You are Here : Home / USA News

പ .കാതോലിക്കാ ബാവ വാഷിങ്‌ടണില്‍: സുവര്‍ണ്ണ ജൂബിലി ഉദ്‌ഘാടനം സെപ്‌റ്റംബര്‍ 28ന്‌

Text Size  

Story Dated: Thursday, August 28, 2014 08:52 hrs UTC

 
 
 
വാഷിങ്‌ടണ്‌ ഡി.സി: അമേരിക്കയുടെ തലസ്ഥാനത്തിനു തിലകക്കുറിയായി പരിലസിക്കുന്ന സെന്‍റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ അന്‍പതാമത്‌ വാര്‍ഷികം 2014 സെപ്‌റ്റംബര്‍ 28ന്‌ ഭാരതത്തിന്റെ അപ്പോസ്‌തോലനായ വി. മാര്‍ത്തോമാ ശ്ലീഹായുടെ പിന്‍ഗാമി പ. ബസ്സേലിയോസ്‌ മാര്‍ത്തോമാ പൗലോസ്‌ രണ്ടാമന്‍ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപോലീത്തായും കാതോലിക്കയുമായ പൗലോസ്‌ രണ്ടാമന്‍റെ അമേരിക്കന്‍ തലസ്ഥാന നഗരിയിലേക്കുള്ള ആദ്യ ശ്ലൈഹീക സന്ദര്‍ശനമാണെന്നത്‌ അതിപ്രാധാന്യത്തോടെയാണ്‌ ഇവിടുത്തെ ക്രിസ്‌തീയ സമൂഹവും,ഭാരതീയരും ഒരുപോലെ കാണുന്നത്‌.
 
1965 ല്‍, കുറ്റിക്കണ്ടത്തില്‍ കെ. സി. മാത്യൂസ്‌ അച്ചന്‍ (കാലം ചെയ്‌ത ഡോ. തോമസ്‌ മാര്‍ മക്കാറിയോസ്‌) ആദ്യമായി കുര്‍ബാനയര്‍പ്പിച്ച്‌ ആരംഭിച്ചതാണ്‌ വാഷിങ്‌ടണ്‌ സെന്‍റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌ള്‍സ്‌ പള്ളി എന്ന അഭിധാനത്തില്‍ അറിയപ്പെടുന്ന ഈ പള്ളി. അമേരിക്കയില്‍ Virginiayil പഠനാര്‍ത്ഥം വന്ന കെ.സി.മാത്യൂസ്‌ അച്ചന്റെ നിതാന്ത പരിശ്രമ ഫലമായി, മെറിലാന്റിലും, വിര്‍ജിനിയയിലും, വാഷിങ്ങ്‌ടന്‍ ഡി.സിയിലും ചിതറിപ്പാര്‍ത്ത ചെറുപ്പക്കാരെ ഒരുമിപ്പിച്ചുചേര്‍ത്ത്‌ വാടക കെട്ടിടത്തില്‍ ആരംഭിച്ച ചെറുസംരംഭമാണ്‌ ഇന്ന്‌ പതിനഞ്ചുകോടിയോളം രൂപ വിലമതിക്കുന്ന പന്തീരായിരം ചതുരശ്ര അടിയുള്ള സുന്ദര സൗധമായി വിളങ്ങുന്ന ഈ പള്ളി. തുടര്‍ന്ന്‌ സഭയിലെ പല വൈദികരുടെയും നിസ്‌തുലസേവനം ഈ ഇടവകയ്‌ക്ക്‌ ലഭിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷങ്ങള്‍ക്ക്‌ വികാരി ഫാ.ഡോ .ജോണ്‌സന്‍ സി .ജോണിന്റെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
 
