You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം ജെ.എഫ്‌.എയുടെ നേതൃത്വത്തില്‍ യോങ്കേഴ്‌സില്‍ ആലോചനാ യോഗം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, August 24, 2014 11:10 hrs UTC

ന്യൂയോര്‍ക്ക്‌: ദുരൂഹമായ സാഹചര്യത്തില്‍ ഫ്‌ളോറിഡയിലെ പനാമാ സിറ്റി ബീച്ചില്‍ നിന്നും കാണാതായ റെനി ജോസിന്റെ കാര്യത്തില്‍ ഇതേവരെ വ്യക്തമായ ഒരു തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തില്‍, റെനി ജോസിന്റെ മാതാപിതാക്കളുടെ അപേക്ഷയനുസരിച്ചു ജസ്റ്റിസ്‌ ഫോര്‍ ഓള്‍ (ജെ.എഫ്‌.എ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ വിവിധ സാമൂഹ്യ രാഷ്ട്രീയ മത സംഘടനകളുടെ നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട്‌ ജെ.എഫ്‌.എയുടെ തറവാടായ യോങ്കേഴ്‌സില്‍ വച്ച്‌ ഒരു ആലോചനായോഗം നടത്താന്‍ തീരുമാനിച്ചു. ജെ. എഫ്‌.എയുടെ ചെയര്‍മാന്‍കൂടി ആയ തോമസ്‌ കൂവള്ളൂര്‍ ആണ്‌ ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തിരിക്കുന്നത്‌.

 

അതനുസരിച്ച്‌ ആഗസ്റ്റ്‌ 26 നു ചൊവ്വാഴ്‌ച വൈകിട്ട്‌ 5:30 ന്‌ പ്രസ്‌തുത ആലോചനാ യോഗം യോങ്കേഴ്‌സിലെ, 54 യോങ്കെഴ്‌സ്‌ ടെറസ്സിലുള്ള ഇന്‍ഡോ- അമേരിക്കന്‍ യോഗാ ഇന്‍സ്റ്റിറ്റിയുട്ടില്‍ വച്ചു നടക്കുന്നതായിരിക്കും. ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ അസംബ്‌ളി മെമ്പര്‍ ആയ ഷെല്ലി മേയര്‍ ഈ ചടങ്ങില്‍ പങ്കെടുക്കുന്നതാണ്‌. 1982 മുതല്‍ 1994 വരെ ന്യൂയോര്‍ക്ക്‌ അറ്റോര്‍ണി ജനറല്‍ ആയിരുന്ന ബോബ്‌ എംബ്രാംസീ നോടൊപ്പം അസിസ്റ്റന്റ്‌ അറ്റോര്‍ണി ജനറല്‍ ആയി പ്രവര്‍ത്തിച്ചു തഴക്കവും പഴക്കവുമുള്ള ഷെല്ലി മേയര്‍, ന്യൂയോര്‍ക്കിലെ ഇപ്പോഴത്തെ അറ്റോര്‍ണി ജനറലിന്റെ സീനിയര്‍ അഡ്വൈസറും, ജെ. എഫ്‌. എ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂരിന്റെ വളരെ അടുത്ത സുഹൃത്തുമാണ്‌.

അക്കാരണത്താല്‍ തന്നെ റെനി ജോസിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ന്യൂയോര്‍ക്ക്‌ സെനറ്റര്‍ ചക്ക്‌ ഷൂമെര്‍, യു. സ്‌ അറ്റോര്‍ണി ജനറല്‍ എറിക്‌ ഹോള്‍ഡര്‍ എന്നിവരുമായി ബന്ധപ്പെടാനുള്ള റെനി ജോസിന്റെ മാതാപിതാക്കളുടെ ശ്രമത്തിനു ആക്കംകൂട്ടാന്‍ സാധ്യതയുള്ളതായി കാണാന്‍ കഴിയുന്നു. ഇതിനോടകം ന്യൂയോര്‍ക്കിലെ സീനിയര്‍ സെനറ്ററായ ചക്ക്‌ ഷൂമറിനെ നേരിട്ടു കണ്ട്‌ നിവേദനം കൊടുക്കാന്‍ റെനി ജോസും കുടുംബവും നടത്തിയ ഉദ്യമങ്ങള്‍ ഒന്നും ഫലവത്താകാതെ വന്ന സാഹചര്യത്തിലാണ്‌ ജെ. എഫ്‌. എ യുടെ നേതൃത്വത്തില്‍ തന്നെ വിവിധ സംഘടനകളെ കൂട്ടിയിണക്കി ഇത്തരത്തിലൊരു ഉദ്യമത്തിനു മുതിരാന്‍ ചെയര്‍മാന്‍ പ്രേരിതനായത്‌.

 

