You are Here : Home / USA News

പെണ്ണെഴുത്ത്‌: സത്യവും മിഥ്യയും- ലാനാ കണ്‍വെന്‍ഷനില്‍ വനിതാ സെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, July 28, 2013 12:10 hrs UTC

ചിക്കാഗോ: മലയാള സാഹിത്യ മേഖലയില്‍ വനിതാ എഴുത്തുകാരുടെ സ്ഥാനവും ബഹുമാന്യതയും അനിഷേധ്യമാണ്‌. കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന അനവധി അമൂല്യ കൃതികളുടെ രചയിതാക്കള്‍ നമ്മുടെ സ്‌ത്രീജനങ്ങളാണെന്നുള്ളത്‌ ഏവരും അംഗീകരിക്കുന്ന വസ്‌തുതയാണെങ്കിലും അവരുടെ രചനകള്‍ക്ക്‌ `പെണ്ണെഴുത്ത്‌' എന്നൊരു വര്‍ഗ്ഗീകരണം നല്‍കേണ്ടതുണ്ടോയെന്നത്‌ അനേക വര്‍ഷങ്ങളായി സാഹിത്യ മേഖലയിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്‌. പെണ്ണെഴുത്ത്‌ എന്നൊരു പട്ടംചാര്‍ത്തി സംവരണം ചെയ്യപ്പെടേണ്ടതല്ല അവരുടെ രചനകളെന്ന്‌ ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ അങ്ങനെയൊരു വര്‍ഗ്ഗീകരണത്തിന്‌ പ്രസക്തിയുണ്ടെന്ന്‌ വാദിക്കുന്നവരില്‍ മലയാളത്തിലെ പ്രശസ്‌തരായ പല വനിതാ എഴുത്തുകാരും സാഹിത്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കാലങ്ങളായി ചൂടേറിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ പോരാട്ടങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഈ വിഷയം ചിക്കാഗോയില്‍ വെച്ച്‌ നടക്കുന്ന ലാനാ ദേശീയ സമ്മേളനത്തിലും ചര്‍ച്ചയ്‌ക്കെടുക്കുകയാണ്‌. വടക്കേ അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള പ്രമുഖ വനിതാ എഴുത്തുകാര്‍ ഈ സെമിനാറില്‍ പങ്കെടുക്കുന്നു. ആലുവാ സെന്റ്‌ സേവ്യേഴ്‌സ്‌ വിമന്‍സ്‌ കോളജ്‌ റിട്ട. പ്രൊഫസറും ഗ്രന്ഥകാരിയുമായ ഡോ. എന്‍.പി. ഷീല (ന്യൂയോര്‍ക്ക്‌), റിട്ടയേര്‍ഡ്‌ പീഡിയാട്രീഷ്യനും അറിയപ്പെടുന്ന എഴുത്തുകാരിയുമായ ഡോ. സുശീല രവീന്ദ്രനാഥ്‌ (ഫ്‌ളോറിഡ), ഫെമിനിസ്റ്റും എഴുത്തുകാരിയുമായ അഡ്വ. രതീദേവി (ചിക്കാഗോ), പ്രശസ്‌ത കഥാകാരിയും കവയത്രിയുമായ റീനി മമ്പലം (കണക്‌ടിക്കട്ട്‌), പ്രമുഖ നോവലിസ്റ്റും കഥാകാരിയുമായ നീന പനയ്‌ക്കല്‍ (ഫിലാഡല്‍ഫിയ), പ്രശസ്‌ത കഥാകാരിയും കോളമിസ്റ്റുമായ മീനു എലിസബത്ത്‌ (ഡാളസ്‌), പ്രമുഖ എഴുത്തുകാരിയും പ്രാസംഗികയുമായ നിര്‍മ്മല തോമസ്‌ (കാനഡ) എന്നിവരാണ്‌ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌. 2013 നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്നുവരെ ചിക്കാഗോ ഒഹയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടല്‍ ഷെറാട്ടണില്‍ വെച്ചാണ്‌ ലാനയുടെ ഒമ്പതാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌. കേരളാ സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലും കാനഡയില്‍ നിന്നുമുള്ള സാഹിത്യപ്രവര്‍ത്തകരുടെ ഈ കൂട്ടായ്‌മയില്‍ വനിതാ സെമിനാറിനു പുറമെ സാഹിത്യത്തിന്റെ സമസ്‌ത മേഖലയിലുമുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.