മലങ്കരയുടെ താപസ ഗുരുവായിരുന്ന പ.ദിദിമോസ്‌ പ്രഥമന്‍ ബാവ അടിസ്ഥാന ശില പ്രാര്‍ത്ഥിച്ച്‌ ആശീര്‍വദിച്ച്‌ ആരംഭിച്ച ഈ ദേവാലയത്തിന്റെ വി.മൂറോന്‍ കൂദാശ പുണ്യശ്ലോകനായ അഭിവന്ദ്യ മാത്യൂസ്‌ മാര്‍ ബര്‍ന്നബാസ്‌ തിരുമേനിയാണ്‌ നിര്‍വഹിച്ചത്‌ .അനേക പിതാക്കന്മാരുടെ സന്ദര്‍ശനം കൊണ്ട്‌ അനുഗ്രഹിക്കപ്പെട്ട ഈ ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി 2014 സെപ്‌റ്റംബര്‍ 28ന്‌ നടത്തുന്നത്‌ തികച്ചും ദൈവ കരുണയുടെയും അനുഗ്രഹത്തിന്റെയും സാക്ഷ്യത്തോടെയാണ്‌ . മലങ്കര സഭയുടെ പരമാധ്യക്ഷന്റെ സന്ദര്‍ശനത്താല്‍ ഈ ദേവാലയ ജൂബിലി വര്‍ഷം കൂടുതല്‍ അനുഗ്രഹിക്കപ്പെടുകയാണ്‌.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ കര്‍മ്മപരിപാടികള്‍ ഉദ്‌ ഘാടനം ചെയ്യുന്നതോടെ നോര്‍ത്ത്‌ ഈസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിന്റെ ചരിത്രത്തിലും പുതിയ നാഴികക്കല്ല്‌ പിന്നിടുന്നതിനു ഈ സംരംഭം ഉല്‍പ്രേരകമായി തീരുന്നു.ഇന്ത്യയിലെ പാവപ്പെട്ടവരായ 50 നിര്‍ദ്ധനരെ സഹായിക്കുന്ന പദ്ധതി, അമേരിക്കയിലെ വിവിധ സമൂഹങ്ങളില്‍ പാര്‍ശ്വവല്‍ക്കരിക്കപെടുന്നവരെ പരിരക്ഷിക്കുന്ന പദ്ധതി , സെമിനാറുകള്‍,വിവിധ സാമുദായികസാംസ്‌കാരിക സമ്മേളനങ്ങള്‍ ,അഖിലമലങ്കര ഉപന്യാസ മത്സരം ഇവയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ ജനത്തെ നയിക്കുക ഇവയെല്ലാം ജൂബിലി ലക്ഷ്യമിടുന്നു .
വി. വേദപുസ്‌തകം ആധാരമാക്കി(ലേവ്യ പുസ്‌തകം 25: 813) ദൈവത്തോടുള്ള ബന്ധത്തില്‍ ശരീരാത്മദേഹികളുടെ ശുദ്ധീകരണത്തിനും ദൈവകൃപയുടെ പൂര്‍ണ്ണ സമര്‍പണത്തിനുമായി ജൂബിലി സമര്‍പ്പിക്കുന്നു. ഏഴു ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അമ്പതാമത്തെ സംവത്സരം ശാബതു പോലെ സമര്‍പ്പിക്കേണ്ട വിശുദ്ധ വര്‍ഷമാകുന്നുവെന്നു പഴയനിയമം ഓര്‍മ്മിപ്പിക്കുന്നു .പുതിയനിയമത്തില്‍ സകല അടിമത്തത്തില്‍ നിന്നുമുള്ള വിമോചനമാണ്‌ ജൂബിലികൊണ്ട്‌ ഉദ്ദേശിക്കപെടുന്നത്‌ (ലൂക്കോസ്‌ 4:1621, 2 കൊരി. 6 :12 ).
 
