You are Here : Home / USA News

ഹെല്‍പിംഗ്‌ ഹാന്‍ഡ്‌ ഓഫ്‌ കേരളയുടെ പത്തൊമ്പതാമത്‌ ചാരിറ്റി ഡിന്നര്‍ ഉജ്വലവിജയമായി

Text Size  

Story Dated: Wednesday, December 17, 2014 02:10 hrs UTC

ന്യൂയോര്‍ക്ക്‌: ലോംഗ്‌ ഐലന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ്‌ ഹാന്‍ഡ്‌സ്‌ ഓഫ്‌ കേരളയുടെ പത്തൊമ്പതാമത്‌ ചാരിറ്റി ഡിന്നറും, എന്റര്‍ടൈന്‍മെന്റ്‌ പ്രോഗ്രാമും ഗ്ലെന്‍ഓക്‌സ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ വിജയകരമായി നടന്നു.

വൈകിട്ട്‌ ആറുമണിക്ക്‌ സെക്രട്ടറി പ്രൊഫ. ഷൈനി മാത്യുവിന്റെ ആമുഖ പ്രസംഗത്തോടുകൂടി ആരംഭിച്ച പൊതുസമ്മേളനത്തില്‍ ലാലി കളപ്പുരയ്‌ക്കല്‍, ഷേര്‍ളി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന്‌ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.

പ്രസിഡന്റ്‌ ജോസഫ്‌ സി. തോമസ്‌ തന്റെ സ്വാഗത പ്രസംഗത്തില്‍ ഈ സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവരിച്ചു. വ്യവസായ സ്ഥാപനങ്ങളുടേയും, ഉദാരമതികളായ വ്യക്തികളുടേയും അകമഴിഞ്ഞ സ്‌പോണ്‍സര്‍ഷിപ്പ്‌ ആണ്‌ ഈ സംഘടനയ്‌ക്ക്‌ കരുത്ത്‌ നല്‍കുന്നതെന്ന്‌ അനുസ്‌മരിച്ചു.

മാത്യു സിറിയക്‌ വിശിഷ്‌ടാതിഥികളെ വേദിയിലേക്ക്‌ ക്ഷണിച്ചു. വിശിഷ്‌ടാതിഥികളുടെ സാന്നിധ്യത്തില്‍ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌ ടാജ്‌ മാത്യു നിലവിളക്ക്‌ കൊളുത്തി ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക ദേശീയ പ്രസിഡന്റ്‌ ടാജ്‌ മാത്യുവിനെ ലാലി കളപ്പുരയ്‌ക്കല്‍ സദസിന്‌ പരിചയപ്പെടുത്തി. മികച്ച ആഖ്യാനപാടവംകൊണ്ടും, അവതരണരീതികൊണ്ടും ശ്രദ്ധേയമാണ്‌ ടാജ്‌ മാത്യുവിന്റെ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും. മലയാളം പത്രത്തിന്റെ എഡിറ്ററായ ടാജ്‌ മാത്യു ഇന്ത്യാ പ്രസ്‌ ക്ലബിന്റെ തുടക്കക്കാരില്‍ ഒരാളാണെന്നും, ഈ സംഘടനയുടെ വളര്‍ച്ചയില്‍ മലയാളം പത്രവും ടാജ്‌ മാത്യുവും ഒരു സുപ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ടെന്നും ലാലി കളപ്പുരയ്‌ക്കല്‍ അനുസ്‌മരിച്ചു.

തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ ടാജ്‌ മാത്യു ഈ സംഘടനയുടെ തുടക്കം വളരെ ലളിതമായിരുന്നുവെന്നും, ലളിതമായി തുടങ്ങുന്ന കാര്യങ്ങള്‍ എന്നും ചരിത്രത്തില്‍ വലിയ വലിയ സ്ഥാനങ്ങള്‍ നേടിയ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ടെന്നും അനുസ്‌മരിച്ചു.

