You are Here : Home / USA News

യുവ സാഹിത്യകാരന്‍ തോമസ്‌ നീലാര്‍മഠത്തിന്‌ ഷിക്കാഗോയില്‍ സ്‌നേഹാദരങ്ങള്‍

Text Size  

Story Dated: Friday, October 25, 2013 10:41 hrs UTC

ബെന്നി പരിമണം ഷിക്കാഗോ: ലോക മലയാളികളുടെ ഹൃദയങ്ങളില്‍ സന്റെ സാഹിത്യസൃഷ്‌ടികളിലൂടെ സ്ഥാനം നേടിയ മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ തോമസ്‌ നീലാര്‍മഠത്തിന്‌ ഷിക്കാഗോയില്‍ സുഹൃത്തുക്കളും സഹപാഠികളും, ആരാധകരും ഒരുപോലെ സ്‌നേഹാദരവുകള്‍ സമ്മാനിച്ചു. മലയാളത്തിലെ ഒരുപിടി നല്ല പുസ്‌തകങ്ങളുടെ ഗ്രന്ഥകര്‍ത്താവായ തോമസ്‌ നീലാര്‍മഠം ഇന്ന്‌ കേരളത്തില്‍ സാഹിത്യമേഘലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനും ആരാധ്യനുമാണ്‌. ജീവതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ തൂലികയിലൂടെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി സാമൂഹ്യരംഗത്ത്‌ ചടുലമായ മാറ്റങ്ങള്‍ കൊണ്ടുവരാനും തന്റെ രചനകളിലൂടെ അദ്ദേഹം ശ്രമിക്കുന്നു. മികച്ച അദ്ധ്യാപകനും വാഗ്‌മിയുമായ തോമസ്‌ നീലാര്‍മഠത്തിന്‌ കേരള സാഹിത്യഅക്കാഡമി അവാര്‍ഡ്‌ `പാറപ്പുറത്തിന്റെ നോവലുകള്‍' എന്ന പുസ്‌തകത്തിന്റെ പഠനത്തിന്‌ ലഭിച്ചിട്ടുണ്ട്‌. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളില്‍ കഴിഞ്ഞ കുറെ ദശാബ്‌ദക്കാലമായി സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളെക്കുറിച്ച്‌ എഴുതുന്ന 'മുഖപരിചയം' എന്ന പുസ്‌തകത്തിന്റെ രചനയുടെ തയാറെടുപ്പിനായാണ്‌ അദ്ദേഹം അമേരിക്കയിലുടനീളം സഞ്ചരിക്കുന്നത്‌.

 

 

ലോകം മുഴുവനും അതിവിപുലമായ സുഹൃദ്‌വലയമുള്ള തോമസ്‌ നീലാര്‍മഠത്തിന്‌ ഷിക്കാഗോയിലെ സഹപാഠികളും സുഹൃത്തുക്കളും, സംഘടനകളും, ആരാധകരും നല്‍കിയ സ്വീകരണം അവിസ്‌മരണീയമായി. മാവേലിക്കര ബിഷപ്‌ മൂര്‍ കോളജ്‌ അലുംമ്‌നി ഭാരവാഹികളായ ഐപ്പ്‌ സി വര്‍ഗീസ്‌ പരിമണം, ബെന്നി പരിമണം, ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോ സെക്രട്ടറി ജോസ്‌ വര്‍ഗീസ്‌ എന്നിവര്‍ ആശംസകളും അനുമോദനങ്ങളും അര്‍പ്പിച്ച്‌ സംസാരിച്ചു. മറുപടി പ്രസംഗത്തില്‍ തനിക്ക്‌ നല്‍കിയ ഊഷ്‌മള സ്വീകരണത്തിന്‌ അദ്ദേഹം നന്ദി പറഞ്ഞു. യോഗത്തില്‍ തോമസ്‌ നീലാര്‍മഠം ആര്‍ദ്രമായി ആലപിച്ച കവിത ഏവരുടേയും ഹൃദയങ്ങളില്‍ നൊമ്പരങ്ങള്‍ ഉളവാക്കുകയും ചെയ്‌തു. ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ വെച്ച്‌ നടന്ന എക്യൂമെനിക്കല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ തോമസ്‌ നീലാര്‍മഠം രചിച്ച്‌ പുതുതായി പുറത്തിറക്കിയ `നേര്‍ക്കാഴ്‌ചകള്‍' എന്ന പുസ്‌തകത്തിന്റെ ഷിക്കാഗോയിലെ പ്രകാശനം എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ്‌ കേരളാ ചര്‍ച്ചസ്‌ ഇന്‍ ഷിക്കാഗോ വൈസ്‌ പ്രസിഡന്റ്‌ റവ.ഡോ മാത്യു ഇടിക്കുള, ഓര്‍ത്തഡോക്‌സ്‌ സഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭി. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്തയ്‌ക്ക്‌ നല്‍കി പ്രകാശനം നിര്‍വഹിച്ചു. സുഹൃത്തുക്കളും ആരാധകനും ഒരുക്കിയ സ്‌നേഹക്കൂട്ടായ്‌മയ്‌ക്കും സ്വീകരണത്തിനും തോമസ്‌ നീലാര്‍മഠം നന്ദി രേഖപ്പെടുത്തുകയും തുടര്‍ന്നും തന്റെ രചനകളിലൂടെ അനേകായിരം ഹൃദയങ്ങളില്‍ ഇടംനേടാന്‍ സാധിക്കുമെന്ന്‌ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.