You are Here : Home / USA News

വിവാഹം, ഭവന കൂദാശ സല്‍ക്കാരങ്ങളില്‍ മദ്യവും പുകവലിയും നിരോധിക്കണം : ഡോ. ജോസഫ് മാര്‍ത്തോമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 12, 2015 12:25 hrs UTC


ന്യുയോര്‍ക്ക് . വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും പളളിവക ഹാളുകളിലും പരിസരങ്ങളിലും മദ്യവും, പുകവലിയും കര്‍ശനമായി നിരോധിക്കണമെന്ന് ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ സഭ ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലഹരി വിരുദ്ധ ദിനമായി ആചരിച്ച ജനുവരി 11 ഞായറാഴ്ച മാര്‍ത്തോമ ഇടവകളിലേക്കു അയച്ച ഇരുന്നൂറ്റി പത്താം സര്‍ക്കുലറിലാണ് ഉദ്ബോധനം.

നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തില്‍ ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ഥനകളും പ്രസംഗങ്ങളും നടത്തി.

മദ്യം മനുഷ്യന്‍െറ സുബോധത്തെ നശിപ്പിക്കുകയും നീതി ബോധത്തെ തളര്‍ത്തുകയും ചെയ്യുന്നതുമൂലം സമൂഹത്തില്‍ അനീതിയും അക്രമവും വര്‍ധിക്കുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കപ്പെടുകയും ചെയ്യുന്നു. ഈ ദുരവസ്ഥയെ കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനുമാണ് സഭ ജനുവരി 11 ഞായറാഴ്ച ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

മദ്യ ഉല്‍പാദനത്തിനും മദ്യവില്‍പനക്കും പ്രോത്സാഹനം നല്‍കുന്നത് മാര്‍ത്തോമ സഭയുടെ നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധമാണ്. സഭാ ജനങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും വിധേയരാകാതെ  ക്രിസ്തീയ സാക്ഷ്യം നില നിര്‍ത്തുന്നതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്.

പരസ്യമായും രഹസ്യമായും മദ്യപിക്കുന്നവരെ സഭാ പ്രതിനിധി മണ്ഡലത്തിലേക്കോ  ഭദ്രാസന അസംബ്ലിയിലേക്കോ തിരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇങ്ങനെയുളളവര്‍ ഏതെങ്കിലും ചുമതലാസ്ഥാനങ്ങള്‍ വഹിക്കുന്നുവെന്ന് തെളിവു സഹിതം അറിയിച്ചാല്‍ മേല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ലഹരി വിരുദ്ധദിനമായി ആചരിച്ച് ഞായറാഴ്ച മാര്‍ത്തോമ മെത്രാപ്പോലീത്ത  സഭാ ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.