You are Here : Home / USA News

എന്ന് നിങ്ങളുടെ സ്വന്തം തമാശപ്പറമ്പിലെ മത്തായി!

Text Size  

Story Dated: Monday, December 30, 2013 02:36 hrs UTC

എന്റെ പേര് മത്തായിയെന്നാ, മാന്നാർ മത്തായിയല്ല കേട്ടോ, തമാശപ്പറന്പിലെ മത്തായി. അധികമാർക്കുമൊന്നും അറിയില്ല. അല്ലെങ്കിലും ഈ കിടാങ്ങൾ പറയുന്നതൊന്നും ഞാൻ അത്ര കാര്യമായി എടുക്കില്ല. പിന്നെ നിങ്ങളുടെ ഒക്കെ തമാശകൾ കാണുന്പോൾ വല്ലതും ഒന്ന് എഴുതാമെന്ന് വച്ചതേയുള്ളൂ, എന്തെങ്കിലും വിഷമമുണ്ടായാൽ അത് ഒരു ചെറിയ ചാക്കിൽ കെട്ടി ആ അറ്റ്‌ലാന്റിക്കിലോ, പസഫിക്കിലോ അല്ലേൽ ചിക്കാഗോയിലെ മിച്ചിഗണ്‍ കായലിലോ അങ്ങ് കൊണ്ടുപോയി ഇട്ടാൽ മതി. പിന്നെ ഇവിടെയൊന്നും പറ്റിയില്ലെങ്കിൽ അടുത്തുള്ള പറന്പിൽ തട്ടിയെരേ. ഓ! ഈ ചിക്കാഗോയിൽ എങ്ങനെയാ ഇത്ര വലിയ കായൽ ഉണ്ടായതെന്ന് ഒരു പിടിയുമില്ല. ആ! പണ്ട് മലയാളി വന്ന സ്ഥലമല്ലേ, കേട്ടിട്ടില്ലേ "ചിക്കാഗോയിലെ തെരുവീഥികളിൽ ഞങ്ങൾ നടത്തിയ സമരത്തെ, അടിച്ചമർത്തിയ സർക്കാരേ....." അവിടെ നിന്നാണല്ലോ ഈ ചായക്കോപ്പയിലെ രാഷ്ട്രീയം തന്നേ തുടങ്ങിയത്.

 

 

ആ... പറഞ്ഞ് കാടുകേറി പോകുന്നു! കഴിഞ്ഞ രണ്ടുമൂന്ന് ആഴ്ച്ചയായിട്ടു എന്താ ഒരു കോലാഹലം! ഒരു കൂട്ടർ ഭാരത സ്ത്രീകളുടെ മുഴുവൻ രക്ഷിതാക്കളായിട്ടാണ് അവതരിച്ചിരിക്കുന്നത്. അവരെ ഒതുക്കാൻ നമ്മുടെ സ്ഥിരം ജസ്റ്റിസ്‌ പ്രേമികളും ശക്തിയായി രംഗത്തുണ്ട്. അതിൽ തന്നേ ചിലർ, നിന്ന നിലയിൽ മലക്കം മറിയുന്നു, ചിലരൊക്കെ ജോലിയും വേലയും ഒക്കെ നിർത്തി ചികഞ്ഞ് തെളിവുകൾ ഉണ്ടാക്കുന്ന തിരക്കിലാണ്. ദൈവമേ! നീ ഇതൊക്കെ കാണുന്നുണ്ടല്ലോ? ഭഗവാന്റെ ഓരോ ലീലാ വിലാസങ്ങളേ! പുന്നമടക്കായലിലെ വള്ളം കളിക്ക് ഇത്രയും വീര്യം ഉണ്ടെന്നു തോന്നുന്നില്ല. ചിലരൊക്കെ ചീത്ത വിളിയിൽ പ്രബന്ധം അവതരിപ്പിക്കാനുള്ള തിരക്കിലാണ്. ചിലർ എങ്ങനെ ഇത് സർവകലാ ശാലയിൽ ഒരു പുതിയ വിഷയമാക്കാമെന്നുള്ള തിരക്കിലാണ്, കുറച്ചു പേര് പൂക്കൾ അർപ്പിക്കാൻ കൊണ്സുലേട്ടിൽ പോയപ്പോൾ മറ്റു ചിലർ റീത്തുമായി പോകുന്നു (രണ്ടും ശരി തന്നേ), ചിലർ ചൂലുമായി പോകുന്നു (അടുത്ത പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനുള്ള ചിഹ്നം അമേരിക്കയിൽ ചൂലാണോ എന്നൊരു ചെറിയ സംശയം) ചിലർ ധ്യാനത്തിലാണ് അടുത്ത വടി എവിടുന്ന് കിട്ടുമെന്ന് നോക്കിയിരിക്കുകയാണ് ചിലർ രക്ഷാ ബന്ധനവും മറ്റു ചിലർ ശത്രു സംഹാര പൂജയും ഒക്കെ നടത്തുന്നുവെന്നാണ് പിന്നാമ്പുറത്തെ കേട്ടുകേൾവികൾ.

