You are Here : Home / USA News

പുതിയ കേരള ജില്ലകളായി മറുനാടന്‍ മലയാളിസമൂഹങ്ങളെ പരിഗണിക്കണമെന്ന്‌ -ഓര്‍മ്മ

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, November 21, 2014 09:30 hrs UTC

ഫിലഡല്‍ഫിയ: മറുനാടന്‍ മലയാളിസമൂഹങ്ങളെ പുതിയ കേരള ജില്ലകളായി പരിഗണിക്കണമെന്ന്‌ `ഓര്‍മ്മ' നിര്‍വാഹകസമിതിയോഗം കേരള സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക എന്ന `ഓര്‍മ്മയുടെ' നാഷണല്‍?പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം അദ്ധ്യക്ഷനായി. സ്‌പോക്‌സ്‌പേഴ്‌സണ്‍ ജോര്‍ജ്‌ നടവയല്‍ പ്രമേയം അവതരിപ്പിച്ചു. ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ചെയര്‍മാന്‍ സിബിച്ചന്‍ ചെംബ്ലായില്‍?നിര്‍വാഹകസമിതിയോഗത്തിന്‌ ഭദ്രദീപം തെളിച്ചു. വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഫീലിപ്പോസ്‌ ചെറിയാന്‍ നന്ദിയും പറഞ്ഞു. ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളിസ്‌ ഇന്‍ അമേരിക്ക അവതരിപ്പിച്ച,

 

'സൈബര്‍ യുഗ കേരളാ ജില്ലകള്‍' എന്ന പേരിലുള്ള പ്രമേയത്തിലെ ഉള്ളടക്കം : കേരളീയര്‍ `ലോക മലയാളികള്‍' എന്ന നിലയിലേക്ക്‌ വളര്‍ന്ന `സൈബര്‍ യുഗത്തില്‍' അതനുസരിച്ചുള്ള പൊളിറ്റിക്കല്‍ സയന്‍സ്‌ (രാഷ്ട്രമിമാംസകള്‍) രൂപപ്പെടുത്തേണ്ടതുണ്ട്‌. മറുനാടന്‍ മലയാളികളാണ്‌ ഇന്ന്‌ കേരളത്തെ പോറ്റുന്നത്‌. അവരുടെ കഠിനാദ്ധ്വാനത്തിന്റെ സദ്‌ഫലങ്ങളെ, തദ്ദേശീയ മലയാളികള്‍ ധൂര്‍ത്തടിക്കുകയും, കുത്തഴിഞ്ഞ സാമൂഹ്യ നിലപാടുകളിലൂടെ കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിക്കുകയുമാണ്‌. കാലം ചവറ്റുകൊട്ടയിലെറിഞ്ഞ പ്രതികരണ രീതികളുടെ കന്നുകാലിത്താവളങ്ങളിലാണ്‌ കേരള സമൂഹം ഇന്ന്‌ അഭിരമിക്കുന്നത്‌. പെരുമാറ്റ മര്യാദകളില്ലാത്ത, പൗരബോധമറ്റ്‌ പൊതുമുതല്‍?വ്യഭിചരിക്കുന്ന, മാലിന്യക്കുമ്പാരങ്ങളായി മാറുന്ന സാമൂഹിക ക്രമമുള്ള ഇന്നത്തെ കേരളം; കഴിഞ്ഞ ദശകങ്ങളിലെ കേരളത്തിന്റെ നന്മകളെ കൈയൊഴിഞ്ഞ്‌, വിപരീത ബുദ്ധികളുടെയും ചെപ്പടി വിപ്ലവക്കാരുടെയും ദുര്‍ഭൂത നിലവറകളായി മാറിയിരിക്കുന്നു. ഈ ദുരന്തത്തില്‍ നിന്ന്‌ കേരളത്തെ കരകയറ്റുന്നതിന്‌ മറുനാടന്‍ മലയാളികളുടെ അനുഭവജ്ഞാനം ഉപ യുക്തമാക്കണം.

