You are Here : Home / USA News

ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 03, 2014 09:38 hrs UTC



ലോസ്‌ആഞ്ചലസ്‌: ലോസ്‌ ആഞ്ചലസ്‌ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഇടവക മധ്യസ്ഥ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 18 മുതല്‍ 28 വരെ ആഘോഷിച്ചു.

ജൂലൈ 18-ന്‌ ഇടവക വികാരി റവ.ഫാ. കുര്യാക്കോസ്‌ വാടാനയുടെ കാര്‍മികത്വത്തില്‍ കൊടിയേറിയതിനുശേഷം ഒമ്പത്‌ ദിവസത്തേക്ക്‌ നൊവേനയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തിരുനാളിന്റെ രണ്ടാം ദിവസം ഇടവകയിലെ യുവജനസംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുകര്‍മ്മങ്ങള്‍ക്കുശേഷം ചാരിറ്റി നൈറ്റ്‌ നടത്തുകയുണ്ടായി. തിരുനാളിന്റെ മൂന്നാം ദിവസം ഇടവകയില്‍ മതബോധന ക്ലാസില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി ഇംഗ്ലീഷില്‍ കുര്‍ബാനയുണ്ടായിരുന്നു.

ലോസ്‌ആഞ്ചലസിലേയും സമീപ പ്രദേശങ്ങളിലേയും വൈദീകരായ വികാരി ജനറാള്‍ റവ.ഫാ. തോമസ്‌ മുളവനാല്‍, റവ.ഫാ. മാര്‍ട്ടിന്‍ വരിക്കാനിക്കല്‍, റവ.ഫാ. സെബാസ്റ്റ്യന്‍ വെട്ടിക്കല്‍, റവ.ഫാ. ജേക്കബ്‌ തോമസ്‌ വെട്ടത്ത്‌, റവ.ഫാ. റോയി കാലായില്‍, റവ.ഫാ. തോമസ്‌ ചെല്ലന്‍, റവ.ഫാ. ബെന്നി അയത്തുപാടം, റവ.ഫാ. കുര്യാക്കോസ്‌ മാമ്പ്രക്കാട്ട്‌ എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ കുര്‍ബാനയ്‌ക്കും നൊവേനയ്‌ക്കും കാര്‍മികത്വം വഹിക്കുകയുണ്ടായി. ഇവരെ കൂടാതെ മറ്റ്‌ ക്രിസ്‌തീയ സഭാ വൈദീകരായ റവ.ഫാ. ജോണ്‍ ഉമ്മന്‍ (സെന്റ്‌ ആന്‍ഡ്രൂസ്‌ മാര്‍ത്തോമാ ചര്‍ച്ച്‌ വികാരി), റവ.ഫാ. സാബു തോമസ്‌ ചോറാട്ടില്‍ കോര്‍എപ്പിസ്‌കോപ്പ (വികാരി സെന്റ്‌ മേരീസ്‌ യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌, ലോസ്‌ആഞ്ചലസ്‌) എന്നിവരും തിരുഹൃദയ ആരാധനാ സമൂഹാംഗമായ സിസ്റ്റര്‍ റ്റെസ്‌ലിനും പ്രത്യേക തിരുനാള്‍ സന്ദേശങ്ങള്‍ നല്‍കി. തിരുനാളിന്റെ എട്ടാം ദിവസം സീറോ മലങ്കര റീത്തിലാണ്‌ വി. കുര്‍ബാന അര്‍പ്പിക്കപ്പെട്ടത്‌.

പ്രധാനപ്പെട്ട തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 26-ന്‌ സാന്റാ അന്നാ സെന്റ്‌ തോമസ്‌ ഫൊറോനാ വികാരി റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്കും നൊവേനയ്‌ക്കും മുഖ്യകാര്‍മികത്വം വഹിച്ചു. സഹനങ്ങള്‍ പല രൂപത്തിലും ഭാവത്തിലും വരുമ്പോള്‍ അത്‌ ഒഴിവാക്കാതെ, അത്‌ ദൈവപദ്ധതിയാണെന്നറിഞ്ഞ്‌ ദൈവപരിപാലനയില്‍ ആശ്രയിച്ച്‌ ആ സഹനങ്ങളെ ശ്രേഷ്‌ഠമായി അംഗീകരിക്കണമെന്ന്‌ അദ്ദേഹം തന്റെ തിരുനാള്‍ സന്ദേശത്തില്‍ ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. തുടര്‍ന്ന്‌ നടന്ന സ്‌നേഹവിരുന്നും ഇടവകാംഗങ്ങളുടെ കലാവിരുന്നും തിരുനാളിന്‌ കൂടുതല്‍ നിറവേകി.

