You are Here : Home / USA News

കുടിയേറ്റ കുട്ടികളുടെ മരണം അന്വേഷിക്കണമെന്ന് പ്രതിനിധ സഭാംഗങ്ങള്‍ (ഏബ്രഹാം തോമസ്)

Text Size  

Story Dated: Thursday, May 23, 2019 12:27 hrs UTC

യു.എസ്. കസ്റ്റഡിയില്‍ അഞ്ചാമത്തെ കുട്ടി മരിച്ചപ്പോള്‍ ഇതെകുറിച്ച് കോണ്‍ഗ്രസും ജസ്റ്റീസ് ഡിപ്പാര്‍ട്ടുമെന്റും അന്വേഷിക്കണമെന്ന് കോണ്‍ഗ്രഷ്‌നല്‍ ഹിസ്പാനിക്ക് കോക്കസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 6 മാസത്തിനുള്ളിലാണ് അഞ്ച് ഗോട്ടിമാലന്‍ കുട്ടികള്‍ മരിച്ചത്. കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റി(സിബിഡി) അറിയിപ്പനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച 16 വയസുള്ള കാര്‍ലോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് വാസ്‌ക്വസ് വെസ്ലാകോ ബോര്‍ഡര്‍ പെട്രോള്‍ സ്‌റ്റേഷനില്‍ മരിച്ചു.
 
ഹിഡാലഗോയ്ക്കടുത്ത് മെയ് 13നാണ് കോര്‍ലോസ് പിടിയിലായത്. ഫെഡറല്‍ നിയമം അനുവദിക്കുന്നതിന്റെ ഇരട്ടി സമയം കഴിഞ്ഞ് 6 ദിവസത്തിന് ശേഷമാണ് കുട്ടിയെ വെസ്ലാകോ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കുട്ടിക്ക് ഫഌ ഉണ്ടെന്ന് കണ്ടെത്തിയിട്ടും ചികിത്സാകേന്ദ്രത്തില്‍ അയയ്ക്കാതെ കൈമാറ്റം നടന്നു എന്നാരോപണം ഉണ്ട്.
സംഭവം രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു കറുത്ത പാടായി വീക്ഷിക്കുമെന്ന് കോണ്‍ഗ്രഷ്‌നല്‍ ഹിസ്പാനിക് കോക്കസ് ചെയര്‍മാനും സാന്‍ ആന്റോണിയയില്‍ നിന്നുള്ള പ്രതിനിധിയുമായ ജോ ആകിന്‍ കാസ്്‌ട്രോ പറഞ്ഞു. അതിര്‍ത്തിയില്‍ കുടിയേറ്റക്കാര്‍ നേരിടുന്ന സാഹചര്യം മരണത്തിന്റെ ആവര്‍ത്തനരൂപമാണെന്ന് ആരോപിച്ചു. ഡോണള്‍ഡ് ട്രമ്പിന്റെ ഭരണത്തിന്റെ മുമ്പുള്ള പത്തു വര്‍ഷത്തിനിടയില്‍ ഒരു കുട്ടി പോലും സിബിപി കസ്റ്റഡിയില്‍ മരിച്ചിട്ടില്ല എന്നും കൂട്ടിചേര്‍ത്തു.
 
