You are Here : Home / USA News

പുത്തന്‍ പ്രതിജ്ഞയുമായി പുതുവര്‍ഷത്തിലേക്ക്

Text Size  

Story Dated: Wednesday, December 31, 2014 01:11 hrs UTC

വാസുദേവ് പുളിക്കല്‍

 

പുതുവര്‍ഷം വന്നണഞ്ഞു. പുത്തന്‍ പ്രതിജ്ഞകളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ ഉറ്റു നോക്കുന്ന ഏവര്ക്കും ഹൃദയംഗമായ നവവത്സരാശംസകള്‍. പ്രതിദിനം കണ്ടുമുട്ടുന്ന അനേകം പേരില്‍ ആരാണ് നമ്മളെ സ്വാധീനിച്ചിട്ടുള്ളത്? ആരുടെ വാക്കുകളാണ് നമുക്ക് മാര്‍ഗ്ഗദര്‍ശനങ്ങളായിട്ടുള്ളത്. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ചെന്നെത്തുന്നത് ആത്മീയ ആചാര്യന്മാരുടേയും മഹദ്‌സന്ദേശം പകര്‍ന്നു തന്നിട്ടുള്ളവരുടേയും സമീപത്തേക്കാണ്. പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ സദ്ചിന്തകളും ജീവിതം സുഖസമൃദ്ധമാക്കാനും ഭേദചിന്തകളില്ലാതെ സൗഹൃദം നിലനിര്‍ത്താനും ഉള്ള നിശ്ചയങ്ങളും അഭികാമ്യമാണ്.നന്മകൊണ്ട്മനസ്സ് നിറഞ്ഞാഴുകുമ്പോള്‍ നമുക്ക് ജീവിതത്തില്‍ സുപ്രധാനമായ പലതും ചെയ്യാനും നേടാനും കഴിയും. ഭാരതീയ സംസ്‌ക്കാരത്തിന് ഒട്ടേറെ കളങ്കം ചാര്‍ത്തിയ ഹിന്ദു-മുസ്ലിം ലഹള സമയത്ത് ഹിന്ദുക്കളെ രക്ഷിച്ച മുസ്ലിംങ്ങളുണ്ട്, മുസ്ലിംങ്ങളെ രക്ഷിച്ച ഹിന്ദുക്കളുണ്ട്. എന്തുകൊണ്ടാണ് അവര്‍ക്കത് ചെയ്യാന്‍ സാധിച്ചത്? ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ടിരിക്കുന്നസ്‌നേഹത്തിന്റെ ഭാഷയിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കിയിരുന്നു. സ്വന്തം പ്രവൃത്തി മറ്റുള്ളവരെ ഉപദ്രവിക്കാനോ ഹനിക്കാനോ ഒരിക്കലും ലക്ഷ്യമാക്കരുതെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു.

 

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്ക് 'അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായ് വരണം' എന്ന ഗുരുവചനം ഓര്‍ക്കാം. നാരായണഗുരുവിന്റെ മഹത്തായ ഈ സന്ദേശത്തില്‍ ഒരു ജീവിത തത്വം അടങ്ങിയിരിക്കുന്നു. നമ്മുടെ വിശ്വാസപ്രമാണങ്ങള്‍ എന്തു തന്നെ ആയിരുന്നാലും കുഴപ്പമില്ല. അവ പ്രായോഗികമാക്കുമ്പോള്‍ സഹജീവികള്‍ക്കു കൂടി സുഖപ്രദമായിരിക്ക വിധത്തില്‍ ആയിരിക്കണമെന്നേ പറയുന്നുള്ളൂ. നമ്മള്‍ വിശ്വസിക്കുന്ന ആത്മീയ ഗുരുക്കന്മാരുടെ വാക്കുകള്‍ മാര്‍ഗ്ഗദര്‍ശനമായിക്കണ്ട് നമ്മുടെ പ്രവര്‍ത്തന പദ്ധതികള്‍ തക്കസമയത്ത് ആവിഷ്‌ക്കരിച്ച് നടപ്പാക്കി മുന്നോട്ട് പോയാല്‍ നമ്മുടെ ജീവിതം സന്തുഷ്ടവും ധന്യവുമാകും. തക്കസമയത്തുള്ള പ്രവൃത്തികളുടെ കാര്യം പറയുമ്പോള്‍ ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ ഒരു ഭാഗം ഓര്ക്കുന്നു.

