You are Here : Home / USA News

ജെഎഫ്എ പുതിയ പന്ഥാവിലേക്ക്

Text Size  

Story Dated: Wednesday, February 11, 2015 12:38 hrs UTC


ന്യൂയോര്‍ക്ക്. ഈ അടുത്ത കാലം വരെ ഏതാനും ചില വ്യക്തികളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന ജസ്റ്റിസ് ഫോര്‍ ഓള്‍ (ജെഎഫ്എ) എന്ന പ്രസ്ഥാനത്തെ കെട്ടുറപ്പുള്ള ഒരു സംഘടനയാക്കി രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ആദ്യഘട്ടമെന്നോണം ജനുവരി 7നു ന്യൂയോര്‍ക്ക് സമയം 8 മണിക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം കൂടുകയും നിര്‍ണ്ണായകമായ പല തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്തു.

ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രസ്തുത യോഗത്തില്‍ പ്രസിഡന്റ് പ്രേമ ആന്റണി, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ജേക്കബ്, ഡയറക്ടര്‍മാരായ എം.കെ. മാത്യൂസ്, അലക്സ് കോശി വിളനിലം, രാജ് സദാനന്ദന്‍, എ.സി. ജോര്‍ജ്, തമ്പി ആന്റണി, ജോയിച്ചന്‍ പുതുക്കുളം, അഡ്വൈസര്‍മാരായ വര്‍ഗീസ് മാത്യു, അറ്റോര്‍ണി ജേക്കബ് കല്ലുപുര എന്നിവര്‍ പങ്കെടുത്തു.

16 പേരടങ്ങുന്ന ഒരു അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയ ജെഎഫ്എ ഇന്നു സമൂഹത്തില്‍ ഒരു നിര്‍ണ്ണായക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസ്ഥാനത്തിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തരായ പ്രവര്‍ത്തകരുടെ സേവനം അനിവാര്യമായിത്തീര്‍ന്നതിനാല്‍ പ്രവര്‍ത്തന തല്‍പരരും, കാര്യശേഷിയും, ആത്മാര്‍ത്ഥതയുമുള്ളവരെ കണ്ടുപിടിച്ച് അവരെ ഉള്‍പ്പെടുത്തി ഈ പ്രസ്ഥാനത്തെ വിപുലീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആയതിലേക്ക് വര്‍ഗീസ് മാത്യുവിനെ (മോഹന്‍) തിരഞ്ഞെടുപ്പു  കമ്മീഷണറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റിന്റെ പ്രസിഡന്റുകൂടിയായ വര്‍ഗീസ് മാത്യു ജെഎഫ്എയുടെ നെടുന്തൂണായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ജെഎഫ്എ എന്ന പ്രസ്ഥാനത്തിന് രൂപവും ഭാവവും നല്‍കുന്നതിന് അദ്ദേഹം തന്റെ വിലപ്പെട്ട സമയം വിനിയോഗിച്ചു കൊണ്ടിരിക്കുന്നു. ആത്മാര്‍ത്ഥമായ പ്രവര്‍ത്തന പരിചയവും, നിസ്വാര്‍ത്ഥരും സേവനതല്‍പരരുമായ നേതാക്കളെ കണ്ടെത്തുന്നതിനായി അദ്ദേഹത്തോടൊപ്പം ചെറിയാന്‍ ജേക്കബ്, രാജ് സദാനന്ദന്‍, അറ്റോര്‍ണി ജേക്കബ് കല്ലുപുര, തോമസ് കൂവള്ളൂര്‍ എന്നിവരടങ്ങിയ ഒരു ഉപദേശക സമിതിയും രൂപീകൃതമായി.

കൂടാതെ, ജെ.എഫ്.എ.യുടെ നാഷണല്‍ ട്രഷറര്‍ ആയിരുന്ന തോമസ് എം. തോമസിന്റെ അകാല വേര്‍പാടില്‍ താത്ക്കാലികമായി ആ സ്ഥാനം വഹിച്ചിരുന്ന എം.കെ. മാത്യൂസിനു പകരം ന്യൂജെഴ്സിയില്‍ നിന്നുള്ള അനില്‍ പുത്തന്‍ചിറയെ നാഷണല്‍ ട്രഷറര്‍ ആയി യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഊര്‍ജ്ജസ്വലനും, യുവാവുമായ അനില്‍ തിരക്കിനിടയിലും സമൂഹത്തിനുവേണ്ടി തന്റെ സേവനം ലഭ്യമാക്കുന്നതില്‍ വിമുഖത കാണിക്കാത്ത വ്യക്തിത്വത്തിനുടമയാണ്. കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജഴ്സിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം എഴുത്തുകാരനും ചിന്തകനുമാണ്. അദ്ദേഹത്തെപ്പോലുള്ള സേവനതല്പരരായ പ്രവര്‍ത്തകരെയാണ് ജെഎഫ്എ തിരഞ്ഞുകൊണ്ടിരിക്കുന്നത്. അനില്‍ പുത്തന്‍ചിറ ജെഎഫ്എയ്ക്ക് ഒരു മുതല്‍ക്കൂട്ടാണെന്നതില്‍ സംശയമില്ല. ന്യൂജഴ്സിയിലെ പസായ്ക്ക് കൌണ്ടി ജയിലില്‍ കഴിയുന്ന സജിന്‍ സുരേഷ് എന്ന യുവാവിനെ സമാശ്വസിപ്പിക്കാന്‍ ജെഎഫ്.എ. ചെയര്‍മാന്‍ തോമസ് കൂവള്ളൂരിനൊപ്പം ജയില്‍ സന്ദര്‍ശനം നടത്തിയ അനില്‍ യുവതലമുറയ്ക്ക് മാതൃകയാണ്.

2013 മെയ് മാസത്തില്‍ ന്യൂജഴ്സിയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച ജെഎഫ്എയുടെ രണ്ടാം വാര്‍ഷികത്തിനകം കാര്യക്ഷമതയും, പ്രവര്‍ത്തനപാടവവുമുള്ളവരെ കണ്ടുപിടിക്കാനുള്ള  ഉദ്യമത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ വര്‍ഗീസ് മാത്യുവും സഹപ്രവര്‍ത്തകരും. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ താല്പര്യമുള്ള ഏവര്‍ക്കും ഈ പ്രസ്ഥാനത്തിലേക്ക് കടന്നുവരാവുന്നതാണ്. പേരിനല്ല പ്രവര്‍ത്തനങ്ങള്‍ക്കാണ് ജെ.എഫ്.എ. മുന്‍തൂക്കം കൊടുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വര്‍ഗീസ് മാത്യു (മോഹന്‍) 646 785 7318, അനില്‍ പുത്തന്‍ചിറ 732 319 6001, ചെറിയാന്‍ ജേക്കബ് 847 687 9909, തോമസ് കൂവള്ളൂര്‍ 914 409 5772

വാര്‍ത്ത. തോമസ് കൂവള്ളൂര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.