മലയാളികളായ നമുക്ക്‌ വാക്കും പ്രവര്‌ത്തിയും ഒരുപോലെ കൊണ്ടുപോകാന്‍ സാധിച്ചാല്‍, ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം സഫലമാകും എന്ന കാര്യത്തിന്‌ സംശയമില്ല. യേശു ക്രിസ്‌തു പറഞ്ഞതുപോലെ `കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോടു മാറി നില്‌ക്കാന്‍ പറഞ്ഞാല്‍ അതും സംഭവിക്കും` എന്നുള്ള ഉറച്ച വിശ്വാസവും, എലിയായുടെ തീക്ഷ്‌ണതയുമാണ്‌ നമുക്കിന്നാവശ്യം. വെറുതെ ന്യൂസില്‍ പടം വരാന്‍ വേണ്ടി മാത്രം സംഘടനയുടെ നേതാക്കളായാല്‍ പോരാ സമൂഹത്തിലെ ഒരു വ്യക്തിക്കെങ്കിലും നന്മ ചെയ്‌ത ശേഷം പത്ര മാധ്യമങ്ങളില്‍ സ്ഥലം പിടിക്കാന്‍ നമ്മള്‍ ശ്രമിക്കുകയാണ്‌ വേണ്ടത്‌. ഈ സന്ദേശം എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത്‌ പല സംഘടനകളും തുടങ്ങിവച്ചത്‌ പൂര്‍ത്തീകരിക്കാനാവാതെ ഇടയ്‌ക്കുവച്ചു ഇട്ടുപേക്ഷിക്കുന്ന ഒരു ബലഹീനമായ പ്രവണത നമ്മുടെ സമൂഹത്തില്‍ കണ്ടുവരുന്നതിനാലാണ്‌. വാസ്‌തവത്തില്‍ റെനി ജോസ്‌ എന്ന ചെറുപ്പക്കാരന്റെ നഷ്ടം ആ കുടുംബത്തിന്റെ മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ മൊത്തം നഷ്ടമായി കണക്കാക്കണം.

 

ടെക്‌സാസിലെ പേരുകേട്ട റൈസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2014 മെയ്‌ മാസം ഗ്രാജൂവേററ്‌ ചെയ്യേണ്ടിയിരുന്ന 4.0 ജി.പി.എ യുള്ള റെനി ജോസ്‌, നമ്മുടെ സമൂഹത്തിന്റെ മൊത്തം സമ്പത്തായിരുന്നു. അത്‌ കണ്ടുപിടിച്ചേ അടങ്ങൂ എന്ന്‌ നമുക്ക്‌ പ്രതിജ്ഞയെടുക്കാം. റെനി ജോസിന്റെ സഹോദരി രേഷ്‌മയോടും, പിതാവ്‌ ജോസ്‌ ജോര്‍ജ്ജിനോടും, മാതാവ്‌ ഷേര്‍ളിയോടും ഒത്തുചേര്‍ന്ന്‌ നമുക്ക്‌ കൈകോര്‍ത്തുപ്പിടിച്ച്‌, എഫ്‌. ബി. ഐ കേസ്‌ അന്വേഷിച്ച്‌ റെനി ജോസിന്‌ എന്തു സംഭവിച്ചുവെന്ന്‌ ലോകത്തെ അറിയിക്കുന്നതുവരെ നമുക്ക്‌ പരിശ്രമിക്കാം. യോങ്കേഴ്‌സിലെ ഇന്ത്യന്‍അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റിയില്‍പ്പെട്ട പല നല്ല പ്രവര്‍ത്തകരും ആഗസ്റ്റ്‌ 26 ന്‌ ചൊവ്വാഴ്‌ച നടക്കുന്ന ആലോചനാ യോഗത്തില്‍ പങ്കെടുക്കാമെന്ന്‌ സമ്മതിച്ചിട്ടുണ്ട്‌. അറിയപ്പെടുന്ന സഭാ പണ്ഡിതനും, ഒരു അക്ടിവിസ്റ്റുംക്കൂടി ആയ പാസ്റ്റര്‍ വില്‍സണ്‍ ജോസ്‌, ജെ. എഫ്‌. എ സജീവ പ്രവര്‍ത്തകന്‍ ഇന്നസെന്റ്‌ ഉലഹന്നാന്‍, ഐ. എന്‍. ഒ. സി നേതാവ്‌ ജോര്‍ജ്ജ്‌ എബ്രഹാം, കൈരളി ടി.വി യുടെ ജോസ്‌ കാടാപുറം, ഫൊക്കാനയുടെ നാഷണല്‍ ട്രഷറര്‍ ജോയി ഇട്ടന്‍, അങ്ങിനെ പലരും ഇതിനോടകം വരാമെന്നേറ്റു കഴിഞ്ഞു. സ്ഥലപരിമിതി മൂലം അറിയപ്പെടുന്ന സംഘടനാ നേതാക്കളെ മാത്രമേ ഇപ്പോള്‍ വ്യക്തിപരമായി ക്ഷണിച്ചിട്ടുള്ളൂ.

 

പാര്‍ക്കിംഗ്‌, യോങ്കെഴ്‌സ്‌ അവന്യൂവിലുള്ള മീറ്റര്‍ പാര്‍ക്കിംഗ്‌ ഏരിയായില്‍ വണ്ടി പാര്‍ക്ക്‌ ചെയ്‌ത്‌ ഞങ്ങളോട്‌ സഹകരിക്കണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. റെനി ജോസിനോട്‌ കാരുണ്യമുള്ള, പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ള, നല്ലവരായ ആള്‍ക്കാരെയും ഈ ആലോചനാ യോഗത്തിലേക്ക്‌ സ്വാഗതം ചെയ്യുന്നു. പ്രത്യേകിച്ച്‌, ചെറുപ്പക്കാരായ യുവജനങ്ങളെ. അവര്‌ക്ക്‌ ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും. നമ്മള്‍ സംഘടിതമായി നിന്നാല്‍ കാര്യങ്ങളെല്ലാം വളരെ സുഗമമായി നടക്കുമെന്നുള്ളതില്‍ സംശയമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്‌. തോമസ്‌ കൂവള്ളൂര്‍ : (914) 409 5772 എം. കെ. മാത്യൂസ്‌ : (914) 806 5007 ജോര്‍ജ്ജ്‌ പാടിയേടത്ത്‌ : (914) 607 7367 ജോസ്‌ ജോര്‍ജ്ജ്‌ : (518) 339 2351 തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.