നിവരായിരുന്നു യുവജന സമ്മേളനങ്ങള്‍ നയിച്ചത്‌. ക്രൂശിലൂടെ ക്രസ്‌തുവില്‍ ഒന്നാവുക എന്ന ചിന്താവിഷയമാണ്‌ അഭിവന്ദ്യ മെത്രാപ്പോലീത്ത പ്രസംഗവിഷയമാക്കിയത്‌.

 

വേദപുസ്‌തകത്തിലെ ധനവാനായ ഭോഷന്റെ കഥ ആസ്‌പദമാക്കി മെത്രാപ്പോലീത്ത നടത്തിയ പ്രഭാഷണം ദേവാലയം നിറഞ്ഞ്‌ ഇരുന്ന സദസിന്റെ നിശബ്‌ദ ശ്രദ്ധയാകര്‍ഷിച്ചു. പണത്തോടും മറ്റ്‌ ഭൗതീകതയോടുമുള്ള അത്യാഗ്രഹവും, ആസക്തിയുമാണ്‌ മനുഷ്യനെ ദൈവത്തില്‍ നിന്ന്‌ അകറ്റുന്നതെന്ന്‌ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഷിക്കാഗോയിലെ പതിനാറില്‍പ്പരം ദേവാലയങ്ങളുടെ ക്രൈസ്‌തവ കൂട്ടായ്‌മയില്‍ നിന്നും നിരവധി വൈദീകരും നൂറുകണക്കിന്‌ വിശ്വാസികളും പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കെടുത്തു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രക്ഷാധികാരിയായ എക്യൂമെനിക്കല്‍ കൗണ്‍സിലിനെ റവ. ഷാജി തോമസ്‌ (പ്രസിഡന്റ്‌), റവ.ഫാ. മാത്യു ഇടുക്കുള (വൈസ്‌ പ്രസിഡന്റ്‌), ജോസ്‌ വര്‍ഗീസ്‌ പൂന്തല (ജനറല്‍ സെക്രട്ടറി), രഞ്ചന്‍ ഏബ്രഹാം (ട്രഷറര്‍), പ്രേംജിത്ത്‌ വില്യംസ്‌ (ജോ. സെക്രട്ടറി) എന്നിവര്‍ നയിക്കുന്നു. റവ നൈനാന്‍ ജോര്‍ജ്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാനായും, ഏബ്രഹാം വര്‍ഗീസ്‌ (ഷിബു) കണ്‍വീനറായും പ്രവര്‍ത്തിച്ചു. ഏബ്രഹാം വര്‍ഗീസ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു. സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.