You are Here : Home / USA News

മികച്ചസേവനത്തിനും പ്രതിഭയ്ക്കും അംഗീകാരം

Text Size  

Story Dated: Wednesday, July 31, 2019 02:55 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ഷിക്കാഗോ: വിശ്വാസസംരക്ഷണത്തിനും ക്രിസ്തുവിഭാവനം ചെയ്ത മാതൃകയില്‍ കത്തോലിക്കാസഭയെ നവീകരിക്കുന്നതിനും ദൈവദാനമായി ലഭിച്ച ജീവിതംഏതാണ്ട് പൂര്‍ണമായുംസമര്‍പ്പിക്കുകയും സാമൂഹ്യ, സാംസ്കാരിക മാധ്യമമേഖലകളില്‍ പ്രതിഭതെളിയിക്കുകയും ചെയ്ത നാല് ഉത്കൃഷ്ടവ്യക്തിത്വങ്ങളെ കെസിആര്‍എം നോര്‍ത് അമേരിക്ക അതിന്‍റെ ഷിക്കാഗോ കോണ്‍ഫെറന്‍സില്‍വെച്ച് ആദരിക്കുന്നു. 
 
ഓഗസ്റ്റ്10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളിഅസോസിയേഷന്‍ ഹാളിലാണ്‌സമ്മേളനം നടത്തപ്പെടുന്നത്. ഡോ ജെയിംസ് കോട്ടൂര്‍, ജോര്‍ജ് മൂലേച്ചാലില്‍, ആനി ജേക്കബ്, എ. സി ജോര്‍ജ് എന്നിവരുടെ നിസ്വാര്‍ത്ഥസേവനമാണ് ആ സമ്മേളനത്തില്‍ ആദരിക്കപ്പെടുന്നത്.
 
അര മൂറ്റാണ്ടിനുമേല്‍ പത്രപ്രവര്‍ത്തന രംഗത്ത് നല്‍കിയിട്ടുള്ള സ്തുത്യര്‍ഹ സേവനത്തിനുള്ള ആദരമാണ് ഡോ ജെയിംസ് കോട്ടൂരിന് ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ കെസിആര്‍എം എന്ന സഭാനവീകരണപ്രസ്ഥാനത്തിന്‍റെ കീഴില്‍ പ്രസിദ്ധീകരിക്കുന്ന 'ചര്‍ച്ച് സിറ്റിസണ്‍സ് വോയിസ്'ന്‍റെ ചീഫ് എഡിറ്ററാണ്. കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തി സ്ഥാപിച്ച ക്രിസ്തുസഭയും ആ സഭയിലെ ആഢംബരത്തില്‍ മുങ്ങിക്കിടക്കുന്ന അധികാരികളേയും കോട്ടൂരിന്‍റെ തൂലിക പ്രഹരിച്ചുകൊണ്ടിരിക്കുന്നു. നസ്രത്തിലെ പാവപ്പെട്ട യേശുവിലേയ്ക്ക് തിരിയാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിന്‍റെ സന്ദേശം.
 
സഭാനവീകരണപ്രസ്ഥാനത്തിന് നല്‍കുന്ന അതുല്ല്യ സേവനത്തിനുള്ള ആദരമാണ് ജോര്‍ജ് മൂലേച്ചാലിനുള്ളത്. 'െ്രെകസ്തവ ഐക്യവേദി' യുടെ സ്ഥാപക സെക്രട്ടറിയായി 1988ല്‍ രംഗപ്രവേശംചെയ്ത് അദ്ദേഹം സഭാനവീകരണരംഗത്ത് സജീവ പ്രവര്‍ത്തകനായി. 1990ല്‍ ‘കേരള കത്തോലിക്ക സഭാനവീകരണ പ്രസ്ഥാന’ത്തിന് രൂപം കൊടുത്ത് അതിന്‍റെ പ്രഥമ സെക്രട്ടറിയായി. 2012 മുതല്‍ 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
 
ആതുരസേവനരംഗത്തെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്കും ദീനദയാലുത്ത പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ആനി ജേക്കബിന് ലഭിക്കുന്നത്. 1969ല്‍ വടക്കേ അമേരിക്കയിലേക്ക് കുടിയേറി നീണ്ട 35 സംവത്സരക്കാലം ആതുരസേവനരംഗത്ത് മികച്ച സേവനം നല്‍കി. ദീനദയാലുത്വത്തില്‍ നൈസര്‍ഗികമായ വ്യക്തിപ്രഭാവമുള്ള ഉദാരചിത്തയാണ്, ആനി. ഒരു ദശാബ്ദക്കാലമായി ഫ്‌ലോറിഡായിലെ കൂപ്പര്‍സിറ്റിയില്‍, ഭര്‍ത്താവ് ജോര്‍ജ് നെടുവേലിക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു.
 
സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ നാല് പതിറ്റാണ്ടിലേറെയുള്ള സജീവ സാന്നിധ്യത്തിനും സേവനങ്ങള്‍ക്കുമുള്ള ആദരമാണ് എ സി ജോര്‍ജിനെ കാത്തിരിക്കുന്നത്.1975ല്‍ അമേരിക്കയില്‍ കുടിയേറിയ എ സി ജോര്‍ജ് 35 വര്‍ഷക്കാലം ന്യൂ യോര്‍ക്കില്‍ വസിച്ചു. ഇക്കലയിളവില്‍ ന്യൂ യോര്‍ക്കിലെ   സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളില്‍ അദ്ദേഹത്തിന്‍റെ കൈയ്യൊപ്പ് പതിയാത്ത ഇടമില്ല. നിരവധി സംഘടനകളുടെ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനും കൂടിയാണ്. പോയ 10 വര്‍ഷക്കാലമായി ഹ്യൂസ്റ്റണില്‍ താമസിക്കുന്ന അദ്ദേഹം മലയാളി പ്രസ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റുകൂടിയാണ്.
 
പ്രസിഡന്‍റ് ചാക്കോ കളരിക്കലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം സഭാചരിത്രത്തില്‍ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള എബ്രഹാം നെടുങ്ങാട്ട് ഉത്ഘാടനം ചെയ്യും. ഡോ ജെയിംസ് കോട്ടൂര്‍ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നല്‍കും. തുടര്‍ന്ന് 'ചര്‍ച്ച് ട്രസ്റ്റ് ബില്‍' എന്ന വിഷയത്തെ ആസ്പദമാക്കി വൈസ് പ്രസിഡന്‍റ് ജോസ് കല്ലിടുക്കില്‍ പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന് വിശദമായ ചര്‍ച്ചയും നടത്തപ്പെടും.
 
ലഞ്ചിനുശേഷം സെക്രട്ടറി ജെയിംസ് കുരീക്കാട്ടില്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ ജോര്‍ജ് നെടുവേലില്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിക്കും.സ്വതന്ത്ര ചിന്തകനും മികച്ച എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കല്‍ ഈ സെഷനില്‍ പ്രധാന സന്ദേശം നല്‍കും. തുടര്‍ന്ന് സോവനീര്‍ പ്രകാശനം നടത്തപ്പെടും.എല്ലാവരേയും ഒരിക്കല്‍ക്കൂടി സമ്മേളനത്തിലേക്ക് സംഘാടകര്‍ ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു.
 
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.