You are Here : Home / USA News

ഇന്ത്യന്‍ വംശജ അമേരിക്കന്‍ സുന്ദരിപ്പട്ട ശോഭയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, September 19, 2013 10:32 hrs UTC

അറ്റ്‌ലാന്റിക്‌ സിറ്റി (ന്യൂജേഴ്‌സി): ന്യൂജേഴ്‌സിയുടെ എന്റര്‍ടൈന്‍മെന്റ്‌ കേന്ദ്രമായ അറ്റ്‌ലാന്റിക്‌ സിറ്റിയില്‍ നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പേജന്റില്‍ ഇന്ത്യന്‍ വംശജ നീനാ ദാവലൂരി സുന്ദരിപ്പട്ടമണിഞ്ഞു. മുഖ്യധാരാ അമേരിക്കയുടെ അമ്പത്‌ സംസ്ഥാനങ്ങളില്‍ നിന്നും, തലസ്ഥാനമായ വാഷിംഗ്‌ടണ്‍ ഡി.സി, പോര്‍ട്ടോറിക്കോ, യു.എസ്‌ വിര്‍ജിന്‍ ഐലന്റ്‌ എന്നിവിടങ്ങളില്‍ നിന്നുമായി വന്ന മറ്റ്‌ 52 സുന്ദരിമാരെ പിന്തള്ളിയാണ്‌ 24-കാരിയും വിജയവാഡയില്‍ കുടുംബ വേരുകളുമുള്ള നീന വിജയകരീടമണിഞ്ഞത്‌. അമേരിക്കയുടെ രാഷ്‌ട്രീയരംഗത്തും, വിവരസാങ്കേതിക രംഗത്തും, വിദ്യാഭ്യാസ/ആരോഗ്യ മേഖലകളിലും ഒക്കെ ഇന്ത്യന്‍ സ്‌പര്‍ശത്തിന്റെ വൈദഗ്‌ധ്യം തെളിഞ്ഞു നില്‍ക്കുമ്പോഴാണ്‌, ഇതേവരെ കൈവെയ്‌ക്കാത്ത പുതിയൊരു വേദിയിലും ഇന്ത്യയുടെ യശസ്‌ വാനോളം ഉയര്‍ന്നതും. ഇന്ത്യന്‍ വംശജ എന്ന നിലയില്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളിലും, മുഖ്യധാരാ മാധ്യമങ്ങളുടെ ബ്ലോഗിലും വംശീയതയെ നോവിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ സജീവമായി തന്നെ നിലകൊള്ളുമ്പോഴും കഴിഞ്ഞവര്‍ഷത്തെ മിസ്‌ അമേരിക്ക മാലറി ഹേഗന്‍ നീനയെ സുന്ദരിപ്പട്ടമണിയിച്ചുകഴിഞ്ഞപ്പോള്‍ പറഞ്ഞ വാക്കുകള്‍ എല്ലാറ്റിനേയും നിഷ്‌പഭമാക്കി പ്രതിധ്വനിച്ചുതെന്നെ നില്‍ക്കുകയാണ്‌.

`ആദ്യ ഇന്ത്യന്‍ മിസ്‌ അമേരിക്ക എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഏഷ്യന്‍ അമേരിക്കന്‍സ്‌ എന്ന നിലയില്‍ ഇന്നിവിടെ പുതിയൊരു ചരിത്ര സംഭവമാണ്‌ നടന്നത്‌.' പിന്നീട്‌ നടന്ന അഭിമുഖങ്ങളിലെല്ലാം ബ്ലോഗുകളിലെ പരാമര്‍ശങ്ങളെ തൃണവല്‍ഗണിക്കുന്നുവെന്നും എല്ലാ കുറ്റപ്പെടുത്തലുകളേയും അതീവിക്കാനാവുമെന്നും നീന വ്യക്തമാക്കുകയുണ്ടായി. മത്സരത്തിന്റെ നാലാം പാദമായ ടാലന്റ്‌ ഷോയില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ലങ്ക ചോളിയും അണിഞ്ഞ്‌, ചുവന്ന ദുപ്പട്ടയുമായി വന്ന്‌ `ഓം ശാന്തി ഓമിലെ' ധൂം ധന എന്ന ഗാനം ഫ്യൂഷന്‍ സ്റ്റൈലില്‍ ഭരതനാട്യ ചുവടുകളും ചേര്‍ന്ന്‌ ആടിയപ്പോള്‍ പേജന്റിന്‌ സാക്ഷ്യം വഹിക്കാന്‍ ബോര്‍ഡ്‌ വോക്ക്‌ ഹാളിലെത്തിയ ജനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിക്കുകയായിരുന്നു. ബോളിവുഡ്‌ സ്വാധീനം മുഖ്യധാരാ അമേരിക്കയുടെ ഹൃദയം കവരുന്നു എന്ന ധ്വനിയാണ്‌ ഇവിടെ മുഴങ്ങിയത്‌. നീനയുടെ ഡാന്‍സ്‌ ഗുരു നകുല്‍ ദേവ്‌ മഹാജന്‍ ആണ്‌ ഈ ഫ്യൂഷന്‍ഷോ ചിട്ടപ്പെടുത്തിയത്‌. മിസ്‌ അമേരിക്ക പേജന്റിന്റെ 94 വര്‍ത്തെ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജ വിജയിയായ നീനയ്‌ക്ക്‌ വിജയ കിരീടം കൂടാതെ 50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും മറ്റ്‌ സമ്മാനങ്ങളും ലഭിച്ചു. 2012-ലേയും 2013-ലേയും മിസ്‌ ന്യൂയോര്‍ക്ക്‌ കൂടിയാണ്‌ സിറക്യൂസില്‍ താമസിക്കുന്ന നീന.