 

 

ശിവ! ശിവ! അതിനിടയിലാണ് പുതിയ വാദവുമായി കൊക്കോ തോട്ടത്തിലെ കൊച്ചു മറിയാമ്മക്ക് ദൈവ വിളി ഉണ്ടായ കാര്യം പരസ്യമായത്. ഇത് കൊച്ചു മറിയാമ്മയുടെ പല വെളിപാടുകളിൽ ഒന്ന് മാത്രമാണ്. കൊച്ചു മറിയാമ്മക്ക് ഉറക്കത്തിൽ ഒരു മാലാഖ പ്രത്യക്ഷയായി പോലും! (കൊച്ചുമറിയാമ്മ ഉറക്കത്തിൽ ) ഹോ! വല്ല ദൂതും അറിയിക്കണോ? ഇനി ക്രിസ്മസ് ഒക്കെ അടുത്ത സമയമായതു കൊണ്ട് ഈ രക്ഷകന്റെ അടുത്ത വരവിനെപ്പറ്റി പറയാനോ വല്ലോം ആയിരിക്കും ഈ വരവ് (ആത്മഗതം) (പിറുപിറുക്കുന്നു) എന്റെ പിതാവേ! ഞാൻ ആരോടും പറയുകയില്ല, വല്ല CNN നോ വല്ലോം വെളിപ്പെടുത്തിയാൽ പത്ത് കാശ് കിട്ടും, ഈ ജോയിച്ചനും ഈ മലയാളിക്കും , ആശ്വമേധത്തിനും, മൊയ്തീനും ഒക്കെ കൊടുത്തിട്ട് എന്നാ ഗുണം? കുറെ ആളുകൾ കുറച്ച് കമൻട് എഴുതും. അത് എഴുതിയവർക്കോ വായിക്കുന്നവർക്കൊ ഒരു ഗുണവും കിട്ടില്ല. സായിപ്പിന്റെ പത്രമോ ചാനലോ ഒക്കെ ആയാൽ ഒരു ഗമയുണ്ട്! (പിന്നല്ലേ അറിയുന്നത് ദൂതനൊന്നുമല്ല വന്നതെന്ന്) അല്ല! ഇതാരാ? മനസ്സിലായില്ലല്ലോ? ഞാനാ കൊച്ചുകള്ളി മനസ്സിലായില്ലേ? ഇല്ലാ കൊച്ചേതാ ? ഞാൻ ആ കള്ളപ്പറന്പിലെ കൊച്ചുകള്ളന്റെ മോളാ! അയ്യോടീ! നീ അങ്ങ് ക്ഷീണിച്ചു പോയല്ലോ! എന്നാ പറ്റി എന്റെ മോളേ? നീ അങ്ങ് അമേരിക്കയിൽ പോയെന്നാണല്ലോ ഞങ്ങളൊക്കെ കേട്ടത്? അവിടെ ഭക്ഷണമൊന്നും കിട്ടില്ലേ മോളെ? (ഹും! അവൾ നല്ല തടിച്ചു കൊഴുത്തിട്ടുണ്ട് എനിക്കറിയാം ഇവൾ ഇവിടുന്നു പോയല്ലോ എന്നോർത്ത് സമാധാനിചിരിക്കുകയായിരുന്നു ഇനി വീണ്ടും വന്നോ?) കൊച്ചമ്മേക്കെങ്കിലും എന്നെ മനസ്സിലാക്കാൻ പറ്റുന്നുണ്ടോല്ലോ, എന്റെ കൊച്ചമ്മേ കഴിക്കാൻ വല്ലതുമുണ്ടോ ?

