You are Here : Home / USA News

നയനമനോഹരമായി ഫോമാ ഘോഷയാത്ര

Text Size  

Story Dated: Saturday, June 28, 2014 05:55 hrs UTC

ജോര്‍ജ്‌ ജോസഫ്‌     

 

 


    

വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: നയനമനോഹരമായ ഘോഷയാത്ര ഫോമാ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തിന്റെ തിലകക്കുറിയായി. വേനല്‍ച്ചൂടില്‍ പച്ചപ്പണിഞ്ഞ ഭൂപ്രകൃതിയുടെ പശ്ചാത്തലത്തില്‍ റാഡിസണ്‍ ഹോട്ടലിന്റെ മുന്നില്‍ നിന്നാരംഭിച്ച ഘോഷയാത്ര ഒരു ഫര്‍ലോംഗോളം പിന്നിട്ട്‌ കണ്‍വന്‍ഷന്‍ വേദിയിലെത്തിയപ്പോള്‍ കാഴ്‌ചക്കാരായി ഒട്ടേറെ മുഖ്യധാരാ അമേരിക്കക്കാരും എത്തിയിരുന്നു.

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷററര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കേരളീയ ഉത്സവത്തിന്റെ തനിയാവര്‍ത്തനമായി ഘോഷയാത്ര. സെറ്റുടുത്ത വനിതകളും മുണ്ടുടുത്ത പുരുഷന്മാരും അണിനിരന്ന ഘോഷയാത്രയെ മുത്തുക്കുടകളും കാവടിയും വര്‍ണ്ണാഭമാക്കി. ഡിട്രോയിറ്റില്‍ നിന്നെത്തിയ കലാക്ഷേത്ര സംഘത്തിന്റെ ചെണ്ടമേളം വാലിഫോര്‍ജിനെ പ്രകമ്പനം കൊള്ളിച്ച്‌ മുന്നേറിയപ്പോള്‍ ഉത്സവം ഉച്ഛസ്ഥായിയിലായ പ്രതീതി.

തുടര്‍ന്ന്‌ പൊതുസമ്മേളനവും, സ്റ്റീഫന്‍ ദേവസിയുടെ മ്യൂസിക്‌ ഷോയും നടന്നു.

രാവിലെ യൂത്ത്‌ ഫെസ്റ്റിവലും വോളിബോള്‍ മത്സരവും തുടങ്ങിയതോടെ രണ്ടാംദിനത്തിന്റെ വേദികള്‍ ഉണര്‍ന്നു. യൂത്ത്‌ ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌ത നടി മംമ്‌താ മോഹന്‍ദാസ്‌ തനിക്ക്‌ സംസാരിക്കുന്നത്‌ സന്തോഷമുള്ള കാര്യമാണെന്നു പറഞ്ഞു. ലൈറ്റിനെയൊന്നും പേടിയില്ല. ഏറെ തിരക്കിനിടയില്‍ അര്‍ഹമായ വിശ്രമം തനിക്ക്‌ വീണുകിട്ടിയതുപോലെയായി ഈ സമ്മേളനം.

യുവജനതയുടെ അര്‍പ്പണബോധത്തെ പ്രശംസിച്ച അവര്‍ മലയാളികള്‍ സമയക്ലിപ്‌തത പാലിക്കാന്‍ പഠിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി.

ഒരു കിലോമീറ്റര്‍ അകലെയായിരുന്നു വോളിബോള്‍ ടൂര്‍ണമെന്റ്‌. എട്ടു ടീമുകള്‍ മാറ്റുരച്ച മത്സരം സമ്മേളനത്തിന്റെ ഏറ്റവും സജീവമായ ഘടകങ്ങളിലൊന്നായി. ഇരുനൂറോളം കളിക്കാരും സഹായികളുമാണെത്തിയത്‌. സംസ്‌കാരിക-പ്രവാസി കാര്യ വകുപ്പ്‌ മന്ത്രി കെ.സി ജോസഫ്‌, കെ.വി. തോമസ്‌ എം.പി, തോമസ്‌ ചാണ്ടി എം.എല്‍.എ, പത്തനംതിട്ട പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജി ചാക്കോ, എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളില്‍ തുടങ്ങിയ രാഷ്‌ട്രീയ നേതാക്കളും നടന്‍ മനോജ്‌ കെ. ജയന്‍, നടി മംമ്‌താ മോഹന്‍ദാസും ഉണ്ടായിരുന്നുവെങ്കിലും സമ്മേളനത്തില്‍ നിറഞ്ഞ കൈയ്യടി വാങ്ങി താരമായത്‌ കൈരളി ടിവിയുടെ ജോണ്‍ ബ്രിട്ടാസാണ്‌.

