You are Here : Home / USA News

അമേരിക്കന്‍ അതിഭദ്രാസന അരമന മാര്‍ എഫ്രേം കത്തീഡ്രല്‍ താത്‌കാലിക കൂദാശ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, April 16, 2014 06:59 hrs UTC




ന്യൂജേഴ്‌സി: ആകമാന സുറിയാനി സഭയുടെ നോര്‍ത്ത്‌ അമേരിക്കന്‍ മലങ്കര അതിഭദ്രാസനം ന്യൂജേഴ്‌സിയിലെ വിപ്പനിയില്‍ സമീപകാലത്ത്‌ വാങ്ങിയ അരമനയിലെ, മാര്‍ അപ്രേം കത്തീഡ്രലിന്റെ താത്‌കാലിക കൂദാശ, 2014 ഏപ്രില്‍ 14-ന്‌ വെള്ളിയാഴ്‌ച ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി നിര്‍വഹിച്ച്‌, വി. കുര്‍ബാനയര്‍പ്പണം നടത്തി.

സഭയുടെ ചരിത്രത്തിന്റെ ഏടുകളില്‍ എന്നെന്നും സ്‌മരിക്കപ്പെടുന്ന ഈ സുദിനത്തിന്‌ സാക്ഷികളായി, സമീപ പ്രദേശത്തുള്ള ബഹുമാനപ്പെട്ട വൈദീകരും, ശെമ്മാശന്മാരും, മുന്നൂറോളം വിശ്വാസികളും പങ്കെടുത്തു. കോരിച്ചൊരിയുന്ന മഴയത്തും വിശ്വാസികള്‍ പരിശുദ്ധ സഭയോടും ഭദ്രാസനത്തോടും അഭിവന്ദ്യ തിരുമേനിയോടുമുള്ള വിശ്വാസവും സ്‌നേഹവും കൂറും ആവര്‍ത്തിച്ച്‌ പ്രഖ്യാപിച്ചുകൊണ്ട്‌ തികച്ചും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൂദാശാ ചടങ്ങുകളിലും, വിശുദ്ധ ആരാധനയിലും പങ്കുകൊണ്ട്‌ സംതൃപ്‌തിയടഞ്ഞു. ദൈവത്തിന്റെ അതിരറ്റ കൃപയും വിശ്വാസികളുടെ പ്രാര്‍ത്ഥനയോടുകൂടിയ ആത്മാര്‍ത്ഥമായ സഹകരണവുമാണ്‌ ഈ സ്വപ്‌ന സാക്ഷാത്‌കാരത്തിന്‌ ഇടയാക്കിയതെന്നും അതിനായി പ്രവര്‍ത്തിച്ച ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ തിരുമേനി അറിയിച്ചു.

സമീപ പ്രദേശങ്ങളിലും, ഭദ്രാസനത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള എല്ലാ ക്രൈസ്‌തവ വിശ്വാസികള്‍ക്കും വി. ആരാധനയില്‍ സംബന്ധിക്കുകവഴി, അനുഗ്രഹത്തിന്റെ ഉറവിടവും ആലംബഹീനര്‍ക്ക്‌ അഭയകേന്ദ്രവുമായി ഈ ദേവാലയം എന്നെന്നും ശോഭിക്കുവാന്‍ ഇടയാകട്ടെ എന്നും അഭിവന്ദ്യ തിരുമേനി ആശംസിച്ചു.

എല്ലാ ഞായറാഴ്‌ചകളിലും രാവിലെ 8.15-ന്‌ പ്രഭാത പ്രാര്‍ത്ഥനയും, 9 മണിക്ക്‌ വിശുദ്ധ കുര്‍ബാനയുമുണ്ടായിരിക്കുമെന്നും കൂടാതെ ബുധനാഴ്‌ച ദിവസങ്ങളില്‍ വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും, വി. ദൈവമാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്നും വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍ അറിയിച്ചു.

ഹാശാ ആഴ്‌ച ആചരണത്തോടനുബന്ധിച്ച്‌ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 12 മണിക്ക്‌ ഉച്ചനമസ്‌കാരവും, വൈകിട്ട്‌ 7 മണിക്ക്‌ സന്ധ്യാപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഏപ്രില്‍ 16-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 7 മണിക്ക്‌ പെസഹായുടെ ശുശ്രൂഷയും, ഏപ്രില്‍ 18-ന്‌ വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക്‌ ദുഖവെള്ളിയാഴ്‌ച സര്‍വീസും നടക്കും. ശനിയാഴ്‌ച 10 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, 11 മണിക്ക്‌ വി. കുര്‍ബാനയും, ഞായറാഴ്‌ച (ഈസ്റ്റര്‍) രാവിലെ 7 മണിക്ക്‌ പ്രഭാത പ്രാര്‍ത്ഥനയും, തുടര്‍ന്ന്‌ ഈസ്റ്റര്‍ സര്‍വീസും നടക്കും. 12 മണിക്ക്‌ സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ ഹാശാ ആഴ്‌ച ആചരണം അവസാനിക്കും. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത്‌ ജോര്‍ജ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.