You are Here : Home / USA News

ബര്‍ലിനില്‍ അന്താരാഷ്‌ട്ര സെമിനാര്‍: തമ്പി ആന്റണി മുഖ്യപ്രാസംഗികന്‍

Text Size  

Story Dated: Saturday, January 18, 2014 01:46 hrs UTC

 
ജോസ്‌ കുമ്പിളുവേലില്‍
 

ബര്‍ലിന്‍: ബര്‍ലിനിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ കള്‍ച്ചറല്‍ ഡിപ്‌ളോമസിയുടെ (ഐസിഡി) ആഭിമുഖ്യത്തില്‍ കലയും സിനിമയും നയതന്ത്രവും (Cinema Cultural Diplomacy, Arts and Music Conference) എന്ന വിഷയത്തെപ്പറ്റി സെമിനാര്‍ നടത്തുന്നു. ഫെബ്രുവരി 12 മുതല്‍ 14 വരെയാണ്‌ പരിപാടി. പ്രവാസി മലയാളിയും ഹോളി വുഡ്‌ നടനും കവിയും എഴുത്തുകാരനുമായ തമ്പി ആന്റണിയാണ്‌ സെമിനാറില്‍ മുഖ്യപ്രാസംഗികന്‍.

തമ്പി ആന്റണി അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്‌ താമസം. നടന്‍ ബാബു ആന്റണിയുടെ സഹോദരനാണ്‌. രാജീവ്‌ അഞ്ചലിന്റെ ബിയോണ്‌ട്‌ ദ സോള്‍ എന്ന അമേരിക്കന്‍ ചിത്രത്തില്‍ തമ്പി ആന്റണി അഭിനയിച്ചിരുന്നു. 2005 ലെ ഹോണലുലു അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തില്‍ ഈ ചിത്രത്തിലെ അഭിനയത്തിന്‌ നല്ല നടനുള്ള പുരസ്‌കാരം തമ്പി ആന്റണി നേടിയിരുന്നു.

പപ്പീലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ ബാനറിലാണ്‌ തമ്പി ആന്റണിയെ ബര്‍ലിന്‍ മേളയില്‍ ക്ഷണിച്ചിരിക്കുന്നത്‌. ഈ ചിത്രത്തിലെ അഭിനേതാവുമാണ്‌ തമ്പി ആന്റണി. ജയന്‍ കെ. ചെറിയാനാണ്‌ പപ്പീലിയോ ബുദ്ധയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്‌. തമ്പി ആന്റണിയും പ്രകാശ്‌ ബാരേയും കൂടിയാണ്‌ ചിത്രം നിര്‍മിച്ചിരിക്കുന്നത്‌.പ്രശസ്‌ത നടി പത്‌മപ്രിയയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്‌ട്‌. വയനാടിന്റെ പശ്ചാത്തലത്തില്‍ ആദിവാസി ദളിതരെ പ്രമേയമാക്കി 2013 ല്‍ ഇറങ്ങിയതാണ്‌ ചിത്രം.

ബര്‍ലിനാലെ എന്ന പ്രശസ്‌ത അന്താരാഷ്‌ട്ര ചലച്ചിത്രോല്‍സവത്തോട്‌ അനുബന്ധിച്ചാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. അറുപത്തിനാലാമത്‌ ബര്‍ലിനാലെ ഫെബ്രുവരി ആറു മുതല്‍ 16 വരെ ബര്‍ലിനിലാണ്‌ അരങ്ങേറുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.