 

 

പഴയൻ കഞ്ഞി ഉണ്ട് എന്താ മതിയോ ? ഓ! കൊച്ചമ്മയോക്കെ ഇപ്പോഴും ഇതൊക്കെയാണോ കഴിക്കുന്നത്? കഷ്ടം!, ഞാൻ ഡൽഹിയിൽ പോയതുമുതൽ കഞ്ഞിയേ കഴിച്ചിട്ടില്ല. അമേരിക്കയിൽ എനിക്ക് ബ്രേക്ക് ഫാസ്റ്റ് എൻറെ അവിടുത്തെ കൊച്ചമ്മ തന്നേ ഉണ്ടാക്കിത്തരും സാധനം വാങ്ങിക്കാൻ പോകുന്പോൾ കൊച്ചമ്മയെ കൊണ്ടാണ് ഞാൻ വണ്ടി ഓടിപ്പിക്കാര്, എനിക്ക് കൊച്ചമ്മ എന്റെ ഡ്രൈവറെ പോലെയാണ്. എന്റെ കൊച്ചമ്മേ ആ ലക്സസ് കാറിൽ കിടന്നു ടീവിയും ഒക്കെ കണ്ടു ആ മൂണ് റൂഫും ഒക്കെ ഇളക്കി മാറ്റി കൊച്ചമ്മേടെ കൂടെയുള്ള ആ പോക്ക് ... ഹോ... ഒന്ന് വേറെ തന്നെയായിരുന്നു. കൊച്ചമ്മ ഇച്ചിര ഹോട്ടാണെന്നാ എല്ലാരും പറയുന്നത്. അത് പറയാതിരിക്കാൻ പറ്റില്ല കേട്ടോ? എനിക്കും കൊച്ചമ്മെപ്പോലെ ആകണമെന്നാ ആഗ്രഹം. കൊതിച്ചു പോകും, ആ ജീവിതം. പിന്നെ എന്നാ പറ്റി നിനക്ക്? കൊച്ചമ്മേ അമേരിക്കയിൽ പോയാൽ നമുക്ക് പച്ചരി വാങ്ങണ്ടായോ? എവിടെ പോയാലും സോഷ്യൽ സെക്കൂരിട്ടി ഉണ്ടോ എന്നാ ചോദ്യമാ. പിന്നെ റേഷാൻ കാർഡോ ഗ്രീൻ കാർഡോ ഉണ്ടോ എന്ന് എന്റെ അണ്ണൻ ചോദിച്ചു. അതെന്നാന്നു ചോദിച്ചപ്പം എന്റെ അണ്ണൻ പറയുവാ, "എടീ പെണ്ണേ ! അത് കിട്ടിയാൽ നീയും കൊച്ചമ്മേപ്പോലെ ആകുമെന്ന്". പണ്ട് ആ പാന്പ് വന്നു നമ്മുടെ ഹവ്വാ അമ്മച്ചിയെ പറ്റിച്ചത് പോലെ. പക്ഷേ കൊച്ചമ്മേ എന്റെ അണ്ണൻ നേരുള്ളവനാ, അങ്ങേരു പറഞ്ഞത് മുഴുവൻ സത്യമാണെന്ന് ഇപ്പൊം എനിക്ക് ബോധ്യമായി! എന്നീട്ട് നീ എന്ത് ചെയ്തു മോളേ? അണ്ണൻ പറഞ്ഞു "നീ ഒന്നും പേടിക്കേണ്ട എല്ലാം ഞാൻ പറഞ്ഞു ശരിയാക്കി തരാമെന്ന്". അണ്ണനല്ലേ മൂത്തത് ഞാൻ പറഞ്ഞാൽ കേട്ടല്ലേ പറ്റു? പക്ഷെ നീ ആ രാജ്യത്തു പോയി നിന്റെ കൊച്ചമ്മേടെ അനുവാദമില്ലാതെ എങ്ങനെ ഗ്രീൻ കാർഡ് വാങ്ങിക്കും? ഓ! കൊച്ചമ്മേ, അണ്ണൻ ഒരു പുലിയാ കേട്ടോ! അവിടുത്തെ എല്ലാ കള്ളത്തരവും അണ്ണന് നല്ല വശമാ! ഞാൻ ചെന്നപ്പളല്ലേ അറിഞ്ഞത്, അണ്ണൻ ഞാൻ ചെല്ലുന്നതിനു മുൻപേ എന്റെ പേരിൽ സോഷ്യൽ സെക്കൂരിട്ടി ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു.

