You are Here : Home / USA News

മനസ്സിലൊരു മാള

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Thursday, January 29, 2015 12:45 hrs UTC

മാള അരവിന്ദന്റെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. ഞെട്ടാനായി ഞാന്‍ രാഷ്‌ട്രീയ നേതാവോ, മന്ത്രിയോ ഒന്നുമല്ലല്ലോ?

 

സിനിമാ നടന്മാരുടെ വേര്‍പാടില്‍ എനിക്കൊരു ശൂന്യത അനുഭവപ്പെട്ടത്‌ സത്യന്‍ മാഷ്‌ മരിച്ചപ്പോഴാണ്‌. സത്യന്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ ഇതുവരെ ആരും കയറിപ്പറ്റിയിട്ടില്ല എന്നാണ്‌ ഒരു പഴയ തലമുറക്കാരനായ ഞാന്‍ അന്നും ഇന്നും എന്നും വിശ്വസിക്കുന്നത്‌. മലയാള സിനിമയിലെ എല്ലാ നടീനടന്മാരും മികച്ച അഭിനയശേഷിയുള്ളവരാണെന്നതില്‍ സംശയമില്ല. കണ്ണീര്‍ക്കഥകള്‍ ഞാന്‍ എന്നും ഇഷ്‌ടപ്പെടുന്നത്‌ അല്‍പം നര്‍മ്മം കലര്‍ന്ന മലയാള സിനികളാണ്‌. എസ്‌.പി. പിള്ള, അടൂര്‍ ഭാസി, ബഹദൂര്‍, ആലുംമൂടന്‍, സൈനുദ്ദീന്‍ , കൊട്ടാരക്കര ബേബി- ഇവരൊക്കെ അന്തരിച്ച്‌ കഴിഞ്ഞപ്പോഴാണ്‌ അവരുടെ മഹത്വം നാം കൂടുതല്‍ മനസിലാക്കുന്നത്‌.

 

തനതായ ഒരു അഭിനയശൈലിയുമായി, നാടക ലോകത്തുനിന്നും `സിന്ദൂരം' എന്ന ചിത്രത്തിലൂടെയാണ്‌ അരവിന്ദന്‍ സിനിമാ ലോകത്ത്‌ എത്തുന്നത്‌. അദ്ദേഹത്തെ മുഖാമുഖം കണ്ട്‌ പരിചയപ്പെടുവാന്‍ അവസരം ഒരുക്കിത്തന്നത്‌ സാഹിത്യകാരനും, നടനും, എന്റെ സുഹൃത്തുമായ മനോഹര്‍ തോമസാണ്‌- മനോഹറിന്റെ ഭവനത്തില്‍ വെച്ച്‌ മാള മനസു തുറന്നു- അതുവരെ `ഞാന്‍ വരട്ടെ! അല്ല പോട്ടെ!' എന്നൊരു ഡയലോഗ്‌ മാത്രമേ മാള അരവിന്റെ മഹത്വമായി എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം വാചാലനായപ്പോള്‍ അതു കേട്ടിരുന്ന്‌ മനസിലാക്കുക എന്നൊരു കര്‍മ്മം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ.

 

സംഗീത, നാടക, സിനിമാലോകത്തെപ്പറ്റി അദ്ദേഹത്തിനുള്ള അറിവ്‌ അപാരമായിരുന്നു. `മാളയുടെ മാണിക്യം' എന്നു ബഹുമാനപ്പെട്ട ലീഡര്‍ കെ. കരുണാകരനാണ്‌ അറിയപ്പെടുന്നതെങ്കിലും അതിനു മുമ്പെ മാണിക്യമായത്‌ താനാണെന്ന്‌ മാള അഭിമാനത്തോടുകൂടി പറഞ്ഞു. `തക്കിടം മുണ്ടം താറാവെ, തകിട്ടു മുണ്ടന്‍ താറാവോ'- `നീയറിഞ്ഞോ മേലേ മാനത്ത്‌ ആയിരം ഷാപ്പുകള്‍ തുറക്കുന്നുണ്ട്‌..' തുടങ്ങിയ ഗാനരംഗങ്ങള്‍ മാത്രം മതി മാളയെ മലയാള സിനിമയിലെ മരിക്കാത്ത ഓര്‍മ്മയായി എന്നുമെന്നും മനസില്‍ നിലനിര്‍ത്തുവാന്‍.!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.