You are Here : Home / USA News

മാധ്യമകുലപതികള്‍ പങ്കെടുത്ത ലാന മാധ്യമസെമിനാര്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 25, 2014 09:20 hrs UTC



ലിറ്റററി അസ്സോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക(ലാന)യുടെ കേരള കണ്‍വന്‍ഷന്റെ ഭാഗമായി കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥമായ തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച മാധ്യമ സെമിനാറില്‍ മലയാള മാധ്യമരംഗത്തെ പ്രമുഖരുടെ നീണ്ടനിര തന്നെ പങ്കെടുക്കുകയുണ്ടായി. “മാധ്യമങ്ങളും മലയാള സാഹിത്യവും: വളര്‍ച്ചയുടെ പതിറ്റാണ്ടുകള്‍” എന്നതായിരുന്നു സെമിനാറിന്റെ വിഷയം. മലയാള മനോരമ എഡിറ്റോറിയല്‍ ബോര്‍ഡ് ഡയറക്ടര്‍ തോമസ് ജേക്കബ്ബ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

 കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ മലയാള മാധ്യമ രംഗത്ത് സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളും ഭാഷയുടെയും സാഹിത്യത്തിന്റെയും വളര്‍ച്ചയില്‍ അവ ചെലുത്തിയ ശ്രദ്ധേയമായ സ്വാധീനവും തന്റെ പ്രസംഗത്തില്‍ അദ്ദേഹം നര്‍മ്മ മധുരമായി അവതരിപ്പിച്ചു. കേരള പ്രസ് അക്കാദമി പ്രസിഡന്റും മാതൃഭൂമി ഡെപ്യൂട്ടി എഡിറ്ററുമായ എന്‍.പി. രാജേന്ദ്രന്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ മാറ്റങ്ങളിലൂടെ സ്ഥായിയായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന മാധ്യമലോകത്തെപ്പറ്റിയും സാഹിത്യമേഖലകളെക്കുറിച്ചും സവിസ്തരം പ്രതിപാദിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുന്‍ എറണാകുളം എം.പി.യുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി എഡിറ്റര്‍ ആര്‍.ഗോപീകൃഷ്ണന്‍, തൃശ്ശൂര്‍ പ്രസ്‌ക്ലബ് പ്രസിഡന്റും ദേശാഭിമാനി ബ്യൂറോ ചീഫുമായ വി.എം.രാധാകൃഷ്ണന്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചു. ലാന പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം സെമിനാരിന്റെ മോഡറേറ്ററായിരുന്നു. ജില്ലയിലെ വിവിധ ജേര്‍ണലിസം കോളേജുകളിലെ വിദ്യാര്‍ത്ഥികളും ശ്രോതാക്കളായുണ്ടായിരുന്നു. ജോണ്‍ മാത്യൂവിന്റെ പുതിയ ചെറുകഥാസാമാഹാരത്തിന്റെ പ്രകാശനം പെരുമ്പടവം ശ്രീധരന് കോപ്പി നല്‍കിക്കൊണ്ട് തോമസ് ജേക്കബ്ബ് നിര്‍വ്വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.