 

ഓരോ വിദേശ രാജ്യങ്ങളിലും താമസ്സിച്ച്‌ കേരളത്തിലേക്ക്‌ പണമോ മസ്‌തിഷ്‌ക വിഭവങ്ങളൊ ഒഴുക്കുന്ന മലയാളി സമൂഹങ്ങളെ കേരളത്തിലെ `വിദൂര ജില്ലക'കളായി?പ്രഖ്യാപിച്ച്‌ കേരളത്തിലെ നയതീരുമാനങ്ങളിലും സാമൂഹിക ക്രമപാലനത്തിലും വിദ്യാഭ്യാസ-ആരോഗ്യപാലന കാര്യങ്ങളിലും പങ്കാളിത്തം നല്‌കണം; നിയമസഭയിലും തദ്ദേശ ഭരണത്തിലും കമ്മീഷണുകളിലും കോര്‍പ്പറേഷണുകളിലും അക്കാഡമികളിലും കൗണ്‍സിലുകളിലും സിന്റിക്കേറ്റുകളിലും കമ്മറ്റികളിലും കോര്‍പ്പറേഷണുകളിലും പ്രാതിനിധ്യം നല്‌കണം. കേരളത്തിലെ പത്രങ്ങളും ദൃശ്യ ശ്രാവ്യ മാദ്ധ്യമങ്ങളും നിലവിലുള്ള 14 ജില്ലകള്‍ക്കും പേജുകള്‍ നീക്കി വച്ചിരിക്കുന്നതുപോലെ, ഈ വിദൂര ജില്ലകള്‍ക്കും പേജുകള്‍ നീക്കി വയ്‌ക്കണം. അമേരിക്കയിലെ മലയാളി സമൂഹത്തെ `അമേരിക്കയിലെ കേരള ജില്ല' എന്ന നിലയില്‍ കണക്കാക്കണം. കേരളത്തിലെ മാദ്ധ്യമങ്ങളുടെ ലിങ്കുകളായി വിദേശ മലയാള പത്രങ്ങളെ കൈകോര്‍ത്ത്‌ പ്രവര്‍ത്തിപ്പിക്കണം.

 

