You are Here : Home / USA News

ചാവറ അച്ചന്റെ വിശുദ്ധ പദവിക്ക്‌ നിദാനമായ അത്ഭുതം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 15, 2014 10:36 hrs UTC

- സിറിയക്‌ സ്‌കറിയ

 

പല അത്ഭുത പ്രവര്‍ത്തികളും ചാവറയച്ചന്റെ മദ്ധ്യസ്ഥതയുടെ ഫലമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിശുദ്ധ പദവിയിലേക്കുള്ള വഴിതെളിയിച്ചത്‌ കോട്ടയം ജില്ലയിലെ പാലാക്കാരി മരിയ ജോസ്‌ കൊട്ടാരത്തില്‍ എന്ന കുട്ടിക്കുണ്ടായ രോഗശാന്തിയായിരുന്നു. 'ഓള്‍ട്ടര്‍നേറ്റിംഗ്‌ എസ്‌ട്രോപ്പിയ' എന്ന കണ്ണുകളെ ബാധിക്കുന്ന പോരായ്‌മ അല്ലെങ്കില്‍ തകരാറ്‌ ചാവറയച്ചന്റെ മധ്യസ്ഥത അപേക്ഷിച്ചതിന്റെ ഫലമായി ഭേദമായ വാര്‍ത്ത വിശ്വാസി സമൂഹം അത്യധികം ആഹ്ലാദത്തോടെയാണ്‌ സ്വീകരിച്ചത്‌. 2005 ഏപ്രില്‍ 5-ന്‌ പാലായില്‍ ജോസ്‌- മേരിക്കുട്ടി കൊട്ടാരത്തില്‍ ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയവളായി പിറന്ന മരിയ Squint Eye എന്നറിയപ്പെടുന്ന ഈ വൈകല്യത്താല്‍ ബുദ്ധിമുട്ട്‌ അനുഭവിച്ചുവരികയായിരുന്നു. ശാസ്‌ത്രീയ പഠനത്തിലും മെഡിക്കല്‍ സയന്‍സിലും അവബോധമുള്ള അഞ്ച്‌ ഡോക്‌ടര്‍മാരുടെ പരിശോധനയില്‍ ശസ്‌ത്രക്രിയ ഒരു പരിഹാരമാര്‍ഗ്ഗമായി നിര്‍ദേശിക്കപ്പെട്ടപ്പോള്‍ ദൈവത്തിലുള്ള വിശ്വാസത്തിലൂന്നി പ്രാര്‍ത്ഥനയുടെ വഴിയേ നീങ്ങാന്‍ ആ കുടുംബം തീരുമാനിക്കുകയായിരുന്നു.

 

 

കത്തോലിക്കാ വിശ്വാസം അടിത്തറയായുള്ള കുടുംബ പശ്ചാത്തലം ചാവറയച്ചന്റെ തിരുകല്ലറയിലേക്കാണ്‌ മരിയയുടെ കുടുംബത്തെ നയിച്ചത്‌. എല്ലാം ദൈവ പരിപാലനയില്‍ വിട്ടുകൊടുത്തുകൊണ്ട്‌ ഒക്‌ടോബര്‍ 12 മുതല്‍ 16 വരെ നടത്തിയ നിതാന്ത പ്രാര്‍ത്ഥനയുടെ ഫലമാണ്‌ ഇന്നനേകര്‍ക്ക്‌ വിശ്വാസദീപം പകര്‍ന്നു നല്‍കുന്ന ഈ അത്ഭുതസാക്ഷ്യം. മലയാളത്തില്‍ കോങ്കണ്ണ്‌ എന്നു വിളിക്കുന്ന ഈ വൈകല്യം മരുന്നും മറ്റ്‌ ശാസ്‌ത്രീയ മാര്‍ഗ്ഗങ്ങളും ഇല്ലാതെ മാറ്റപ്പെട്ടപ്പോള്‍ മരിയമോള്‍ക്ക്‌ എല്ലാവരേയും നോക്കി സംസാരിക്കാനാവുന്നു എന്നത്‌ വിശ്വാസവഴിയിലെ ഒരു വഴിത്തിരിവാകുകയാണ്‌. ചാവറയച്ചന്റെ ഭൗതീകശരീരം അടക്കം ചെയ്യപ്പെട്ടിട്ടുള്ള മാന്നാനം പള്ളിയിലെ തിരുകല്ലറയില്‍ മുട്ടിപ്പായി പ്രാര്‍ത്ഥിച്ച അമ്മ മേരിക്കുട്ടിയും മറ്റ്‌ ബന്ധുക്കളും കൂട്ടുകാരും ഈ അത്ഭുത പ്രവര്‍ത്തിക്ക്‌ സാക്ഷ്യംപറഞ്ഞുകൊണ്ട്‌ കൂടുതല്‍ ആധികാരികത നല്‍കുന്നു. അതുകൂടാതെ അത്ഭുതം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതിനുശേഷം നടത്തിയ മെഡിക്കല്‍ പരിശോധനയിലും മരുന്നോ ശാസ്‌ത്രീയ മാര്‍ഗ്ഗങ്ങളോ സ്വീകരിച്ചതായ ഒരു വസ്‌തുതയും കണ്ടെത്താനായില്ല. വൈദ്യശാസ്‌ത്രത്തിന്‌ വിശദീകരിക്കാനാവത്തതും എന്നാല്‍ എല്ലാ മാനൂഷിക അറിവുകള്‍ക്കും അപ്പുറം സംഭവിച്ച അത്ഭുത പ്രവര്‍ത്തിയും ആയിട്ടേ ഈ സംഭവത്തെ വിവര്‍ണ്ണിക്കാനാവൂ എന്ന സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായവും ചാവറയച്ചന്റെ വിശുദ്ധ പദവിക്ക്‌ ആക്കംകൂട്ടി.

 

 

അങ്ങനെ 2014 മാര്‍ച്ച്‌ 18-ന്‌ വത്തിക്കാനിലെ വിശുദ്ധ പദവി അംഗീകരിക്കുന്ന Congergation ഈ അത്ഭുത പ്രവര്‍ത്തിയെ അംഗീകരിക്കുകയും 2014 നവംബര്‍ 23-ന്‌ വിശുദ്ധ പദവി പ്രഖ്യാപന ദിനമായി നിര്‍ണ്ണയിക്കുകയും ചെയ്‌തു. സംസ്‌കൃതത്തെ സ്‌നേഹിച്ച, മനുഷ്യനെ മനുഷ്യനായി കണ്ട സ്വന്തം കര്‍മ്മശേഷിയിലും ആത്മാഭിമാനത്തിനും വിലകല്‍പിച്ച പുണ്യതയുടെ വിവിധ മാനങ്ങള്‍ ദര്‍ശിക്കാവുന്ന വിശുദ്ധ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചന്‍ ലോകസമക്ഷെ നവംബര്‍ 23-ന്‌ അംഗീകരിക്കപ്പെടുകയാണ്‌. `നന്മ ചെയ്യാത്ത ഒരു ദിനവും നിന്റെ ജീവിതത്തിലുണ്ടാകാതിരിക്കട്ടെ' എന്ന്‌ പ്രായോഗിക ജീവിതത്തിലൂടെ കാണിച്ചുതന്ന്‌ ഉപദേശിച്ച ഈ പുണ്യ മനുഷ്യനെ വിശുദ്ധരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തുമ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ പോലും ഒരു പുത്തന്‍ ഏട്‌ കുറിക്കപ്പെടുകയാണ്‌.

source: kuriakoseeliaschavara.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.