You are Here : Home / USA News

മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം: എസ്‌.എം.സി.സി അനുമോദിച്ചു

Text Size  

Story Dated: Thursday, October 16, 2014 09:23 hrs UTC

ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ട മാര്‍ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണചടങ്ങില്‍ സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസിന്റെ (എസ്‌.എം.സി.സി) ദേശീയ നേതാക്കള്‍ പങ്കെടുക്കുകയും അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്‌തു.

സെപ്‌റ്റംബര്‍ 27-ന്‌ ഷിക്കാഗോ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ എസ്‌.എം.സി.സിയുടെ ദേശീയ നേതാക്കളായ ബോസ്‌ കുര്യന്‍, അരുണ്‍ ദാസ്‌, ലൈസി അലക്‌സ്‌, ചാക്കോ കുര്യാക്കോസ്‌, ആന്റണി ചെറു എന്നിവരാണ്‌ എസ്‌.എം.സി.സിയെ പ്രതിനിധീകരിച്ച്‌ എത്തുകയും അഭിവന്ദ്യ പിതാവിന്‌ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്‌തത്‌.

സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിച്ച എസ്‌.എം.സി.സിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ ദാസ്‌, മാര്‍ ജോയ്‌ ആലപ്പാട്ടിന്റെ സ്ഥാനാരോഹണത്തെ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ വഴികളിലെ ഒരു നാഴികകല്ലായും ഓരോ സീറോ മലബാര്‍ ഇടവകാംഗങ്ങള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു നേട്ടമാണെന്നും പ്രസ്‌താവിക്കുകയുണ്ടായി. മാര്‍ ജോയി ആലപ്പാട്ടുമായി തനിക്കുള്ള മുന്നു പതിറ്റാണ്ടുകാലത്തെ ആത്മബന്ധവും, പിതാവ്‌ തുടങ്ങിവെച്ച യൂത്ത്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തിലേക്ക്‌ 27 വര്‍ഷം മുമ്പ്‌ താന്‍ കടന്നുവരാന്‍ ഇടയായ സാഹചര്യവും അരുണ്‍ ദാസ്‌ അനുസ്‌മരിച്ചു. ജോയി അച്ചന്റെ ജീവിതത്തിലെ വിനയവും എളിമയുമുള്ള ജീവിതശൈലിയും യുവാക്കളെ സംഘടിപ്പിക്കുന്നതിലുള്ള താത്‌പര്യവും, അവരെ നേതൃനിരയിലേക്ക്‌ കൊണ്ടുവരുന്നതിനുള്ള സംഘാടകപാടവവും മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ കരങ്ങള്‍ക്ക്‌ കരുത്താകുമെന്നും, സഭയുടെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി തീരുമെന്നും അരുണ്‍ദാസ്‌ പ്രത്യാശ പ്രകടിപ്പിച്ചു.

ഫ്‌ളൈറ്റ്‌ കാന്‍സലായതുമൂലം ചടങ്ങില്‍ എത്താന്‍ സാധിക്കാതെ പോയ എസ്‌.എം.സി.സിയുടെ ദേശീയ നേതാക്കളായ ജോര്‍കുട്ടി പുല്ലാപ്പള്ളി, മാത്യു തോയല്‍ എന്നിവര്‍ പിതാവിനെ തങ്ങളടെ ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ചു.

മാര്‍ ജോയി ആലപ്പാട്ടിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ സഭയുടെ ഔദ്യോഗിക സംഘടന എന്ന നിലയിലുള്ള എസ്‌.എം.സി.സിയുടെ എല്ലാവിധ പിന്തുണ അറിയിക്കുകയും ചടങ്ങില്‍ പിതാവിന്‌ ബൊക്കെ നല്‍കി ആദരിക്കുകയും ചെയ്‌തു. എസ്‌.എം.സി.സി പി.ആര്‍.ഒ ജയിംസ്‌ കുരീക്കാട്ടില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.