You are Here : Home / USA News

വേദനിക്കുന്ന മനസുകള്‍ക്കേ വേദനകളെ തിരിച്ചറിയാനാവൂ

Text Size  

Story Dated: Thursday, April 30, 2020 01:25 hrs UTC

(ജോര്‍ജ് തുമ്പയില്‍)
 
ന്യൂജേഴ്‌സിയില്‍ നിന്നുള്ള കൊറോണ റിപ്പോര്‍ട്ടുകളെ പ്രശംസിച്ചു കൊണ്ട് നിരവധി അഭിനന്ദനങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ എത്തുന്നുണ്ട്. അതില്‍ തന്നെ ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്തുണയുമായെത്തിയ എന്റെ പ്രിയ സുഹൃത്ത് രാജു മൈലപ്രയുടെ സ്‌നേഹത്തിനും നല്ല വാക്കുകള്‍ക്കും നന്ദി. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ പ്രസവവേദനയുടെ കാഠിന്യം മനസിലാവുകയുള്ളു എന്ന് പറയുന്നത് പോലെയാണ് എഴുത്തുകാരുടെയും കാര്യം. എഴുത്തിന്റെ വേദന മനസ്സിലാക്കുന്ന ആളാണ് മൈലപ്ര. അതു കൊണ്ട് തന്നെ അദ്ദേഹത്തോടുള്ള കടപ്പാട് നിസ്സീമമാണ്.
 
മരണത്തിന്റെ മണം മുറ്റിയ ആശുപത്രിയില്‍ കോവിഡ് 19 രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ നേര്‍ക്കാഴ്ച ലോകമെമ്പാടുമുള്ള മലയാളി വായനക്കാരെ കൂടി അറിയിക്കണമെന്നു തോന്നിയത്. അങ്ങനെയാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി തുടര്‍ച്ചയായി എഴുതാന്‍ തുടങ്ങിയത്. ഇതുവരെ കോവിഡ് 19-ന്റെ ഭയാനകമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിനു റിപ്പോര്‍ട്ടുകള്‍ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. കോവിഡ് ചൈനയിലെ വുഹാനില്‍ പ്രത്യക്ഷപ്പെട്ടു എന്ന് ജനുവരി ആദ്യം വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കി വര്‍ഷങ്ങളായി ചെയ്തു കൊണ്ടിരുന്ന പകല്‍ക്കിനാവ് എന്ന പംക്തിയില്‍ പരാമര്‍ശിച്ചിരുന്നു. അന്നൊന്നും ഇത് അമേരിക്കയിലേക്ക് വരുമെന്ന് ഒരാളും ദുഃസ്വപ്‌നം കണ്ടിരുന്നില്ല. കൂടി വന്നാല്‍ ആഫ്രിക്ക വരെ, അവരുടെ ദൗര്‍ഭാഗ്യം എന്നു മാത്രം വിചാരിച്ചു നെടുവീര്‍പ്പിടുക മാത്രമാണ് ഉണ്ടായത്. എന്നിട്ടും ഫെബ്രുവരിക്കുള്ളില്‍ വീണ്ടും രണ്ടു തവണ കൂടി ഈ പംക്തിയിലൂടെ എഴുതി. കൃത്യം നാലാഴ്ച കഴിഞ്ഞപ്പോള്‍ മാര്‍ച്ച് ആദ്യം ന്യൂയോര്‍ക്കിനെ വിറപ്പിച്ചു കൊണ്ടു വലിയൊരു സുനാമി കണക്കേയാണ് കോവിഡ് 19 എത്തിയത്. അമ്പതിലധികം മലയാളികള്‍ മരിച്ചു. നടുങ്ങി വിറങ്ങലിച്ചു പോയ നിമിഷങ്ങള്‍. ഇറ്റലിയും സ്‌പെയ്‌നും ഫ്രാന്‍സും ബ്രിട്ടനും ജര്‍മ്മനിയും പോലും മരവിച്ചു നിന്ന ദിവസങ്ങള്‍. അപ്പോഴേയ്ക്കും ഞാന്‍ ജോലി ചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ ആശുപത്രിയിലേക്ക് രോഗികളുടെ പ്രവാഹമായിരുന്നു. വെന്റിലേറ്ററുകള്‍ക്കിടയിലൂടെ ഓടിനടന്ന ദിവസങ്ങള്‍, അതൊക്കെയും സ്വന്തം ജീവന്‍ പണയപ്പെടുത്തിക്കൊണ്ടായിരുന്നുവെന്ന് ഓര്‍ക്കുമ്പോള്‍ ഇന്ന് നടുക്കം മാത്രം. കണ്‍മുന്നിലാണ് മനുഷ്യന്‍ പിടഞ്ഞു വീണു മരിച്ചത്. കോവിഡ് സമ്മാനിച്ച ദുരന്തസ്മൃതികള്‍ അപ്പാടെ എന്നു പറയുന്നില്ല, പറ്റാവുന്നിടത്തോളം സമയത്തോട് മല്ലിട്ടു കൊണ്ട് എഴുതി പ്രസിദ്ധീകരിക്കാനായി. ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതെന്റെ ഉത്തരവാദിത്വമായിരുന്നു. അതിനു നിങ്ങള്‍ തന്ന നല്ല വാക്കുകള്‍ക്ക് നന്ദി.
 