 

 

എന്റെ പേരിൽ നികുതി അടച്ചതിന്റെ രസീത് വരെ അണ്ണൻ ഉണ്ടാക്കി വച്ചിട്ടുണ്ടായിരുന്നു. പിന്നെ ഞങ്ങൾ കുടുംബമായെ ഈ കാര്യത്തിൽ പേര് കേട്ടവരല്ലേ കൊച്ചമ്മേ. എന്റെ മോളെ! എന്നിട്ട് ഗ്രീൻ കാർഡ് കിട്ടിയോ? എന്റെ കൊച്ചമ്മേ എന്റെ ഭാഗ്യം. ഈ അമേരിക്കക്കാരെന്തൊരു നല്ല മനുഷ്യരാണെന്നോ? അവരെനിക്കും എന്റെ ഭർത്താവ് മുക്കള്ളനും, മക്കൾ രണ്ടു പേർക്കും അമേരിക്കാൻ വിസാ തന്നെന്ന് മാത്രമല്ല അവിടുത്തെ പൌരത്വം കൂടെ തന്നൂ കൊച്ചമ്മേ! ഇച്ചിരേം കൂടെ പിടിച്ചാൽ അപ്പച്ചനും അമ്മച്ചിക്കും പിന്നെ ഞങ്ങൾക്ക് എല്ലാവർക്കും അമേരിക്കയിൽ പോകാം, എല്ലാം അവിടെ ഫ്രീ ആണ്. ഒന്നിനും കാശ് കൊടുക്കേണ്ടാ. സർക്കാര് വക വീടുകൾ ഉണ്ട്, ഭക്ഷണത്തിനുള്ള കാശ് എന്തോ സ്റാമ്പ് ആയി കിട്ടും. ഹമ്മേ! നീ മഹാ ഭാഗ്യവതി ആണല്ലോ മോളേ! ആ! പണ്ട് അപ്പൻ അടിമാലി പള്ളി കട്ടപ്പോൾ കിട്ടിയ മാതാവിന്റെ കൊന്ത പറഞ്ഞെന്നാ പറയുന്നത്. "നിന്റെ മകൾക്ക് രജകേസരിയോഗം ഉണ്ടെന്ന്". ഇപ്പോൾ എല്ലാം ദേ അമ്മയുടെ കൃപ കൊണ്ട് നടക്കുന്നു. എന്നാലും മോളെ ഇത് ഒരു ചതിയായി പോയല്ലോ മോളേ?, തിന്ന ചോറിനു നന്ദി കാണിക്കരുതായിരുന്നോ? അവരിപ്പോൾ വെട്ടിലായില്ലേ? കൊച്ചമ്മേ: ആരാ ഇത്ര നല്ല ആൾക്കാർ ഉള്ളത് അതും ഇന്നത്തെ ക്കാലത്ത്? ഉള്ളടത്ത് നിന്ന് പെറുക്കിയാലല്ലേ വീട്ടിൽ ചെല്ലുന്പോൾ കാണത്തൊള്ളൂ. നമ്മടെ കൊച്ചമ്മേം മോശമല്ല കൊച്ചമ്മേ അവരും നല്ല അമ്പലം വിഴുങ്ങികളാണ്. അവരുടെ അപ്പന്റേയും ഒക്കെ നാട്ടിലെ കള്ളത്തരം ഒക്കെ അറിഞ്ഞു നോക്കിയിട്ടല്ലേ ഞാൻ കൂടെ കൂടിയത്.

