You are Here : Home / USA News

അനധികൃത മെക്‌സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Saturday, December 21, 2019 05:20 hrs UTC

 
 
 
വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ വ്യാഴാഴ്ച ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ്   മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന യുഎസ്, ഗ്വാട്ടിമാലന്‍ അധികൃതര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
 
അരിസോണയിലെ ട്യൂസണില്‍ നിന്ന് മെക്‌സിക്കോയിലേക്ക് നാടുകടത്തപ്പെട്ടവരെ വഹിച്ചുകൊണ്ടുള്ള വിമാനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെക്‌സിക്കോയുടെ മധ്യ നഗരമായ ഗ്വാഡലജാറയില്‍ എത്തി. യു എസില്‍ നിന്ന് നാടുകടത്തപ്പെട്ടവരുടെ വരവിനെക്കുറിച്ച് തങ്ങളെ  അറിയിച്ചതായി ഗ്വാഡലജാറയിലെ ഇമിഗ്രേഷന്‍ ഷെല്‍ട്ടര്‍ അധികൃതര്‍ പറഞ്ഞു.
 
    പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നു വര്‍ഷത്തെ ഭരണകാലാവധിയില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് നിയമവിരുദ്ധമായ കുടിയേറ്റത്തെ തടയുകയെന്നത്. 2020ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ട്രംപ് അതേ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. എന്തുവില കൊടുത്തും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക തന്നെ ചെയ്യുമെന്ന് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.
 
ട്രംപിന്റെ കര്‍ശന നിയമവും സമ്മര്‍ദ്ദവും മൂലം അതിര്‍ത്തിയില്‍ പിടിക്കപ്പെട്ട മധ്യ അമേരിക്കന്‍ കുടിയേറ്റക്കാരുടെ എണ്ണം 2019 ന്റെ രണ്ടാം പകുതിയില്‍ കുത്തനെ ഇടിഞ്ഞിരുന്നു.
 
അതിര്‍ത്തിയില്‍ മധ്യ അമേരിക്കക്കാര്‍ കുറവായതിനാല്‍, യുഎസ് ശ്രദ്ധ മെക്‌സിക്കക്കാര്‍ അനധികൃതമായി കടക്കുകയോ അഭയം തേടുകയോ ചെയ്യുന്നുണ്ടോ എന്നതിലായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ 150,000 മെക്‌സിക്കന്‍ അവിവാഹിതരെ അതിര്‍ത്തിയില്‍ പിടികൂടി. ഇത് മുന്‍ ദശകങ്ങളില്‍ നിന്ന് വളരെ കുറവാണെങ്കിലും യുഎസ് ഇമിഗ്രേഷന്‍ ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന് തലവേദന സൃഷ്ടിക്കാന്‍ ധാരാളമാണെന്നാണ് അധികൃതര്‍ പറയുന്നത്.
 
നാടുകടത്തുന്നവരെ അപകടകരമായ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ചതായി മെക്‌സിക്കോ അറിയിച്ചു. യുഎസ്  മെക്‌സിക്കോ അതിര്‍ത്തിയില്‍ അറസ്റ്റിലായ മെക്‌സിക്കന്‍ പൗരന്മാരുടെ എണ്ണം വര്‍ദ്ധിച്ചതിന് മറുപടിയായാണ് വിമാനങ്ങള്‍ വഴി നാടുകടത്തുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 
യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡാറ്റ പ്രകാരം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പിടിക്കപ്പെട്ട കുടിയേറ്റക്കാരില്‍ പകുതിയോളം മെക്‌സിക്കക്കാരാണ്.
 
ഒബാമ ഭരണകാലത്ത് ഒരിക്കല്‍ നാടുകടത്തപ്പെട്ടു കഴിഞ്ഞാല്‍ മെക്‌സിക്കന്‍ കുടിയേറ്റക്കാരെ വീണ്ടും അതിര്‍ത്തി കടന്ന് എത്തുന്നത്  തടയാന്‍ ഈ പ്രോഗ്രാം ഉപയോഗപ്പെട്ടിരുന്നു എന്ന് യുഎസ് ഇമിഗഷ്രേന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ സി ഇ) മുന്‍ ആക്ടിംഗ് ഡയറക്ടര്‍ ജോണ്‍ സാന്‍ഡ്‌വെഗ് പറഞ്ഞു.  
 
അരിസോണയില്‍ നിന്ന് മെക്‌സിക്കന്‍ അതിര്‍ത്തി നഗരമായ ഗ്വാഡലജാരയിലെ നൊഗാലെസിലേക്കുള്ള ബസ് യാത്രയ്ക്ക് ഒരു ദിവസത്തില്‍ കൂടുതല്‍ സമയമെടുക്കും. വരും ആഴ്ചകളില്‍ വിമാന സര്‍വ്വീസ് വിപുലപ്പെടുത്തുവാന്‍ കഴിയുമെന്ന് പരസ്യമായി സംസാരിക്കാന്‍ അധികാരമില്ലാത്ത ഡിഎച്ച്എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനുവരിയില്‍ സ്ഥിരമായി വിമാനങ്ങള്‍ ആരംഭിക്കുമെന്ന് മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
 
വിമാന സര്‍വ്വീസ് മെക്‌സിക്കോയിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വാഡലജാരയ്ക്കപ്പുറത്തേക്കും മെക്‌സിക്കോയുടെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 
സ്വദേശത്തേക്ക് മടക്കിയയക്കുന്നതുകൊണ്ട് മെക്‌സിക്കന്‍ പൗരന്മാര്‍ക്ക് അവരവരുടെ കുടുംബവുമായി അടുക്കാന്‍ സാധിക്കുമെന്നും, ഭാവിയില്‍ യു എസ് അതിര്‍ത്തി കടക്കുന്നതിനുള്ള ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുമെന്നും ആക്ടിംഗ് ഐ സി ഇ ഡയറക്ടര്‍ മാറ്റ് ആല്‍ബെന്‍സ് വ്യാഴാഴ്ച രേഖാമൂലം പ്രസ്താവനയില്‍ പറഞ്ഞു.
 
ട്യൂസണില്‍ നിന്ന് ഗ്വാഡലജാറയിലേക്കുള്ള വിമാനത്തില്‍ വ്യാഴാഴ്ച 150 ഓളം മെക്‌സിക്കന്‍ പൗരന്മാരെ നാടുകടത്തിയതായി ഐ സി ഇ അറിയിച്ചു. അടുത്ത കാലത്തായി പ്രധാനമായും മെക്‌സിക്കക്കാരെ അതിര്‍ത്തി പട്ടണങ്ങളിലേക്കാണ് നാടുകടത്തിയിരുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ ഉള്‍നാടന്‍ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കുമാണ് നാടുകടത്തിയിരുന്നതെന്നും ഐ സി ഇ വക്താവ് പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.