ബിസിനസ്‌ ലഞ്ച്‌ ഉദ്‌ഘാടനം ചെയ്‌ത തോമസ്‌ ചാണ്ടി എം.എല്‍.എ കേരളത്തില്‍ വന്ന്‌ ബിസിനസ്‌ ചെയ്യണമെന്ന്‌ താന്‍ ഉപദേശിക്കുന്നതായി പറഞ്ഞു. കേരളത്തിനു പുറത്തും അതാകാം. ഗള്‍ഫില്‍ സ്‌കൂളുകള്‍ നടത്തുന്ന തനിക്ക്‌ ന്യൂജേഴ്‌സിയില്‍ ദിലീപ്‌ വര്‍ഗീസ്‌ സ്‌കൂള്‍ നടത്തുന്നതു കണ്ടപ്പോള്‍ അതിശയം തോന്നി. തന്റെ റിസോര്‍ട്ടില്‍ വന്നു താമസിക്കുന്ന ഫോമാ അംഗങ്ങള്‍ പകുതി നിരക്ക്‌ നല്‌കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ സംഭാവനകള്‍ കേരളത്തിന്‌ മറക്കാനാവുന്നതല്ലെന്ന്‌ മന്ത്രി കെ.സി. ജോസഫ്‌ പറഞ്ഞു. ഒരുലക്ഷം കോടി രൂപയിലേറെ പ്രവാസി നിക്ഷേപമുണ്ട്‌. കേരളത്തില്‍ വികസനം കുറവാണ്‌. പക്ഷെ പച്ചപ്പും ഗ്രാമ്യതയുമൊക്കെ നിലനില്‍ക്കുന്നത്‌ പ്രവാസികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്‌.

കേരളത്തില്‍ വികസനം നാം ആഗ്രഹിക്കുന്നുണ്ട്‌. പക്ഷെ മാറ്റങ്ങള്‍ ഇഷ്‌ടപ്പെടാത്ത ജനതയാണ്‌ കേരളീയര്‍. ലോകമെങ്ങും മാറ്റങ്ങള്‍ ഉണ്ടാകുന്നു. കേരളത്തിലും അതു പ്രതിഫലിക്കണമെന്ന്‌ നിങ്ങള്‍ മോഹിക്കുന്നു. പക്ഷെ അതുണ്ടാകുന്നില്ല. കംപ്യൂട്ടര്‍ വന്നപ്പോള്‍ അത്‌ തല്ലിയുടച്ച പാരമ്പര്യമാണ്‌ നമുക്ക്‌. അതു കേരളത്തെ കാല്‍ നൂറ്റാണ്ട്‌ പിന്നിലേക്കു കൊണ്ടുപോയി.

കേരളത്തിനുവേണ്ടി സദാ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റും 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന മുഖ്യമന്ത്രിയുമാണുള്ളത്‌. നിങ്ങള്‍ കേരളത്തിലേക്ക്‌ വരണം. ഗവണ്‍മെന്റിനെക്കൊണ്ട്‌ ചെയ്യാവുന്ന കാര്യങ്ങളെല്ലാം നിങ്ങള്‍ക്കായി ചെയ്യും- അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടയപ്പോള്‍ മൊട്ടുസൂചി പോലും ഉത്‌പാദിപ്പിക്കാത്ത രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഇന്ന്‌ ലോകത്ത്‌ ഏറ്റവും അധികം ഭക്ഷ്യധാന്യം ഉത്‌പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ വളര്‍ന്നുവെന്ന്‌ കെ.വി. തോമസ്‌ എം.പി പറഞ്ഞു. ഏറ്റവും അധികം സ്വാതന്ത്ര്യമുള്ള നാടുമാണത്‌. ഇടയ്‌ക്ക്‌ നിങ്ങള്‍ കേരളത്തില്‍ വരണം. ബന്ദും ഹര്‍ത്താലും അനുഭവിക്കാനും ചെലപ്പോഴൊക്കെ കല്ലേറ്‌ കിട്ടാനുമൊക്കെ മറ്റൊരു നാട്‌ ഉണ്ടായി എന്നു വരില്ല. ഇതൊക്കെ കേരളത്തില്‍ ഉള്ളതു മാത്രമാണ്‌. അതാണ്‌ നമ്മുടെ സ്വാതന്ത്ര്യം- അദ്ദേഹം പറഞ്ഞു.

പത്രക്കാര്‍ കേരളത്തില്‍ കുഴപ്പങ്ങള്‍ സൃഷ്‌ടിക്കുന്നു എന്നു പറയുന്നത്‌ ഒരു പരിധിവരെ ശരിയാണെന്ന്‌ ജോണ്‍ ബ്രിട്ടാസ്‌ പറഞ്ഞു. പക്ഷെ രാഷ്‌ട്രീയ നേതാക്കള്‍ പറയുന്നതു കേട്ട്‌ കേരളത്തിലേക്ക്‌ വരരുത്‌. അവര്‍ ഇവിടെ വെച്ച്‌ തേനേപാലേ എന്നൊക്കെ പറയും. അവിടെ ചെന്നാല്‍ കണ്ടഭാവം നടിച്ചെന്നു വരില്ല. തിരിച്ചുവന്ന്‌ ഉള്ള സൗഭാഗ്യങ്ങള്‍ നഷ്‌ടപ്പെടുത്തരുത്‌. അല്ലെങ്കില്‍ തോമസ്‌ ചാണ്ടി എം.എല്‍.എയെപ്പോലെ ബുദ്ധിമാന്മാരായിരിക്കണം- ബ്രിട്ടാസ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.