You are Here : Home / USA News

ശിഥിലമായ ഭാഷ ശൈഥല്യത്തിലേക്ക് നയിക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 18, 2013 10:47 hrs UTC

ഇര്‍വിങ്ങ്(ടെക്‌സസ്): മലയാള ഭാഷയുടെ മനോഹാരിതയും, അന്തര്‍ലീനമായിരിക്കുന്ന അര്‍ത്ഥ വ്യാപ്തിയും, ശരിയായ ഉച്ചാരണവും ശാന്തിയിലേക്കും, ഐക്യത്തിലേക്കും, ആനന്ദത്തിലേക്കും നയിക്കുമെങ്കില്‍ ശിഥിലമായ ഭാഷാ പ്രയോഗം അശാന്തിയിലേക്കും, അനൈക്യത്തിലേക്കും, നിരാശയിലേക്കും അതുവഴി മനുഷ്യ മനസ്സിനെ ശൈഥല്യത്തിലേക്കും നയിക്കുമെന്ന് പ്രസിദ്ധ കവിയും, നിരൂപകനും, സാഹിത്യക്കാരനുമായ പ്രൊഫ. മധുസൂദനന്‍ നായര്‍ അഭിപ്രയാപ്പെട്ടു. വിവിധ രാജ്യങ്ങളിലെ, പ്രത്യേകിച്ച് ഭാരതീയ ഭാഷകളുമായി തുലനം ചെയ്യുമ്പോള്‍ മലയാള ഭാഷയേക്കാള്‍ സുന്ദരമായ മറ്റൊരു ഭാഷയില്ലെന്നും, അതുകൊണ്ടു തന്നെ പൗരാണിക കാലം മുതല്‍ മലയാള ഭാഷ ശ്രേഷ്ഠഭാഷയായിതന്നെ അംഗീകരിക്കപ്പെട്ടിരുന്നുവെന്നും, ഭാരത-കേരള സര്‍ക്കാര്‍ മലയാളഭാഷയ്ക്ക് ശ്രേഷ്ഠഭാഷയായി ഔദ്യോഗീക അംഗീകരണം നല്‍കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് യാതൊരു ന്യായീകരണവും ഇല്ലെന്ന് പ്രൊഫ. മധുസൂദനന്‍ നായര്‍ അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 7 ശനിയാഴ്ച ഇര്‍വിങ്ങ് പസന്റ് റസ്റ്റോറന്റില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റേയും, കേരള ലിറ്റററി സൊസൈറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സ്വീകരണചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു മധുസൂദനന്‍ നായര്‍. വര്‍ഷങ്ങളായി വിദേശങ്ങളില്‍ കുടിയേറി പാര്‍ക്കുന്ന മലയാളികള്‍ കേരളത്തിലെ ദൈനംദിന സംഭവങ്ങള്‍ കാണുന്നതിനും, കേള്‍ക്കുന്നതിനും മലയാളം റ്റി.വി.യുടെ മുമ്പില്‍ സമയം ചിലവഴിക്കുന്നത് ജനിച്ചു വളര്‍ന്ന മണ്ണിനോടും, ഭാഷയോടുമുള്ള അതീവ താല്പര്യമാണെന്ന് ബോധ്യപ്പെട്ടതായി പ്രൊഫ. പറഞ്ഞു. തുടര്‍ന്ന് കവിതയുടെ സ്വാധീനത്തെക്കുറിച്ചും, രചനയെ കുറിച്ചും വിശദീകരിച്ചു. ജീവിതത്തിന്റെ സംഗീതമാണ് കവിത, കവിതയെ തൊഴുവാന്‍ നാം ശീലിക്കണം. സുന്ദരമായ കവിതയിലൂടെ കൂട്ടിചേര്‍ക്കപ്പെടുന്ന അക്ഷരത്തിനിടയില്‍ സാഹോദ്യത്തെ തിരിച്ചറിയണം. ശരീരതാളവും, ഗമന താളവും പ്രകൃതിയാണ് നമ്മെ പഠിപ്പിച്ചത്- ഇത് രണ്ടും സമന്വയിക്കുന്ന വികസ്വര ഭാവമാണ് കവിത. ഈണങ്ങള്‍ വികാരത്തിന്റെ വാഹിനികളാണെങ്കില്‍, ഈ ഭേദങ്ങള്‍ വികാരത്തിന്റെ ചരിത്രമാണ്. ഈണം കൊണ്ടാണ് ജീവിതത്തെ തിരിച്ചറിയേണ്ടത് അടുക്കും, ചിട്ടയോടും കൂടി അക്ഷരങ്ങളെ അമ്മാനമാടുന്ന കവിതാ രചന ചിലര്‍ക്ക് മാത്രം ലഭിച്ച വരദാനമാണ്. 'വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാട്' എന്ന ധാരണ തെറ്റാണെന്ന ബോധ്യം കവിതാ രചന നടത്തുന്നവര്‍ മനസ്സിലാക്കണം- 'മൊട്ട് നുള്ളി വിടര്‍ത്തുകയല്ല, തനിയെ വിരിയുന്നതാണ് നല്ലത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഏലികുട്ടി അദ്ധ്യക്ഷത വഹിച്ച യോഗം കെ.എല്‍.എസ്. പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി നിലവിളക്ക് തെളിയിച്ചു. ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ സുജിന്‍ കാക്കനാട് സ്വാഗതവും സെക്രട്ടറി സുജിത് തങ്കപ്പന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.