 
 ഇ-മെയിലിലൂടെയും വാട്‌സാപ്പിലൂടെയും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നല്ല വാക്കുകളില്‍ വരച്ചു കാട്ടിയ ഒട്ടവനധി പേരുണ്ട്. പലരും അടുത്ത സുഹൃത്തക്കളായിരുന്നുവെങ്കില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരും മിണ്ടിയിട്ടില്ലാത്തവരും ഇത്തണ നിരവധിയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. എല്ലാവരുടെയും സ്‌നേഹവായ്പുകള്‍ക്ക് നന്ദി. മീനു എലിസബത്ത്, പി.പി. ചെറിയാന്‍, തോമസ് തോമസ് പാലത്തറ, മധു കൊട്ടാരക്കര, സജിമോന്‍ ആന്റണി, ഗായകന്‍ ജോണ്‍സ് തമ്പാന്‍, ഷാജി വറുഗീസ്, ഡോ. കൃഷ്ണ കിഷോര്‍, ജേക്കബ് പി. ജോണ്‍ (ഹ്യൂസ്റ്റണ്‍), എബി ജോസഫ് (ഫ്‌ളോറിഡ), സുനിത എല്‍ദോ (സാക്രമന്റോ) തുടങ്ങി ഒട്ടേറെപ്പേരോടുള്ള സ്‌നേഹവും നന്ദിയും അറിയിക്കുന്നു.
 
വേണ്ട ഉപദേശങ്ങളും വിദഗ്ധ അഭിപ്രായങ്ങളും നല്‍കുന്ന കോട്ടയത്ത് നിന്നുള്ള മാധ്യമസുഹൃത്ത് സില്‍ജി ടോം, മനോരമ ഓണ്‍ലൈന്‍ എഡിറ്റര്‍ സന്തോഷ് ജോര്‍ജ്, അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരിലെ തഴക്കവും പഴക്കവുമുള്ള ഫ്രാന്‍സിസ് തടത്തില്‍, ഇ-മലയാളിയുടെ ജീവനാഡിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോര്‍ജ് ജോസഫ് എന്നിവരോടും നന്ദി അറിയിക്കുന്നു.
 
ശരിയാണ് മൈലപ്ര. ഈ കൊറോണ റിപ്പോര്‍ട്ടിങ്ങില്‍ കടുത്ത മാനസിക സംഘര്‍ഷമുണ്ട്. സമയത്തിന്റെ വലിയൊരു പ്രശ്‌നമുണ്ട്. എല്ലാവരും കിടന്നുറങ്ങുന്ന കൊച്ചുവെളുപ്പാന്‍ കാലത്ത് കുത്തിയിരുന്നു വാര്‍ത്തകളെഴുതുമ്പോള്‍ അതൊരു കര്‍മ്മമാണെന്നും നിയോഗമാണെന്നു തിരിച്ചറിയുന്നു. കാലം അത് ആവശ്യപ്പെടുന്നുവെന്നതാണ് എന്റെ എഴുത്തിന്റെ കരുത്ത്. അത് ഉണര്‍വ്വുള്ളിടത്തോളം തുടരുകയും ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.