 

 

നമ്മളൊക്കെയെന്നാ കൊച്ചമ്മേ അത്താഴാത്തിനു വേണ്ടി കക്കുന്നു ആ കൊച്ചമ്മയും മറ്റും വേരോടെ കക്കുന്നു. ഞാനും അവരും തമ്മിൽ ആനേം ഉറുമ്പും പോലെയുള്ള വ്യത്യാസമുണ്ട്, ആനക്ക് ഉറുംബിനെ പേടിയാണെന്ന് പറയുന്നത് ഇപ്പോളാ ശരിക്കും മനസ്സിലാകുന്നത്‌. എന്നാലും നിനക്കിതിനു എങ്ങനെ ധൈര്യം വന്നു? എന്റെ കൊച്ചമ്മേ നമ്മൾ വെറും പാവമായിട്ട് അഭിനയിക്കണം 19 മണിക്കൂറും പണിയിപ്പിക്കുകയായിരുന്നെന്നു അങ്ങോട്ട് പറയണം. ആർക്കാ ഇതൊക്കെ തെളിയിക്കാൻ പറ്റുന്നത്? പറയാഞ്ഞിട്ടു നമ്മുടെ ആൾക്കാരും എനിക്ക് സപ്പോർട്ടാ. കേട്ടിട്ടില്ലേ അവിടുത്തെ പ്രമാദമായ കേസുകൾ കൈകാര്യം ചൈയ്യുന്ന വക്കീലാ എനിക്ക് വേണ്ടി വാദിക്കുന്നത്. നമ്മുടെ ആനന്ദ് ജോണോക്കെ വെറും പണിയില്ലാ ലൂക്കിലി വക്കീലിനെ കൊണ്ടാ വാദിച്ചതെന്നാ കേട്ടത്. പിന്നെ കൊച്ചമ്മേ, ന്യൂ യോർക്കിൽ ഉള്ള നല്ല ഒരു പങ്ക് ആളുകളും ഇങ്ങനെ വന്നവരാണ്. എന്റെ ഒരേഒരു സങ്കടം ഇപ്പോൾ ഞാൻ ഉണ്ടാക്കുന്ന പൈസക്ക് ടാക്സ് കൊടുക്കണമല്ലോ എന്നോര്ത്തിട്ടാ, ഇല്ലേൽ വലിയ താമസമില്ലാതെ ഈ നമ്മുടെ വില്ലേജു മുഴുവനും വാങ്ങിക്കാനുള്ള പണം അമേരിക്കക്കാർ എനിക്ക് തരും. അപ്പം അവിടെയുള്ളവർക്ക് നിന്റെ ഈ കള്ളമൊന്നും മനസ്സിലായില്ലേ? മനസ്സിലാകുന്നുണ്ടായിരിക്കും, ഇനി മനസ്സിലായാലും ഞാൻ ഇപ്പോൾ അമേരിക്കയിലെ ഇന്ത്യയുടെ അടിമത്തത്തിന്റെ ബലിയാടാണ്. എന്നെ എന്ത് ചെയ്താലും അതിന് പ്രതികരിക്കാൻ എന്റെ ആളുകൾ തയ്യാറായി നിൽക്കുകയാണ്.

 

 

