You are Here : Home / USA News

ഉന്നതങ്ങളിലേക്ക് ഉയരാന്‍ ചിറകുകളുമായി ഫോമാ വിമന്‍സ് ഫോറം

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Tuesday, February 05, 2019 12:51 hrs UTC

കാലിഫോര്‍ണിയ: ഫോമായുടെ വിമന്‍സ് ഫോറത്തിന്റെ പ്രഥമ സമ്മേളനം ലോസ് ആഞ്ചലസില്‍ പ്രൌഡഗംഭീരമായി ആഘോഷിച്ചു. വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്‌സന്‍ രേഖ നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത സമ്മേളനം അമേരിക്കന്‍ മലയാളി മങ്കമാരുടെ നിറസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഭാരതീയ സംസ്‌കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനമാണ് കല്പിച്ചിരുന്നത്. സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണമാണ് നമ്മുക്ക് ആവശ്യമെന്ന് രേഖനായര്‍ ഓര്‍മ്മിപ്പിച്ചു. സ്ത്രീയില്‍ അന്തര്‍ലീനമായ തന്റെ കഴിവുകള്‍ സ്വയം കണ്ടെത്തി അത് നേടിയെടുക്കുമ്പോള്‍, സമൂഹത്തിലെ സ്ഥാനമാനങ്ങള്‍ അവളെ തേടിയെത്തും. ഭാവനകളുടെ ലോകത്ത് വിഹരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ സമൂഹനന്മയില്‍ സുഖം കണ്ടെത്തുന്നവരാണ് എന്ന് ഫോമാ നാഷണല്‍ കമ്മറ്റിയംഗവും വനിതാ പ്രധിനിതിയുമായ ഡോക്ടര്‍ സിന്ധു പിള്ള എല്ലാവരെയും സ്വാഗതം അറിയിച്ചുകൊണ്ട് പറഞ്ഞു. ഇത് അമേരിക്കയാണ്, ലിംഗ വിത്യാസമില്ലാത്ത രാജ്യം, സാങ്കേതിക തികവില്‍ മിന്നിത്തിളങ്ങുന്നവരാകണം നമ്മള്‍, ആരോഗ്യ ശുശ്രൂഷ മേഖലകളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എല്ലാ മേഖലകളിലേക്കും നമ്മള്‍ക്ക് കടന്നു ചെല്ലുവാന്‍ പരിശ്രമിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ സുസന്‍ ബറുവ (ഡീന്‍, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ് കാലിഫോര്‍ണിയ സ്‌റ്റേറ്റ് സര്‍വ്വകലാശാല) പ്രവാസികളായ വനിതകളെ ആഹ്വാനം ചെയ്തു.

 

ലോകരാജ്യങ്ങളില്‍ തന്നെ, വിദ്യാഭ്യാസപരമായി വളരെയേറെ മുന്നില്‍ നില്‍ക്കുന്ന മലയാളി വനിതകള്‍ നേട്ടങ്ങളുടെ പട്ടികകള്‍ മാത്രം സമ്പാദിച്ചവരാണ്. അവരുടെ നേട്ടങ്ങള്‍ക്ക് നിദാനമായത് നമ്മുടെ കുടുംബങ്ങള്‍ തന്നെയാണ് താനും. നമ്മള്‍ക്ക് കിട്ടിയത് പോലെ ഒരു ചെറിയ പ്രോത്സാഹനം എല്ലാവര്‍ക്കും കൂടി ലഭ്യമാക്കുവാന്‍ ശ്രമിച്ചാല്‍ വളരെയേറെ ഉയരത്തില്‍ പറക്കുവാനുള്ള ശക്തി സംഭരിക്കുവാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്ന് മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ സ്മിത വെട്ടുപുറത്ത് പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഫോമാ നാഷണല്‍ കമ്മറ്റിയംഗവും യൂത്ത് പ്രധിനിതിയുമായ ഏഞ്ചല സുരേഷ്, ഫോമാ വുമന്‍സ് ഫോറം ദേശീയ കമ്മറ്റിയംഗം ജിസ്സി തോമസ്, ഫോമാ റീജിയണല്‍ വുമന്‍സ് ഫോറം കണ്‍വീനര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ ആശംസകല്‍ അര്‍പ്പിച്ചു. വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍, അമേരിക്കന്‍ മലയാളീ വനിതകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും, ഫോമായുടെ എല്ലാ റീജിയനുകളിലും ശക്തമായ അടിത്തറയുള്ള ഫോമായുടെ വിംഗാണ് വിമന്‍സ് ഫോറം. അമേരിക്കന്‍ ഐക്യനാടുകളിലുടനീളം വ്യാപരിച്ചു കിടക്കുന്ന മലയാളീ സമൂഹത്തിലെ പ്രബുദ്ധരായ വനിതകളെ, ദേശീയ തലത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയും, മുഖ്യധാരാ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലേക്ക് അവരോധിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ പ്രധാനലക്ഷ്യം.

 

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രെട്ടറി സാജു ജോസഫ്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോസഫ് ഔസോ, ഫോമാ നാഷണല്‍ കമ്മറ്റിയംഗങ്ങളായ സിജില്‍ പാലയ്ക്കലോടി, ജോസ് വടകര, പന്തളം ബിജു തോമസ്, ബൈലോ കമ്മറ്റി ചെയര്‍മാന്‍ സാം ഉമ്മന്‍, ഫോമാ മുന്‍ സെക്രെട്ടറി അനിയന്‍ ജോര്‍ജ്, റീജിയണല്‍ ചെയര്‍മാന്‍ പോള്‍ ജോണ്‍ (റോഷന്‍), ഫോമാ റീജിയണല്‍ വുമെന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സന്‍ സുജ ഔസോ, ജോയിന്റ് സെക്രെട്ടറി രശ്മി നായര്‍ എന്നിവരും സന്നിഹതരായിരുന്നു. റീജിയണിലെ എല്ലാ അംഗസംഘടനകളില്‍ നിന്നുമുള്ള വനിതാ പ്രാധിനിത്യം കൊണ്ട് സദസ്സ് വര്‍ണ്ണാഭമായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.