ഒരാഴ്ച മുമ്പ് രണ്ട് വയസ്സുള്ള ഒരു കുട്ടി ന്യൂമോണിയ മൂലം അല്‍പാസോ ആശുപത്രിയില്‍ മരിച്ചതായി ഡെല്‍ റിയോവിലെ ഗോട്ടിമാലന്‍ കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഡിസംബറില്‍ രണ്ട് കുട്ടികളുടെ മരണം സംഭവിച്ചപ്പോള്‍ കോണ്‍ഗ്രഷ്‌നല്‍ ഹിയറിംഗും, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിക്കും കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും പുതിയ നടപടി ക്രമങ്ങളുടെ നിര്‍ദേശങ്ങളും ഉണ്ടായതാണ്. 7 വയസ്സുള്ള ജേക്ക്‌ലിന്‍ കാല്‍മാക്വിന്‍ ബാക്ടീറിയല്‍ ഇന്‍ഫെക്ഷന്‍ മൂലം അല്‍പാസോ ആശുപത്രിയില്‍ മരിച്ചു. ഫഌവും ബാക്ടീരിയല്‍ ഇന്‍ഫെക്ഷനും മൂലം ആഴ്ചകള്‍ക്കുള്ളില്‍ 8 വയസുകാരന്‍ ഫെലിപെ ഗോമസ് അലോണ്‍സോയും മരിച്ചു.
ഡെമോക്രാറ്റിക് ജനപ്രതിനിധികളായ വിന്‍സെന്റ് ഗൊണ്‍സാലസ്(മക്കെല്ലന്‍), ഫിലമോന്‍ വേല(ബ്രൗണ്‍സ് വില്‍) എന്നിവര്‍ ജനപ്രതിനിധി, സെനറ്റ് നേതാക്കളോട് തടവിലെ അവസ്ഥയെ വിലയിരുത്തുവാനും കുടിയേറ്റക്കാരുടെ ആരോഗ്യസംരക്ഷണത്തിന് നടപടികള്‍ എടുക്കുവാനും ആവശ്യപ്പെട്ടു.
 
ഒരു ഡോക്ടര്‍ കൂടിയായ കാലിഫോര്‍ണിയയില്‍ നിന്നുള്ള ജനപ്രതിനിധി റൗല്‍ റൂയിസ് യു.എസ്. കസ്റ്റഡയിലുള്ള കുടിയേറ്റക്കാര്‍ക്ക് മെച്ചമായ ആരോഗ്യസ്‌ക്രീനിംഗ് നല്‍കുന്നതിനും അവരുടെ പോഷകാഹാരം, ശുചിത്വ ആവശ്യങ്ങള്‍ക്കും ഉറപ്പ് നല്‍കുന്ന നിയമം സഭയില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞു.
കുടിയേറ്റ വക്താക്കള്‍ തെറ്റായ സമീപനവും പ്രവര്‍ത്തനവുമാണ് ഭരണകൂടം നടത്തുന്നത് എന്നാരോപിച്ചു. വേനല്‍ക്കാലത്ത് ആകെയുള്ള 60,000 ട്രാന്‍സ്‌പൊര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരില്‍ 1% ഓളം പേരെ അതിര്‍ത്തിയില്‍ ഫെഡറല്‍ ജീവനക്കാരെ സഹായിക്കുവാന്‍ വിനിയോഗിക്കുമെന്ന് ഭരണകൂടം പറഞ്ഞു. ഇത് വേനല്‍ക്കാലത്തെ എയര്‍പോര്‍ട്ടുകളുടെ തിരക്കിനെ സാരമായി ബാധിക്കുമെന്നും യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
 
മുന്‍ വെര്‍ജീനിയ അറ്റേണി ജനറല്‍ കെന്‍ കുച്ചി നെല്ലി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയില്‍ ഒരു ഉന്നതസ്ഥാനത്തേയ്ക്ക് നിയമിക്കപ്പെടും എന്ന് ശ്രുതിയുണ്ട്. വിവിധ ഏജന്‍സികളുടെ നയങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഒരു ഇമിഗ്രേഷന്‍ മേലധികാരിയായിട്ടായിരിക്കും കുച്ചിനെല്ലി എത്തുക. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. നിയമവിരുദ്ധ കുടിയേറ്റക്കാരുടെ മക്കള്‍ക്ക് അമേരിക്കന്‍ പൗരത്വം നിഷേധിക്കണം എന്ന് വാദിച്ചും പ്രസിഡന്റ് ബരാക്ക് ഒബാമ യു.എസിലല്ല ജനിച്ചത് എന്ന് ആരോപിച്ചും കുച്ചിനെല്ലി വാര്‍ത്തയില്‍ നിറഞ്ഞു നിന്നിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.