കോടതിക്കും ഒന്നും ചെയ്യ്യാൻ മേല, അമേരിക്കൻ പ്രസിടന്റിനും ഒന്നും ചെയ്യ്യാൻ മേല. കൂടുതൽ ആളുകള് എന്നോട് എന്നാ ചോദിച്ചാലും ഞാൻ ഇംഗ്ലീഷ് അറിയാത്തതുപോലെ അഭിനയിക്കും. ചുരുക്കി പറഞ്ഞാൽ ഞങ്ങളുടെ ഗജകേസരി യോഗം ശരിയാണെന്ന് തെളിഞ്ഞു. പിന്നെ എനിക്ക് സഹായവുമായി വന്ന അവിടുത്തെ സർക്കാര് വക്കീലു വെറും ഒരു പാവം പുലിയാണ് കേട്ടോ. ഒരു തിരുമണ്ടൻ സർദാർജി! ഇപ്പോളാണ് എനിക്ക് പണ്ടത്തെ സർദാർജി തമാശകളോക്കെ പതിരില്ലാത്തതാനെന്നു മനസ്സിലായത്‌. ഇന്ത്യാക്കാരെന്ന് പറഞ്ഞാൽ പുള്ളിക്കാരന് കലി ഇളകിയിരിക്കും, അത്രയ്ക്ക് വിരോധമാണ്! ഞാൻ തന്നേ വളരെ കഴിഞ്ഞാണ് ഇന്ത്യൻ ബന്ധം പറഞ്ഞത് അതും പുള്ളിക്കാരന്റെ വികാരത്തിന് അനുകൂലമായ കഥ ഞാൻ അവതരിപ്പിച്ചപ്പോൾ മാത്രം. ഞാൻ ഗ്രീൻ കാർഡു അല്ലെങ്ങിൽ ഒരു കള്ളാ വിസാ അത്രയുമേ ആഗ്രഹിച്ചുള്ളൂ , പക്ഷേ അങ്ങേരാണ്‌ എനിക്ക് മറ്റു കാര്യങ്ങൾ പറഞ്ഞ് തന്നത്. മൊത്തം 50:50 എല്ലാം ശരിയാക്കി തരാമെന്ന് പറഞ്ഞു. പുതിയ പത്തിലധികം പുസ്തകങ്ങളുടെ റോയൽറ്റി ഹോളിവൂഡ്‌ . ബോളിവൂഡ്‌, കൂലീവൂഡ്‌ പിന്നെ മലയാളം എന്ന് വേണ്ട പല സിനിമകൾ , റിയാലിറ്റി ഷോകൾ അങ്ങനെ പലതും സ്വന്തമായി ഒരു ഓപ്പണ്‍ സര്വകലാശാല; പറ്റിയാൽ ഒരു ചെറിയ മതം കൂടെ സ്ഥാപിക്കാൻ പറ്റുമെന്നാ അങ്ങേര് പറയുന്നത്. കൊച്ചമ്മേ ഡോളറാ വാരുന്നത്, അറിയാവോ? ഏതായാലും അങ്ങേര് പുലിവാല് പിടിച്ചു എന്നാ തോന്നുന്നത്, പിടിച്ചപോലെ ഒന്നും കാര്യങ്ങൾ നീങ്ങുന്നില്ല ഞാൻ എന്നാ ചൈയ്യനാ, എല്ലാവരും കൂടെ എന്നേ "കുബേര" അക്കിയിട്ടെയുള്ളൂ എന്ന് പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ കൊച്ചമ്മേ?

 

പിന്നേ ഇന്ത്യക്കാര് എന്റെ ഈ പത്തു സെന്റ് കയ്യേറാൻ വരും, പക്ഷെ അവരോടു പറഞ്ഞേക്കണം ഇത് ഇപ്പോൾ ഞാൻ അമേരിക്കക്ക് തീറെഴുതി കൊടുത്ത സ്ടലമാനെന്നു. കുറച്ചു നാൾ കഴിഞ്ഞു എനിക്ക് അമേരിക്കയിലെ പ്രൊസിക്കുട്ടെർക്കു വേണ്ടി ഒരു അമ്പലം പണിയിക്കാനുള്ള സ്ടലമാണ്. ഇനി കുടിയേറണ്ടവർക്ക് എന്റെ പേരിൽ ഒരു മാർഗ ദർശന കേന്ദ്രവും കൂടെ തുടങ്ങണം. കൊച്ചമ്മ ഇതൊന്നു നോക്കിക്കോണം, പിന്നെ ആരെങ്കിലും ഇത് കൈയ്യേറാൻ വന്നാൽ എന്നേ ഒന്ന് വിളിച്ചാൽ മതി, ഞാൻ അത് ഒരു മനുഷ്യാവകാശ പ്രശന്മായി അവതരിപ്പിച്ച് നമ്മുടെ ജുസ്റ്റീസു പിള്ളേരെ കൂടെ കൂട്ടി ഒരു സമരവും കരിങ്കൊടി സമരവും ഒക്കെ നടത്തി കൊച്ചമ്മക്കും കുടുംബത്തിനും ഫ്രീ ആയി അമേരിക്കാൻ ചിലവിൽ ഗ്രീൻ കാർഡ് ഒപ്പിച്ചു തരാം. കൊച്ചമ്മേ അമേരിക്കക്കാരെ ഞാൻ ശരിക്കും വെള്ളം കുടിപ്പിച്ചു കൊച്ചമ്മേ, പണ്ട് പലർക്കും കഴിയാതിരുന്നതാ ഞാൻ സാധിച്ചത്. വെറും "പൊടിക്കൈ" ഉപയോഗിച്ച്. അവർക്കെന്റെ രോമത്തെ തൊടാൻ പോലും പറ്റില്ല കൊച്ചമ്മേ. ലോക സമാധാനത്തിനുള്ള അടുത്ത നോബൽ സമ്മാനത്തിനും എന്നെ കരുതുന്നുണ്ടെന്നാ അറിയുന്നത്. ആാർക്കരിയാം ചിലപ്പോൾ അവർ എന്നെ ഇന്ത്യയിലെ അമേരിക്കാൻ സ്ഥാനപതി വരെ ആക്കാൻ വകുപ്പുണ്ട്. എന്നെ അമേരിക്കയിലെ പല സംഘടനകളും ക്ഷണിച്ചിരിക്കുകയാണ്.

