You are Here : Home / USA News

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ മാതൃദിനം

Text Size  

Story Dated: Thursday, May 23, 2019 12:30 hrs UTC

മണ്ണിക്കരോട്ട്
 
 
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2019- മെയ്മാസ സമ്മേളനം 12-ാം തീയതി ഞായര്‍ വൈകീട്ട് 4 മണിക്ക് സ്റ്റാഫറ്ഡിലെ ഡിലീഷ്യസ് കേരളാ കിച്ചന്‍ റസ്റ്റൊറന്റില്‍ നടത്തപ്പെട്ടു. സ്വാഗത പ്രസംഗത്തില്‍ മണ്ണിക്കരോട്ട് മാതൃസ്‌നേഹത്തിന്റെ അമൂല്യതയെക്കുറിച്ച് ഹൃസ്വമായി സംസാരിച്ചു. മലയാളം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ പൊന്നു പിള്ളയ്ക്ക് സൊസൈറ്റിയ്ക്കുവേണ്ടി സെക്രട്ടറി ജി. പുത്തന്‍കുരിശ് പൂച്ചെണ്ടു നല്‍കി ആദരിച്ചു. തുടര്‍ന്ന് പുത്തന്‍കുരിശ് അമ്മമാര്‍ക്ക് അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മാതൃദിനാശംസ എന്ന കവിത ആലപിച്ചു.
 
    “അമ്മമാരേ നിങ്ങള്‍ക്കു വന്ദനം വന്ദനം
    നന്മയിന്‍ പൂര്‍ണ്ണമാം ഭാവമേ വന്ദനം
    നിങ്ങള്‍തന്‍ സ്‌നേഹവും ത്യാഗവുമീദിനം
    ഞങ്ങളോര്‍ക്കുന്നു സമമല്ലതൊന്നിനും“
 
    തുടര്‍ന്ന് കുരിയന്‍ മ്യാലില്‍ മോഡറേറ്ററായി മാതൃദിനത്തെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചു. എ.സി. ജോര്‍ജ് അവതരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ മാതൃദിനത്തിന്റെ മഹത്വത്തെ പല വീക്ഷണകോണുകളിലൂടെ അവതരിപ്പിച്ചു. മാതൃസ്‌നേഹം വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു പൂവൊ പൂങ്കുലയൊ നല്‍കി ആഘോഷിക്കേണ്ടതല്ല 365 ദിവസവും അമ്മദിനമായി ആഘോഷിക്കേണ്ടതാണെന്നും എടുത്തുപറഞ്ഞു. പ്രകൃതി അമ്മയാണെന്നും അതുകൊണ്ടുതന്നെ പ്രകൃതിയെ അമ്മയെപ്പോലെ സ്‌നേഹിക്കുകയും ആദരിക്കേണ്ടതുമാണെന്നും ഭൂമിദിനത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു. മാതൃദിനത്തോട് അനുബന്ധിച്ചുള്ള നെഴ്‌സസ് ഡേയെക്കുറിച്ചും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അമ്മമാരുടെ സ്പര്‍ശമുള്ള നെഴ്‌സുമാരുടെ സേവനങ്ങളും അമുല്യമാണെന്നും അവരേയും അര്‍ഹിക്കുന്ന സ്‌നേഹബഹുമാനങ്ങള്‍ നല്‍കി ആദരിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.    
    
തുടര്‍ന്നുള്ള ചര്‍ച്ചയില്‍ സദസ്യര്‍ സജീവമായി പങ്കെടുത്തു. ഓരോരുത്തരും അവരരവരുടെ അമ്മമാരുമായുള്ള ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ നനയുന്ന കണ്ണകളും ഇടറുന്ന തൊണ്ടയുമാണ് പലര്‍ക്കും അനുഭവപ്പെട്ടത്. ജീവിതഗന്ധിയായ ഓരോ അനുഭവങ്ങളും മാതൃസ്‌നേഹത്തിന്റെ അഭൗമികമായ തലങ്ങളിലേക്ക് സദസ്യരെ കൂട്ടിക്കൊണ്ടുപോയി. അതിരുകളില്ലാത്ത മാതൃസ്‌നേഹം 
ഒരമ്മയ്ക്കുമാത്രമേ അറിയാന്‍ കഴിയു എന്നും അത് വാക്കുകള്‍ക്ക് അതീതമാണെന്നും മാതാവും മുത്തശ്ശിയുമായ ശ്രീമതി പൊന്നു പിള്ള അറിയിച്ചു.
    
അമ്മയെന്നോ സ്‌നേഹം എന്തെന്നോ അറിയാതെ ഉണ്ടാകുന്ന ക്രൂരകൃത്യങ്ങളെ ആസ്പദമാക്കി ജോസഫ് പൊന്നോലി ഒരു മിനിക്കഥ അവതരിപ്പിച്ചു. ഈശൊ ജേക്കബ് ജീവിതാനുഭവങ്ങളിലൂടെ മാതൃസ്‌നേഹത്തിന്റെ ആഴങ്ങളിലേക്ക് സദസ്യരെ നയിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പുരാണങ്ങളിലെ അമ്മമാരെക്കുറിച്ചും അവരുടെ സ്‌നേഹവും ത്യാഗവുമെല്ലാം വിഷയമായി.
    
പൊതുചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, തോമസ് തയ്യില്‍, ടോം വിരിപ്പന്‍, തോമസ് വര്‍ഗ്ഗീസ്, കുരിയന്‍ പന്നപ്പാറ, മാത്യു പന്നപ്പാറ, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, സലിം അറക്കല്‍  ഈശൊ ജേക്കബ്, ജി. പുത്തന്‍കുരിശ്, ജോര്‍ജ് മണ്ണിക്കരോട്ട് മുതലായവര്‍ പങ്കെടുത്തു. 
    
പൊന്നു പിള്ള ഏവര്‍ക്കും കൃതഞ്ജത രേഖപ്പെടുത്തി. അടുത്ത സമ്മേളനം ജൂണ്‍ രണ്ടാം ഞായറാഴ്ച (ജൂണ്‍ 9) നടക്കുന്നതാണ്.
 
മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്:  മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950,   ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.