പ്രധാന തിരുനാളിന്റെ രണ്ടാം ദിനമായ ജൂലൈ 27-ന്‌ റവ.ഫാ. പോള്‍ തോമസ്‌ ആഘോഷമായ പാട്ടുകുര്‍ബാനയ്‌ക്കും ലദീഞ്ഞിനും മുഖ്യകാര്‍മിക്തവം വഹിച്ചു. ദൈവത്തിന്റെ അഗാധമായ സ്‌നേഹത്തിലേക്ക്‌ എത്തിച്ചെല്ലുന്നതിനും, അത്‌ അനുഭവിക്കുന്നതിനും നമ്മള്‍ സ്വയം നിഹനിക്കണമെന്നും ലോകത്തിലുള്ളത്‌ എല്ലാം ഉപേക്ഷിക്കണമെന്നും അതിനാല്‍ വി. അല്‍ഫോന്‍സാമ്മയുടെ മാതൃക അനുകരിക്കണമെന്നും തിരുനാള്‍ സന്ദേശത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്‌തു. തുടര്‍ന്ന്‌ വി. അല്‍ഫോന്‍സാമ്മയുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനമായ ജൂലൈ 28-ന്‌ ഇടവകയിലെ എല്ലാ മരിച്ചവര്‍ക്കും വേണ്ടി റവ.ഫാ. സോണി സെബാസ്റ്റ്യന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാനയും ഒപ്പീസും നടത്തുകയുണ്ടായി.

ഒരു വെള്ളംനിറച്ചുവെച്ച പൊട്ടിയ കുടം അതു പോകുന്ന വഴിക്കെല്ലാം ജീവന്റെ പച്ചപ്പ്‌ നല്‍കുന്നതുപോലെ നമ്മളും മറ്റുള്ളവരുടെ സഹനത്തിലും വേദനയിലും ജീവന്റെ പച്ചപ്പും സന്തോഷവും കൊടുക്കണമെന്നും അതു തന്നെയാണ്‌ വി. അല്‍ഫോന്‍സാമ്മ തന്റെ ജീവിതത്തിലൂടെ നമ്മെ കാണിച്ചുതന്നതെന്ന്‌ ബഹു. സോണിയച്ചന്‍ തന്റെ സന്ദേശത്തില്‍ ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. അന്നേദിവസം തന്നെ തിരുഹൃദയ ആരാധനാ സമൂഹാംഗമായ സിസ്റ്റര്‍ ടെസ്‌ലിനും ഇടവക ജനങ്ങള്‍ക്കുവേണ്ടി സന്ദേശം നല്‍കുകയുണ്ടായി. നമ്മള്‍ നമ്മുടെ ഹൃദയത്തിന്റെ വിള്ളലുകളും ബലഹീനതകളും മനസിലാക്കണമെന്നും അത്‌ ദൈവം സൗഖ്യമാക്കുമെന്ന പ്രത്യാശ നമുക്ക്‌ ഉണ്ടാവണമെന്നും സിസ്റ്റര്‍ പറഞ്ഞു. സഹനങ്ങളും ദുഖങ്ങളും നമ്മെ കൂടുതല്‍ ശക്തരാക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുമെന്നും സിസ്റ്റര്‍ ഊന്നിപ്പറഞ്ഞു. എളിയ ജീവിതംകൊണ്ട്‌ ഏറ്റവും ഉന്നതമായ ദൈവത്തിന്റെ സ്‌നേഹവും പരിപാലനയും നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയുമെന്ന്‌ വി. അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ സ്‌നേഹപൂര്‍വ്വം ജനങ്ങളെ ഓര്‍മ്മപ്പെടുത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.