അറുപതിലധികം കുടുംബങ്ങളുള്ള ഈ ഇടവകയില്‍ സണ്ഡേസ്‌കൂള്‍ , ബാലസമാജം ,എം .ജി .ഒ .സി .എസ്‌ .എം ,ഫോക്കസ്‌ ,മെന്‍സ്‌ ഫോറം ,മര്‍ത്തമറിയ വനിതാ സമാജം , പ്രാര്‍ത്ഥനായോഗം, ശുശ്രൂഷക സംഘം എന്നിവ കൃത്യമായി ആഴ്‌ചതോറും സമ്മേളിയ്‌ക്കുന്നു . വിദ്യാസമ്പന്നരും സമര്‍പ്പിതരുമായ ഒരു കൂട്ടം യുവാക്കളുടെ സേവനം ഈ ഇടവകയ്‌ക്കും നാടിനും പ്രയോജനം ചെയ്യുന്നു .ടടഘ മുതലായ പ്രസ്ഥാനങ്ങളിലൂടെ സാമൂഹ്യ സേവന സന്നദ്ധതയുള്ള കുറെപ്പേരുടെ നിര്‍ലോപ സഹകരണമാണ്‌ ഇന്ന്‌ ഈ ഇടവകയുടെ കൈമുതല്‍ .
 
ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയാസ്‌ മാര്‍ നിക്കോളോവാസ്‌ (രക്ഷാധികാരി) ,ഫാ .ഡോ .ജോണ്‌സന്‍ സി .ജോണ്‌ (വികാരി ), ശ്രീ .കെ .യോഹന്നാന്‍ (ജന : കണ്വീനര്‍ ), ശ്രീ .രാജന്‍ യോഹന്നാന്‍ (ട്രസ്റ്റി ), ശ്രീ .ജോയ്‌ സി .തോമസ്‌ (സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ജൂബിലി കമ്മിറ്റി പ്രവര്‍ത്തിക്കുന്നു .
 
പ്രബന്ധ ഗവേഷണ മത്സരം
വാഷിംഗ്‌ടന്‍ ഡി.സി: സെന്‍റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ ഗവേഷണപ്രബന്ധ മത്സരം നടത്തുന്നു :
 
വിഷയം പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയഎക്യുമെനിക്കല്‍ ദര്‍ശനങ്ങളും സംഭാവനകളും
 
ഒന്നാം സമ്മാനം : $ 500 / Rs .30,000 ഉം ,സെന്റ്‌ തോമസ്‌ അവാര്‍ഡും
രണ്ടാം സമ്മാനം : $ 200 / Rs . 12,000
സ്വന്തം കൈപ്പടയില്‍ തയ്യാറാക്കി 20 പേജില്‍ കുറയാതെ 25 പേജില്‍ കൂടാതെ (2000 മുതല്‍ 2500 വാക്കുകള്‍ ) തയ്യാറാക്കി വികാരിമാരുടെ കത്ത്‌ , സണ്ഡേസ്‌കൂള്‍ ഹെഡ്‌ മാസ്റ്ററുടെ സാക്ഷ്യപത്രം എന്നിവ സഹിതം Rev.Fr .Dr .Johnson C .John, Malankara Sabha Masika, Devalokam, Kottayam, Kerala- 4 , India എന്ന വിലാസത്തില്‍ 2014 ഡിസംബര്‍ 31നകം അയച്ചു തരേണ്ടതാണ്‌ .
 
Visit Website for more details: www.st-thomas-orthodox-dc.org
 
ധനസഹായം
 
സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങളായ നിര്‍ദ്ധനരായ കുടുംബങ്ങളില്‍ നിന്നും ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ അതാതു ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം Rev.Fr .Dr .Johnson C .John , 13505 New Hampshire Ave ,SilverSpring ,Maryland -20904 ,USA എന്ന വിലാസത്തില്‍ 2014 ഡിസംബര്‍ 31നകം അയച്ചു തരേണ്ടതാണ്‌ .
 
Visit Website for more details: www.st-thomas-orthodox-dc.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.