 

ദമയന്തിപരിണയത്തില്‍ പങ്കെടുത്തതിനു ശേഷം ഇന്ദ്രന്‍, അഗ്നി തുടങ്ങിയവര്‍ സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചു പോകുന്ന വഴിക്ക് കലിയെ കണ്ടു. കലിയുടെ യാത്ര എങ്ങോട്ടാണെന്ന് ഇന്ദ്രാദികള്‍ ചോദിച്ചു. ഭൂമിയില്‍ ദമയന്തി എന്നൊരു സൗന്ദര്യധാമമുണ്ട്. അവളുടെ സ്വയംവരമാണ്. അവളെ ആനയിക്കുന്നതിനാണ് തന്റെ യാത്രയെന്നും സുന്ദരിയായ ദമയന്തിയെ കൊണ്ടുവരുന്നതിന് തനിക്ക് അനുഗ്രഹം തന്നാല്‍ ആ ഉപകാരത്തിന് പ്രത്യൂപകാരമായി എന്തു വേണമെങ്കിലും ചെയ്തു കൊള്ളാമെന്നും കലി പറഞ്ഞു. കലിക്ക് ഇന്ദ്രന്‍ നല്‍കിയ മറുപടി നോക്കൂ: പാഥസാം നിചയം വാര്‍ന്നൊഴിഞ്ഞളവു സേതു ബന്ധനോദ്യോഗമെന്തെടോ? വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിന് ശേഷം അണകെട്ടാനൂള്ള ശ്രമം എന്തിനാണ്? വെള്ളം തടഞ്ഞു നിര്‍ത്താനാണല്ലൊ അണ കെട്ടുന്നത്.

 

വെള്ളം മുഴുവന്‍ ഒഴുകിപ്പോയതിനു ശേഷം സേതുബന്ധനത്തിന് മുതിരുന്നത് മൗഢ്യവും അപഹാസ്യവുമാണ്. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ദമയന്തി പരിണയം കഴിഞ്ഞതിനു ശേഷം അതിന് ശ്രമിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം. സ്വയംവരത്തിന് തക്ക സമയത്ത് എത്തിച്ചേരാന്‍ സാധിക്കാത്തതില്‍ ഉണ്ടായ നഷ്ടമോര്‍ത്ത്കലി ദുഃഖിതനായി, സ്വയം ശപിച്ച് നിരാശനായി മടങ്ങിപ്പോയി. ഈ സന്ദര്‍ഭം നമ്മുടെ ജീവിതവുമായി ചേര്‍ത്തുവെച്ച് ആലോചിച്ചാല്‍ നമ്മളില്‍ പലരും കലിയുടെ പിന്‍ഗാമികളാണെന്ന് കാണാന്‍ കഴിയും. കൃത്യസമയത്ത് കാര്യങ്ങള്‍ ചെയ്യാതെ ഇന്നത്തേത് നാളത്തേക്ക് മാറ്റി വയ്ക്കും. നളെ അത് ചെയ്തതു കൊണ്ട് പ്രയോജനമില്ല എന്ന് ബോധ്യമാകുമ്പോള്‍ നാം നിരാശപ്പെടുന്നു, ദുഃഖിക്കുന്നു. തന്റെ കൃത്യവിലോപം കൊണ്ടുണ്ടായ നഷ്ടത്തിനു് ഒടുവില്‍ വിധിയെ പഴി പറയുകയും ചെയ്യും.

 

 

എന്തു സംഭവിച്ചാലും പഴി പറഞ്ഞ് സമാധാനിക്കാന്‍ ഒരു 'വിധി'യുണ്ടല്ലോ. പ്രേമലീലയില്‍ മതിമറന്നിരുന്ന ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ നിഷാദന്റെ ക്രൂരതയിലും നമ്മള്‍ കാണുന്നത് പക്ഷിയുടെ വിധിയെയാണ്. ആ ക്രൂരത കണ്ട് മനം നൊന്ത മുനികുപിതനായി നിഷാദന്‍ ശ്വാശതമായ ലോകം പൂകുകയില്ല എന്ന് ശപിച്ചത് നിഷാദന്റെ വിധി. ഇങ്ങനെ പല കാര്യങ്ങളും നമ്മള്‍വിധിക്ക് വിട്ട് കൊടുത്ത് സമാശ്വസിക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഉല്പത്തിയും നിലനില്പും പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ സംഗതികളും ദൈവഹിതമനുസരിച്ചാണെങ്കിലും ചെയ്യേണ്ട കാര്യങ്ങള്‍ തക്ക സമയത്ത് കാര്യക്ഷമതയോടെ ചെയ്ത് തീര്‍ത്ത് ജീവിതം സഫലമാക്കാന്‍ ശ്രമിക്കുമെന്ന പ്രതിജ്ഞയുമായി നമുക്ക് ഈ പുതുവര്‍ഷം മുതല്‍ സൊല്ലാസം മുന്നോട്ടു പോകാം. മുന്നോട്ടുള്ള യാത്രയില്‍ മൊഴിമുത്തുകളായ വചനങ്ങള്‍ നമുക്ക് വഴിവിളക്കുകളാകട്ടെ.എല്ലാവര്ക്കും സന്തോഷവും സന്തുഷ്ടിയും സമൃദ്ധിയും ശ്രേയസ്സുമൊക്കെ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി നവവത്സരാശംസകള്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.