You are Here : Home / USA News

വചനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു സത്യത്തിനു വേണ്ടി സാക്ഷ്യംവഹിക്കുക: മാര്‍ ജോര്‍ജ് ആലഞ്ചേരി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 19, 2015 12:56 hrs UTC

റാന്നി: തിരുവചനം സൃഷ്ടിയെ പുതുതാക്കിക്കൊണേ്ടയിരിക്കുമെന്നു സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റാന്നി കാത്തലിക് കണ്‍വന്‍ഷന്‍ സുവര്‍ണജൂബിലി സമാപനസമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സത്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രകാശം ധരിക്കാന്‍ വിശ്വാസികള്‍ തയാറാകണം. ഇതിലൂടെ മാത്രമേ വചനത്തില്‍ ഉള്‍ക്കാഴ്ച ലഭിക്കുകയുള്ളൂ. ദൈവവചനമാണു വിശ്വാസികളുടെ രക്ഷ. വചനത്തിലുള്ള വിശ്വാസം ഒരുവനെ ശക്തിപ്പെടുത്തുകയാണു വേണ്ടത്. വചനത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടു സത്യത്തിനു വേണ്ടി സാക്ഷ്യംവഹിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. വചനാനുഭവം മാനസാന്തരത്തിലേക്കു നയിക്കണം. നാം ദാനമായി സ്വീകരിക്കുന്നതു ദാനമായി തന്നെ മടക്കിനല്‍കാനാകണം.

 

ദൈവവിശ്വാസത്തിലുള്ള ബോധ്യത്താല്‍ ആഴപ്പെടുമ്പോഴാണ് യഥാര്‍ഥത്തിലുള്ള മാനസാന്തരം നമ്മില്‍ സംഭവിക്കുന്നത്.-മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ഭൗതികതയില്‍ മുങ്ങിപ്പോകുന്ന ഇന്നത്തെ മനുഷ്യര്‍ സത്യത്തിനുവേണ്ടി ശരിയായി സാക്ഷ്യം വഹിക്കുന്നില്ല. ദൈവസ്‌നേഹത്തിനും പരസ്‌നേഹത്തിനും വേണ്ടത്ര മൂല്യം നല്‍കുന്നതുമില്ല. ഭൗതികമായ ഐശ്വര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണു മനുഷ്യന്‍. എന്നാല്‍ ഭൗതിക ഐശ്വര്യങ്ങള്‍ നല്‍കേണ്ടതും ദൈവമാണെന്ന വസ്തുത പലപ്പോഴും മനുഷ്യര്‍ മറക്കുന്നു. ഈ ലോക ജീവിതത്തില്‍ മാത്രമൊതുങ്ങുന്ന ലക്ഷ്യമല്ല ഒരു വിശ്വാസിക്കുവേണ്ടത്. ഈ ലോകത്തിനപ്പുറവും നമുക്ക് ലക്ഷ്യമുണ്ട്. കര്‍ത്താവിനോടുള്ള വിശ്വാസത്തില്‍ ലഭ്യമാകുന്ന ദൈവിക ജീവന്‍ മറ്റുള്ളവര്‍ക്കുകൂടി അനുഭവവേദ്യമാക്കണം. ആത്മാവിനെ തേടാനുള്ള അര്‍പ്പണമനോഭാവം ഓരോ വൈദികനും വിശ്വാസിക്കും ഉണ്ടാകേണ്ടതാണ്.

 

എങ്കിലേ നാം ദൈവം ആഗ്രഹിക്കുന്നതരത്തിലുള്ള ലക്ഷ്യത്തിലെത്തുകയുള്ളൂവെന്നു കര്‍ദിനാള്‍ പറഞ്ഞു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ സമൂഹബലിയില്‍ ഫാ. മാത്യു തടത്തില്‍, ഫാ. ബെന്നി കൊടിമരത്തുംമൂട്ടില്‍, ഫാ. രഞ്ജിത് ആലുങ്കല്‍, ഫാ. മാത്യു ചിറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിച്ചു. ഫാ. രഞ്ജിത് ആലുങ്കല്‍, ഫാ. ബെന്നി കൊടിമരത്തുംമൂട്ടില്‍, ഗീവര്‍ഗീസ് ഏബ്രഹാം അയന്തിയില്‍, റോബിന്‍ ചരിവുപുരയിടം തുടങ്ങിയവര്‍ പ്രസംഗിച്ചു. സുവര്‍ണജൂബിലി സമാപനത്തിന്റെ ഭാഗമായി ദീപിക പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ കോപ്പി കര്‍ദിനാള്‍ പ്രകാശനം ചെയ്തു. ഫാ. മാത്യു തടത്തില്‍, ഫാ. ജോഷി വാണിയപ്പുരയ്ക്കല്‍, ഫാ. തോമസ് സൈമണ്‍, ഫാ. ജോസ് മണ്ണൂര്‍കിഴക്കേതില്‍, ഫാ. ആന്റണി കുന്നത്തുപറമ്പില്‍ ഒസിഡി, ഫാ. ജോര്‍ജ് വലിയപറമ്പില്‍, ഫാ. ജോര്‍ജ് വര്‍ഗീസ്, ഷാജി മേപ്രാലില്‍, തോമസ് മാത്യൂ ഈരൂരിക്കല്‍, ബിനു ഊനേത്ത്, ജിനു കൊച്ചുപ്ലാമൂട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി ­

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.