അമേരിക്കയിലെ അംബ്രല്ലാസംഘടനകള്‍ക്കും വിവിധ സാമൂഹിക സംഘടനകള്‍ക്കും കേരള ഭരണകൂടം കൂടുതല്‍ പ്രസക്തമായ അംഗീകാരം നല്‍കണം. കേരളത്തിന്റെ അംബാസ്സിഡര്‍മാരാണ്‌ വിദേശ മലയാളികള്‍ എന്ന `സോപ്പിടീല്‍' കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിപ്പിച്ചു കൂടാ. `ബ്രയിന്‍ ഡ്രയിന്‍ ഫലത്തില്‍ ബ്രയിന്‍ ഗെയിന്‍ ആണ്‌' എന്ന്‌ ലോക മലയാളികള്‍ തെളിയിച്ചിരിക്കുന്നു. വിദേശ മലയാളിയുവതലമുറയുടെ സര്‍ഗാത്മകവും ശാസ്‌ത്രോത്സുകവുമായ കഴിവുകളെ കേരള സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുവാന്‍ വിദേശ മലയാളികളെ കേരള സര്‍ക്കാര്‍, കേരള തനയര്‍ എന്ന നിലയില്‍ പ്രവൃത്തിരംഗങ്ങളില്‍ അംഗീകരിച്ച്‌ പ്രോത്സാഹിപ്പിക്കണം. അമേരിക്കയില്‍ വരുന്നതിനു മുമ്പ്‌ മറ്റു വിദേശ രാജ്യങ്ങളില്‍ സേവനം ചെയ്‌ത്‌ ആര്‍ജ്ജിച്ച അനുഭവ സമ്പത്തുമായി, വികസിത ലോകത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍ താമസാമുറപ്പിക്കുമ്പോളും, സ്വന്തം ജന്മനാടായ കേരളത്തിന്റെ ഗൃഹാതുരസ്‌മരണകളെ നെഞ്ചേറ്റുന്ന കുടുംബങ്ങളുടെ സൗഹൃദ കൂട്ടായ്‌മ എന്ന നിലയില്‍, ഗതകാലമലയാള നന്മകള്‍ക്കു വേണ്ടി നിലകൊള്ളുന്ന ഓര്‍മ; `കേരളത്തിന്റെ വിദൂര ജില്ലകള്‍' എന്ന ആശയത്തെ മുന്നോട്ടു വയ്‌ക്കുന്നത്‌, `ആഗോള മലയാള ഗ്രാമം' എന്ന ആധുനിക സൈബര്‍ മാറ്റങ്ങളുടെ അനന്ത സാദ്ധ്യതകളില്‍, മലയാണ്മയുടെ തനതു പുണ്യശീലങ്ങള്‍ തലമുറ തലമുറയായ്‌ കൈമാറ്റം ചെയ്‌ത്‌, ലോകത്തിനു തന്നെ മാതൃകയാകുന്നതിനു വേണ്ടി, വരുംകാലങ്ങളില്‍?ഉപകരിക്കണം എന്നതിനാലാണെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം പറഞ്ഞു. `ക്യാമല്‍ റ്റു കാഡിലാക്‌' എന്ന എടുത്തു ചാട്ടത്തിലെ അല്‌പ്പത്തമല്ല ഓര്‍മാ പ്രവര്‍ത്തകരുടെ അനുഭവ സമ്പത്ത്‌. `ഓര്‍മ്മയുടെ വിവിധ ചാപ്‌റ്റര്‍ പ്രസിഡന്റുമാര്‍ ഈ ആശയത്തിന്‌ വ്യാപ്‌തി നല്‌കുന്നതിന്‌ തുടര്‍നടപടികള്‍ കൈക്കൊള്ളും. ദേശീയ ട്രഷറാര്‍ അലക്‌സ്‌ തോമസ്‌, അലക്‌സ്‌ പള്ളിവാതുക്കല്‍ (ഡാളസ്‌), ജെയിംസ്‌ തുണ്ടത്തില്‍ (നോര്‍ത്ത്‌ കരോലിനാ), ജിബി തോമസ്‌ (ന്യൂജേഴ്‌സി), റോയി തോമസ്‌ ( ന്യൂയോര്‍ക്ക്‌), ഫ്രാന്‍സീസ്‌ പടയാറ്റി (പെന്‍സില്‍വേനിയ), ആന്റോച്ചന്‍ ചാവറ ( ഫ്‌ളോറിഡ), സാബൂ ജോണ്‍ (കാലിഫോര്‍ണിയ) എന്നിവരുടെ നേതൃത്വത്തില്‍ ഓര്‍മ്മയുടെ?ഈ ദൗത്യ പ്രചരണം?ആസുത്രിതമായി തുടരും'. ദേശീയ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ഓലിക്കല്‍?ചൂണ്ടിക്കാണിച്ചു. `മുന്‍ കേന്ദ്ര മന്ത്രിയും മേഖാലയാ ഗവര്‍ണ്ണരും സാംസ്‌കാരിക നേതാവുമായ എം എം ജേക്കബ്‌, അമേരിക്കന്‍ മലയാളികളുടെ നക്ഷത്ര ദീപമായ ഡോ. എം. വി. പിള്ള എന്നിവരാണ്‌ ഓര്‍മ്മയുടെ രക്ഷാധികാരികള്‍ എന്നത്‌ ആശയ പ്രചരണത്തിനും ഫലപ്രാപ്‌തിക്കും കരുത്തു നല്‌കും' ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.