You are Here : Home / USA News

ന്യൂജേഴ്‌സി ശാലോം ഫെസ്റ്റിവലില്‍ യുവാക്കള്‍ക്കും കുട്ടികള്‍ക്കും ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനശുശ്രൂഷകള്‍

Text Size  

Story Dated: Friday, June 20, 2014 08:28 hrs UTC

  - ജോസ്‌ മാളേയ്‌ക്കല്‍        


ലോദി, ന്യൂജേഴ്‌സി: രണ്ടുമാസത്തിലധികം നീണ്ടുനില്‍ക്കുന്ന മധ്യവേനല്‍ അവധിക്കാലം കുട്ടികള്‍ക്ക്‌ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുന്ന മാതാപിതാക്കള്‍ക്ക്‌ ഇതാ ഒരു സദ്‌വാര്‍ത്ത. വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍, സമ്മര്‍ ക്യാമ്പ്‌ എന്നിവ പോലെ തന്നെ കുട്ടികളുടെ മാനസികവും ആത്‌മീയവുമായ ഉണര്‍വിനുപകരിക്കുന്ന നല്ലൊരു ആത്‌മീയ വിരുന്ന്‌ കുട്ടികള്‍ക്കായി ശാലോം ഒരുക്കുന്നു. മാതാപിതാക്കള്‍ കുട്ടികളോടൊപ്പം ഈ ദ്വിദിന ദൈവികക്യാമ്പില്‍ പങ്കെടുക്കണമെന്നു മാത്രം. 2014 ജൂലൈ 5, 6 ശനി, ഞായര്‍ ദിവസങ്ങളിലായി ന്യൂജേഴ്‌സിയില്‍ ലോദിയിലുള്ള ഫെലിഷ്യന്‍ കോളേജില്‍ (262 സൗത്ത്‌ മെയിന്‍ സ്‌ട്രീറ്റ്‌, ലോദി, ന്യൂജേഴ്‌സി 07644) നടക്കുന്ന നോര്‍ത്തീസ്റ്റ്‌ റീജിയണല്‍ ശാലോം ഫെസ്റ്റിവലില്‍ ഹൈസ്‌കൂള്‍-കോളജ്‌ യുവതീയുവാക്കള്‍ക്കും, കുട്ടികള്‍ക്കുമായി ഇംഗ്ലീഷില്‍ പ്രത്യേക ശുശ്രൂഷകള്‍ രണ്ടുദിവസവും ക്രമീകരിച്ചിട്ടുണ്ടെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. പ്രശസ്‌ത യുവജന വചനപ്രഘോഷകരായ കെന്‍ യാസിന്‍കി, അലക്‌സ്‌ ആന്റണി എന്നിവരാണ്‌ കുട്ടികള്‍ക്കുള്ള പ്രോഗ്രാമുകള്‍ നയിക്കുന്നത്‌. ഇംഗ്ലീഷിലും, മലയാളത്തിലും പ്രത്യേക പരിശീലനം ലഭിച്ച സംഗീതവിദഗ്‌ദ്ധര്‍ രണ്ടുദിവസവും ഗാനപൂജ നിര്‍വഹിക്കും.

അമേരിക്കയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ പെന്‍സില്‍വേനിയ, ന്യൂജേഴ്‌സി, ഡെലവെയര്‍, ന്യൂയോര്‍ക്ക്‌, കണക്ടിക്കട്ട്‌, മസാച്യുസെറ്റ്‌സ്‌, ന്യൂഹാംഷയര്‍ എന്നിവിടങ്ങളിലെ വിശ്വാസികള്‍ക്കായാണ്‌ ന്യൂയോര്‍ക്ക്‌ റീജിയണല്‍ ശാലോം ഫെസ്റ്റിവല്‍ നോര്‍ത്ത്‌ ജേഴ്‌സിയില്‍ ക്രമീകരിച്ചിരിക്കുന്നത്‌.

ജൂലൈ 5 ശനിയാഴ്‌ച്ച രാവിലെ എട്ടര മുതല്‍ വൈകുന്നേരം എട്ടു വരെയും, 6 ഞായറാഴ്‌ച്ച രാവിലെ ഒന്‍പതുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയുമാണ്‌ ശുശ്രുഷകളുടെ സമയം. രണ്ടുദിവസത്തെഭക്ഷണമുള്‍പ്പെടെ മുതിര്‍ന്നവര്‍ക്ക്‌ 60 ഡോളറും, 6 മുതല്‍ 12വയസുവരെയുള്ള കുട്ടികള്‍ക്ക്‌ 40 ഡോളറും ആയിരിക്കും രജിസ്റ്റ്രേഷന്‍ ഫീസ്‌. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ഫ്രീയായിരിക്കും. ശാലോം ശുശ്രൂഷകളൂടെ നേതൃത്വത്തില്‍ ഏപ്രില്‍ 27 മുതല്‍അമേരിക്കയില്‍നിന്നും ഇംഗ്ലീഷ്‌ ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണം ആരംഭിച്ച പശ്ചാത്തലത്തില്‍ ഈ വര്‍ഷം അമേരിക്കയിലുടനീളം നടക്കുന്ന മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ധ്യാനശുശ്രൂഷകള്‍ക്ക്‌ പ്രത്യേക പ്രാധാന്യമുണ്ട്‌. ഫെസ്റ്റിവലിന്റെയും, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇംഗ്ലീഷ്‌ ചാനലിന്റെയും വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ആവശ്യമാണ്‌.

5, 6 തിയതികളില്‍ നടക്കുന്ന മലയാളത്തിലുള്ള ശുശ്രൂഷകള്‍ ശാലോം ടെലിവിഷന്‍ ചെയര്‍മാനും, സണ്‍ഡേ ശാലോം ചീഫ്‌ എഡിറ്ററുമായ ഷെവ. ബെന്നി പുന്നത്തറ, ശാലോം ടി. വി യിലൂടെ സുപരിചിതരായ ഡോ. ജോണ്‍ ഡി, റവ. ഫാ. സജി മുക്കോട്ട്‌ തുടങ്ങിയ പ്രശസ്‌ത വചന പ്രഘോഷകര്‍
നയിക്കും.

അഞ്ചാം തിയതി രാവിലെ എട്ടരക്ക്‌ പാറ്റേഴ്‌സണ്‍ രൂപതാ ബിഷപ്‌ അഭിവന്ദ്യ ആര്‍തര്‍ ജെ. സെറാറ്റെലി ഫെസ്റ്റിവല്‍ ഉത്‌ഘാടനം ചെയ്യും. മലങ്കര എക്‌സാര്‍ക്കേറ്റ്‌ ബിഷപ്‌ അഭിവന്ദ്യ തോമസ്‌ മാര്‍ യൂസേബിയോസ്‌ തിരുമേനി തദവസരത്തില്‍ സന്ദേശം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: www.shalomworld.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.