You are Here : Home / USA News

എത്തിഹാദ് ഡിഎഫ്ഡബ്ല്യുവില്‍ നിന്ന് സര്‍വീസ് ആരംഭിച്ചു

Text Size  

Story Dated: Monday, December 08, 2014 12:35 hrs UTC


                        
ഫോര്‍ട്ട്വര്‍ത്ത് . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് എത്തിഹാദ് എയര്‍വേയ്സ് നേരിട്ട് അബുദാബിയിലേക്കുളള വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഫ്ലൈറ്റുകള്‍ ഉണ്ടാവുക. ഏപ്രില്‍ 16 മുതല്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും.

225 സീറ്റുളള ബോയിംഗ് 777-200 എല്‍ആര്‍ വിമാനങ്ങളാണ് എത്തിഹാദ് ഈ മേഖലയില്‍ നിയോഗിക്കുന്നുത്. ഡിഎഫ്ഡബ്ല്യു എത്തിഹാദിന്‍െറ അമേരിക്കയിലെ ആറാമത്തെ എയര്‍പോര്‍ട്ടാണ്. ന്യൂയോര്‍ക്ക്, ഷിക്കാഗോ, വാഷിങ്ടണ്‍ ഡിസി, ലൊസാഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ എന്നിവടങ്ങളിലേയ്ക്കാണ് ഇതിന് മുന്‍പ് സര്‍വീസ് ഉണ്ടായിരുന്നത്.

എത്തിഹാദിന് കോഡ് ഷെയറിങ് ഉളള അമേരിക്കന്‍ എയര്‍ലൈന്‍സുമായി യോജിച്ചാണ് ഫ്ലൈറ്റുകള്‍ നടത്തുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍െറ കോഡും ഫ്ലൈറ്റ് നമ്പറുമാണ് ഉപയോഗിക്കുന്നത്. എത്തിഹാദ് അമേരിക്കന്‍ എയര്‍ലൈന്‍സിന്‍െറ മാര്‍ക്കറ്റിങ് പാര്‍ട്ണറാണ്. ഖത്തര്‍ എയര്‍വെയ്സാണ് അമേരിക്കനും ബ്രിട്ടീഷ് എയര്‍വെയ്സുമുളള വണ്‍ വേള്‍ഡ് സഖ്യത്തിലെ അംഗം.

എത്തിഹാദിനു മുമ്പ് ഖത്തര്‍ എയര്‍വെയ്സും എമിറേറ്റ്സ് എയര്‍ലൈനസും ഡിഎഫ്ഡബ്ല്യുയുവില്‍ നിന്ന് സര്‍വീസുകള്‍ ആരംഭിച്ചു. എമിറേറ്റ്സ് 2012 ഫെബ്രുവരി 2നും ഖത്തര്‍ 2014 ജൂലൈ ഒന്നിനുമാണ് ഡാലസ് എയര്‍പോര്‍ട്ടില്‍ നിന്നു പറക്കാന്‍ ആരംഭിച്ചത്.  ഫെബ്രുവരി 2012 മുതല്‍ സെപ്റ്റംബര്‍ 30, 2014 വരെ എമിറേറ്റ്സില്‍ മൊത്തം 4,60,364 യാത്രാക്കാര്‍ സഞ്ചരിച്ചു. തുടങ്ങിയത് 266 സീറ്റുളള ബോയിംഗ് 777-200 എല്‍ആര്‍ ജെറ്റുകളുമായാണ്. 2014 ഒക്ടോബര്‍ 1 മുതല്‍ 489 സീറ്റുളള എയര്‍ബസ് എ 380 വിമാനങ്ങള്‍ ഉപയോഗിക്കുന്നു.

എമിറേറ്റ്സ് ദുബായില്‍ നിന്ന് പറക്കുമ്പോള്‍ ഖത്തറിന്‍െറ ആസ്ഥാനം  ദോഹയാണ്. 259 സീറ്റുളള ബോയിംഗ് 777-200 ജൂലൈ 1 മുതലുളള 3 മാസങ്ങളിലായി 41,699 യാത്രക്കാര്‍ക്ക് സേവനം നല്‍കി. രണ്ട് എയര്‍ ലൈനുകളും നോര്‍ത്ത് ടെക്സാസില്‍ നിന്ന് മദ്ധ്യപൂര്‍വ ഏഷ്യയിലേക്കുളള ഫ്ലൈറ്റ് കപ്പാസിറ്റിയുടെ 87 % മുതല്‍ 89 % വരെ ഉപയോഗിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലേക്കും തിരിച്ച് അമേരിക്കയിലേക്കും യാത്ര ചെയ്യുന്നവരാണ് ഈ എയര്‍ലൈനുകളുടെ സേവനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതെന്ന് ഡിഎഫ്ഡബ്ല്യു എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു.

എത്തിഹാദിന് ഇപ്പോള്‍ 105 വിമാനങ്ങളാണുളളത്. 200 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവയില്‍ എയര്‍ബസ് 380, ബോയിംഗ് 787, ബോയിംഗ് 777- എക്സ് എന്നിവ ഉള്‍പ്പെടുന്നു. 2013 ല്‍ എത്തിഹാദ് 1 കോടി 15 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി.

വാര്‍ത്ത: ഏബ്രഹാം തോമസ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.