You are Here : Home / USA News

ഇന്തോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ യോഗാ ക്യാമ്പ്‌ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 18, 2013 10:53 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സ്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്തോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ ഓഗസ്റ്റ്‌ 12,13 തീയതികളില്‍ യോങ്കേഴ്‌സിലെ വിവിധ സ്‌കൂളുകളില്‍ നിന്നുമുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ യോഗാ ക്യാമ്പ്‌ നടത്തപ്പെട്ടു. യോഗാ ഗുരു കൂവള്ളൂര്‍, സിസിലി കൂവള്ളൂര്‍ RN, MS എന്നിവരാണ്‌ ക്യാമ്പിന്‌ നേതൃത്വം നല്‍കിയത്‌. 25-ഓളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം നടത്തിയ ക്യാമ്പില്‍ പങ്കെടുത്തവരായിരുന്നു മിക്ക കുട്ടികളും. അവരില്‍ പലരും ഇതിനോടകം യോഗയില്‍ പ്രാവീണ്യം നേടിക്കഴിഞ്ഞതായി അവര്‍ നടത്തിയ യോഗാ പ്രകടനത്തിലൂടെ തെളിയിക്കപ്പെട്ടു. പ്രസ്‌തുത ക്യാമ്പില്‍ ഒരു ഇന്ത്യന്‍ കുട്ടി പോലും ഉണ്ടായിരുന്നില്ല എന്നുള്ളത്‌ ശ്രദ്ധേയമായിരുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്നവരുടെ കുട്ടികള്‍ക്ക്‌ യോഗ പഠിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതുകൊണ്ടുതന്നെ യോഗാ ഗുരു കൂവള്ളൂര്‍ കാണിച്ചുകൊടുത്ത എല്ലാ ആസനങ്ങളും ഏതാനും മണിക്കൂറുകളിലെ പ്രാക്‌ടീസുകൊണ്ട്‌ സ്വായത്തമാക്കാന്‍ കഴിഞ്ഞു എന്നുള്ളതും എടുത്തുപറയേണ്ട കാര്യമാണ്‌. `ക്യാന്‍ വി ടോക്‌' എന്ന സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ട്രെയിനിംഗ്‌ ലഭിച്ച കൗണ്‍സിലര്‍മാരാണ്‌ ഇത്തരത്തിലുള്ള കുട്ടികളെ സംഘടിപ്പിച്ചത്‌. ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും വെസ്റ്റ്‌ചെസ്റ്റര്‍ ചൈല്‍ഡ്‌ കെയര്‍ കൗണ്‍സിലില്‍ നിന്നും പ്രത്യേകം ലൈസന്‍സ്‌ ഉള്ള സംഘടനയാണ്‌ `ക്യാന്‍ വി ടോക്‌' എന്ന സംഘടന. ശ്രീമതി ലിസാ ഇര്‍ബി എന്ന ആഫ്രിക്കന്‍- അമേരിക്കന്‍ വംശജയാണ്‌ പ്രസ്‌തുത സംഘടനയുടെ സി.ഇ.ഒയും സ്ഥാപകയും. ഇടയ്‌ക്കിടെ ഇന്തോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച്‌ അവര്‍ ക്യാമ്പുകള്‍ നടത്താറുമുണ്ട്‌. ഗുരു കൂവള്ളൂരിന്റെ കീഴില്‍ യോഗാ അഭ്യസിച്ചയാളുമാണ്‌ ലിസാ ഇര്‍ബി. കുട്ടികളില്‍ ആത്മസംയമനം ഉണ്ടാക്കുന്നതിനും, അവരുടെ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുന്നതിനും, നേരായ മാര്‍ഗ്ഗത്തിലൂടെ നയിക്കുന്നതിനും, ഗുരുക്കന്മാരേയും മുതിര്‍ന്നവരേയും ബഹുമാനിക്കേണ്ടത്‌ എങ്ങനെയെന്നും, അവരില്‍ ഒളിഞ്ഞുകിടക്കുന്ന കഴിവുകള്‍ കണ്ടെത്തുന്നതിനും ഇത്തരത്തിലുളള യോഗാ ക്യാമ്പുകള്‍ സഹായകരമാകുമെന്ന്‌ ശ്രീമതി ലിസാ ഇര്‍ബി പ്രത്യേകം പറയുകയുണ്ടായി. യോഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്ന്‌ ഇന്ത്യക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ക്ക്‌, പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ തങ്ങളുടെ കുട്ടികളെ യോഗാ ക്ലാസുകളില്‍ വിടാന്‍ വൈമനസ്യം ഉള്ളതായി കാണുന്നു. അതേസമയം അമേരിക്കക്കാര്‍ ഇന്ത്യയില്‍ പോയി വരെ യോഗ പഠിക്കാന്‍ തയാറാകുന്നതായി മനസിലാക്കാന്‍ കഴിയുന്നു. കരുത്തുറ്റ ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇന്തോ അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയൂട്ട്‌ 2008-ല്‍ സ്ഥാപിതമായത്‌. ഗുരു കൂവള്ളൂര്‍ ആണ്‌ പ്രസ്‌തുത സ്ഥാപനത്തിന്റെ സ്ഥാപകന്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More
More From Trending
View More