 

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളായ ഗൈനക്കോളജിസ്റ്റ്‌ ഡോ. ദാവലൂരി കൊട്ടേശ്വര ചൗധരിയുടേയും, ഷീല രഞ്‌ജിനിയുടേയും മകളാണ്‌ നീന. ജനിച്ചത്‌ സിറക്യൂസില്‍ 1989 ഏപ്രില്‍ 20-ന്‌. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടയില്‍ നിരവധി സ്‌കോളാസ്റ്റിക്‌ ബഹുമതികള്‍ നേടിയിട്ടുണ്ട്‌. 2006-ല്‍ മിസ്‌ ടീന്‍ അമേരിക്ക മത്സരത്തില്‍ റണ്ണര്‍ അപ്പ്‌ ആയിരുന്നു. ഒരു ഡോക്‌ടര്‍ ആവണമെന്നാണ്‌ നീനയുടെ ആഗ്രഹം. സങ്കീര്‍ണ്ണമായ പല കടമ്പകളും കടന്നാണ്‌ നീന ഈ നിലയിലെത്തിയതെന്ന്‌ പിതാവ്‌ ഡോ. ദാവലൂരി അനുസ്‌മരിച്ചു. പ്രാരംഭ മത്സരങ്ങളില്‍ ലൈഫ്‌ സ്റ്റൈലും, സ്വിം സ്യൂട്ട്‌ ഫിറ്റ്‌നസും, ഈവനിംഗ്‌ വെയര്‍, ടാലന്റ്‌, പ്രൈവറ്റ്‌ ഇന്റര്‍വ്യൂ, ഓണ്‍ സ്റ്റേജ്‌ ചോദ്യം എന്നിവയായിരുന്നു ഉണ്ടായിരുന്നത്‌. ഫൈനലിനായി അറ്റ്‌ലാന്റിക്‌ സിറ്റിയില്‍ എത്തിയതിനുശേഷം എലിമിനേഷന്‍ റൗണ്ടായിരുന്നു. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ആദ്യം 16 പേരെ തെരഞ്ഞെടുത്തു. പിന്നീട്‌ ലൈഫ്‌ സ്റ്റൈല്‍ ആന്റ്‌ സ്വിം സ്യൂട്ട്‌ ഫിറ്റ്‌നസ്‌ എന്ന കടമ്പയും കടന്നു. ഈവനിംഗ്‌ വെയര്‍ സെഗ്‌മെന്റില്‍ ആറു പേരെ ഒഴിവാക്കി. ടാലന്റ്‌ ഷോയില്‍ ബോളിവുഡ്‌ ഫ്യൂഷന്‍ ഐറ്റത്തിലൂടെ നീന ടോപ്പ്‌ എട്ടില്‍ എത്തി. ഓണ്‍ സ്റ്റേജ്‌ ചോദ്യത്തിനും നീന ഏറ്റവും അനുയോജ്യമായ മറുപടി നല്‍കി. പ്ലാസ്റ്റിക്‌ സര്‍ജറിയുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം. താന്‍ ഇതിന്‌ എതിരാണ്‌ എന്ന നിലയിലായിരുന്നു നീനയുടെ മറുപടി. മറുപടിയുടെ ചടുലതയും അര്‍ത്ഥവ്യാപ്‌തിയും ജഡ്‌ജ്‌മെന്റിനെ സ്വാധീനിച്ചുവെന്ന്‌ വേണം കരുതാന്‍. നീനയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ വംശജയും ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നു. മിസ്‌ ഡിസ്‌ട്രിക്‌ട്‌ ഓഫ്‌ കൊളംബിയ (വാഷിംഗ്‌ടണ്‍ ഡി.സി) ആയി എത്തിയ ബിന്ദു പാമര്‍ത്തിക്ക്‌ ഫൈനലില്‍ ഇടംനേടാനായില്ല. ബിന്ദുവും ആന്ധ്രാപ്രദേശില്‍ വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്‌. അറ്റ്‌ലാന്റിക്‌ സിറ്റിയിലെ ബോര്‍ഡ്‌ വോക്കില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മിസ്‌ അമേരിക്ക പരേഡില്‍ ബിന്ദു അണിഞ്ഞിരുന്ന ഹൈ ഹീല്‍ഡ്‌ ഷൂ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ്‌ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.