തുടര്‍ന്ന്‌ ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ ഡാന്‍സ്‌ സ്‌കൂള്‍ ആയ നൂപുര ആര്‍ട്‌സിലെ അമ്പതില്‍പ്പരം കുട്ടികള്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച സംഘനൃത്തങ്ങള്‍ കാണികളുടെ പ്രശംസ പടിച്ചുപറ്റി. ഈ കള്‍ച്ചറല്‍ പ്രോഗ്രാം മികച്ച ഒരു മെഗാ ആകുവാന്‍ പ്രയത്‌നിച്ച നൂപുര ആര്‍ട്‌സിലെ ഡാന്‍സ്‌ ടീച്ചേഴ്‌സ്‌ ആയ ചന്ദ്രികാ കുറുപ്പിനേയും, ലക്ഷ്‌മി കുറിപ്പിനേയും നന്ദിസൂചകമായി പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു.

റോയ്‌ ആന്റണിയുടെ നേതൃത്വത്തില്‍ ലൈവ്‌ ഓക്കസ്‌ട്രയുടെ അകമ്പടിയോടെ ലോംഗ്‌ ഐലന്റ്‌ ബാന്റ്‌ അവതരിപ്പിച്ച ` We are the World, We are the Children. So we all must lend a helping hand' എന്ന തീം സോംഗ്‌ കാണികള്‍ക്ക്‌ വേറിട്ട ഒരു അനുഭവമായിരുന്നു.

ലോംഗ്‌ഐലന്റ്‌ ഡാന്‍സ്‌ ടീം അവതരിപ്പിച്ച സംഘനൃത്തം കാണികള്‍ക്ക്‌ ദൃശ്യവിസ്‌മയമായി. ട്രൈസ്റ്റേറ്റ്‌ ഏരിയയിലെ ഗായകര്‍ അവതരിപ്പിച്ച ശ്രവണസുന്ദരമായ ഗാനങ്ങള്‍ കാണികളുടെ കാതുകള്‍ക്ക്‌ ഇമ്പമേകി.

കഴിഞ്ഞവര്‍ഷത്തെ ഫണ്ട്‌ റൈസര്‍ ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ഇതിന്റെ ട്രഷറര്‍കൂടിയായ ഏബ്രഹാം ജോസഫ്‌ ഏഷ്യാനെറ്റിന്റെ ഡയറക്‌ടര്‍ രാജു പള്ളത്തില്‍ നിന്നും ഏറ്റുവാങ്ങി. ഈ സംഘടനയുടെ സജീവ പ്രവര്‍ത്തകനും, ഒരു ഉപാധിയുമില്ലാതെ എല്ലാവര്‍ഷവും സൗണ്ട്‌ സിസ്റ്റം നല്‍കുന്ന സെബാസ്റ്റ്യന്‍ തോമസിനെ ഏഷ്യാനെറ്റ്‌ ഡയറക്‌ടര്‍ രാജു പള്ളത്ത്‌ പ്ലാക്ക്‌ നല്‍കി ആദരിച്ചു.

ജെനിതാ സാജന്‍, മായാ മാര്‍ട്ടിന്‍ എന്നിവരായിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാമിന്റെ എം.സിമാര്‍. മാത്യു സിറിയക്‌, ഏബ്രഹാം ജോസഫ്‌, ലാന്‍സ്‌ ആന്റണി, അഗസ്റ്റിന്‍ കളപ്പുരയ്‌ക്കല്‍, ബ്രെയിന്‍ സിറിയക്‌ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. സെബാസ്റ്റ്യന്‍ തോമസ്‌ ശബ്‌ദവും വെളിച്ചവും നിയന്ത്രിച്ചു. ജൂലിയ ഡിജിറ്റലിലെ ബിനു, ആന്റണി മാത്യു എന്നിവര്‍ ഫോട്ടോയും, വീഡിയോയും കൈകാര്യം ചെയ്‌തു. സെക്രട്ടറി ഷൈനി മാത്യു എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. ഈ സംഘടനയുടെ ശക്തി ഇതിന്റെ ഓരോ സ്‌പോണ്‍സേഴ്‌സുമാണെന്ന്‌ സ്‌മരിച്ചു.

ഗ്രാന്റ്‌ സ്‌പോണ്‍സറായ കൊട്ടീലിയന്‍ കേറ്റേഴ്‌സ്‌ ഒരുക്കിയ വിഭവസമൃദ്ധമാ ഡിന്നറോടുകൂടി പരിപാടികള്‍ക്ക്‌ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.