 

 

മണിക്കൂറിനാ കൊച്ചമ്മേ അവിടെ കാശ് വാരുന്നത്. ഈ അമേരിക്കയിൽ പോയിട്ട് ദാരിദ്രം പറയുന്നവരോട് എനിക്ക് ഇപ്പോൾ ശരിക്കും പുച്ഛമാണ്. ചെറിയ "പൊടിക്കൈകൾ" അത് മാത്രമേ വേണ്ടിയുള്ളൂ അമേരിക്കയിൽ പണക്കാരനാകാൻ. പഠിക്കുന്നതൊക്കെ വെറുതെയാ കൊച്ചമ്മേ , ചുമ്മാതാണോ ആ ബൈബിളിലെ സഭാപ്രസംഗി 12:12 ൽ പറഞ്ഞിരിക്കുന്നത്, "മകനേ പുസ്തകങ്ങൾ ഉണ്ടാകുന്നതിന് അവസാനമില്ല , അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നേ" എന്ന്. പിടിക്കുമ്പോൾ പുളിമ്കൊമ്പിൽ പിടിക്കണമെന്ന് കാർന്നോന്മ്മാര് പറഞ്ഞതിലെ പൊരുൾ ഇപ്പോളല്ലേ മനസ്സിലായത്. ഏതായാലും എന്റെ കഥ പൊടിപ്പും തൊങ്ങലും ചേർത്ത് എഴുതുന്ന എല്ലാവർക്കും എൻറെയും എൻറെ കുടുംബത്തിന്റെയും ആശംസകൾ. നിങ്ങളുടെ ഈ ആത്മാർത്ഥതയാണ് ഞങ്ങളേപ്പോലുള്ളവർക്ക് ഒരാശ്രയം. നിങ്ങൾ ഇതൊക്കെ വിട്ടു മറ്റു കാര്യങ്ങളിലേക്ക് തിരിഞ്ഞാൽ, ഞങ്ങളുടെ പണി ഒന്നും നടക്കത്തില്ല. അതിനാൽ നിങ്ങൾ എന്റെ രണ്ടാമത്തെ വരവ് വരെയും എന്നെപ്പറ്റി എഴുതിക്കൊണ്ട്ടിരിക്കൂ. ഞങ്ങളുടെ സുരക്ഷിതാർത്ഥം ഞങ്ങളെ ഇപ്പോൾ അമേരിക്കൻ പ്രസിഡന്റ്‌മാർക്ക് കൊടുക്കുന്ന സവ്കര്യമാണ് കിട്ടിയിരിക്കുന്നത്. ഞങ്ങളുടെ ജീവിതം സുന്ദരമാക്കാൻ അഹോരാത്രം കഷ്ടപ്പെടുന്ന നിങ്ങൾക്ക് കള്ളപ്പറന്പിൽ കുടുംബത്തിന്റെ പുതുവത്സരാശംസകൾ!

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.