You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Text Size  

Story Dated: Monday, November 05, 2018 12:50 hrs UTC

അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അഭിമാനപുരസരം മലയാളി മാധ്യമപ്രവർത്തകർക്കു നൽകുന്ന മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. മലയാള മാധ്യമപ്രവർത്തകർക്കുള്ള ഏറ്റവും കൂടുതൽ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ നൽകുന്ന മാധ്യമശ്രീ, കൂടാതെ മാധ്യമരത്ന ഉൾപ്പെടെ 11 അവാർഡുകൾ കൂടെ ഇന്ത്യ പ്രസ് ക്ലബ് നൽകുന്നുണ്ട്.

2019 ജനുവരി 13 തീയതി കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടൽ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കുന്ന വേദിയിലാണ് പുരസ്‌കാരരാവ് സംഘടിപ്പിക്കുന്നത്. വടക്കേ അമേരിക്കയിലെയും , കേരളത്തിലെയും സാമൂഹിക-സാംസ്‌കാരിക- മാധ്യമ -രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

മാധ്യമശ്രീ പുരസ്‌കാരദാന സംഘാടകസമിതി ചെയർമാനായി മാത്യു വർഗീസും , മാധ്യമശ്രീ പുരസ്‌കാര നടപടിക്രമങ്ങളുടെ ചീഫ് കൺസൽട്ടൻറ് ആയി ജോർജ് ജോസഫും, കേരള കോർഡിനേറ്ററായി മനോജ് ജേക്കബും പ്രവർത്തിച്ചു വരുന്നു. . ഇന്ത്യ പ്രസ് ക്ലബ്ബിന്റെ അഭിമാനപദ്ധതിക്ക് മുൻ പ്രസിഡണ്ടുമാരുടെ സജീവപങ്കാളിത്തം ഏറെ ഗുണകരമാവുമെന്ന് എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.

ഏഷ്യാനെറ്റ് യു.എസ് എ യുടെ ഓപ്പറേഷൻ മാനേജർ ആണ് മാത്യു വർഗീസ് . മാത്യു വർഗീസ് പ്രസിഡണ്ട് ആയിരിക്കുമ്പോഴാണ് 2013 ൽ കൊച്ചിയിൽ ഇതേ വേദിയിൽ അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിച്ചത്.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ സ്ഥാപക പ്രസിഡന്റായ ജോർജ് ജോസഫ് മൂന്ന് പതിറ്റാണ്ടിലേറെയായി മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. മലയാള മനോരമയിൽ സേവനമാരംഭിച്ച് അമേരിക്കയിലെ പ്രമുഖ ഇന്ത്യൻ പത്രമായ ‘ഇന്ത്യ എബ്രോഡിന്റെ ‘ ഡെപ്യൂട്ടി മാനേജിങ് എഡിറ്റർ തസ്തിക വരെയെത്തി. നിലവിൽ ഇ-മലയാളി ഓൺലൈൻ , ഇന്ത്യ ലൈഫ് ടൈം മാഗസിൻ എന്നിവയുടെ ചീഫ് എഡിറ്റർ തസ്തികയും വഹിച്ചു വരുന്നു.

മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിനായി കൊച്ചിയിലെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത് കേരള കോർഡിനേറ്റർ മനോജ് ജേക്കബ് ആണ്. 2013 ലും മാധ്യമശ്രീ പുരസ്കാരദാന ചടങ്ങ് വൻവിജയമാക്കാൻ അണിയറയിൽ മുഖ്യമായും പ്രവർത്തിച്ചവരിൽ ഒരാളാണ് മനോജ്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.