You are Here : Home / USA News

ദേശീയ ശ്രീനാരായണ കണ്‍വന്‍ഷന്‌ ഫിലാഡല്‍ഫിയ ഒരുങ്ങി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, August 02, 2014 09:16 hrs UTC


    

ഫിലാഡല്‍ഫിയ: ഓഗസ്റ്റ്‌ 8,9,10 തീയതികളില്‍ ഫിലാഡല്‍ഫിയയിലെ ശ്രീനാരായണ നഗറില്‍ വച്ച്‌ നടക്കുന്ന ദൈവ ദശകം ശതാബ്ദി ആഘോഷവും ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനും അവിസ്‌മരണീയമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . അമേരിക്കയില്‍ ആദ്യമായി ഒരു ഗുരുദേവ മന്ദിരം സ്ഥാപിക്കുകയും ഗുരുദേവ ദര്‍ശനങ്ങളെ ആഴത്തില്‍ സ്‌പര്‍ശിക്കുന്ന പഠന കളരികള്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫിലാഡല്‍ഫിയ ശ്രീനാരായണ അസ്സോസ്സിയേഷനാണ്‌ ഈ ഒരു ചരിത്ര മുഹൂര്‍ത്തത്തിന്‌ നേതൃത്വം നല്‌കുന്നത്‌.

നൂറ്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ശിവഗിരിയിലെ അന്തേവാസികളായിരുന്ന അനാഥക്കുഞ്ഞുങ്ങള്‍ക്കായി ഗുരുദേവന്‍ രചിച്ച ഒരു പ്രാര്‍ത്ഥനാ ഗീതം ഇന്നും സാര്‍വ്വ ലൗകിക ശോഭയോടെ വാഴ്‌ത്തപ്പെടുന്നത്‌ , ഗുരു കണ്ടെത്തിയ അദ്വൈത സത്ത ലളിതവും സമഗ്രവുമായി കേവലം പത്ത്‌ പദ്യങ്ങള്‍ അടങ്ങിയ ഈ കൊച്ചു കൃതിയില്‍ ആലേഖനം ചെയ്‌തിരിക്കുന്നു എന്നതിനാലാണ്‌. ശുദ്ധമായ മലയാള ഭാഷയില്‍ രചിക്കപ്പെട്ട ഈ `ദൈവോപനിഷത്ത്‌` ഇന്ന്‌ സര്‍വ്വ സമാശ്ലേഷിയായ ഒരു പ്രാര്‍ഥന ഗീതമായി ആദരിക്കപ്പെടുന്നു. ദൈവ ദശകത്തിന്റെ നൂറാം പിറന്നാള്‍ ലോകമെമ്പാടും ആഘോഷിച്ചു കൊണ്ടിരിക്കുന്ന ഈ ധന്യ വേളയില്‍ അതോടനുബന്ധിച്ച്‌ ഒരു സംഗമം സപ്‌തസാഗരങ്ങളും കടന്ന്‌ നടത്തപ്പെടുന്നു എന്നത്‌ ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നു.

ഓഗസ്റ്റ്‌ 8 ന്‌ വെള്ളിയാഴ്‌ച്ച 5 മണിക്ക്‌ വിളംബര ഘോഷയാത്രയോടെ ആഘോഷ പരിപാടികള്‍ സമാരംഭിക്കും . തുടര്‍ന്ന്‌ കണ്‍വന്‍ഷന്റെ ഔപചാരികമായ ഉത്‌ഘാടനം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റിനെ പ്രതിനിധീകരിച്ചുകൊണ്ട്‌ ശ്രീമദ്‌ സച്ചിദാനന്ദ സ്വാമികള്‍ നിര്‍വ്വഹിക്കും . പ്രമുഖ വാഗ്മിയും ശ്രീനാരായണ ധര്‍മ്മ പ്രചാരകനുമായ ഡോ. ബി. അശോക്‌ ഐ. എ.എസ്‌ . ( വൈസ്‌ ചാന്‍സിലര്‍ , കേരള വെറ്റിറിനറി സര്‍വ്വകലാശാല ) മുഖ്യ പ്രാഭാഷണം നടത്തും. ശ്രീമദ്‌ ബോധി തീര്‍ത്ഥ സ്വാമികളുടെ അനുഗ്രഹ പ്രാഭാഷണത്തെ തുടര്‍ന്ന്‌ അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുന്നതായിരിക്കും. കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍ അഡ്വ: കല്ലുവിള വാസുദേവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സെക്രട്ടറി പ്രസാദ്‌ കൃഷ്‌ണന്‍ സ്വഗതമോതും.

രാത്രി 9 മണി മുതല്‍ അമേരിക്കയിലെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലെ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. സംഗമ വേദിയെ ധന്യമാക്കിക്കൊണ്ട്‌ നൂറ്റിയൊന്ന്‌ പേര്‍ അണി നിരക്കുന്ന ദൈവ ദശകം ആലാപനം, വിവിധ വിഷയങ്ങളെ ആസ്‌പദമാക്കി വിദഗ്‌ദ്ധര്‍ നയിക്കുന്ന പ്രഭാഷണങ്ങള്‍ ചര്‍ച്ചാ ക്ലാസ്സുകള്‍ , കുട്ടികള്‍ക്കായുള്ള മെറിറ്റ്‌ അവാര്‍ഡ്‌ വിതരണം ,ആദ്യകാല സംഘാടകരെ ആദരിക്കല്‍ , പ്രമുഖ വാഗ്മിയും മാധ്യമ .പ്രവര്‍ത്തകനുമായ കേരളകൗമുദി സീനിയര്‍ സബ്‌ എഡിറ്റര്‍ ശ്രി .സജീവ്‌ കൃഷ്‌ണന്‍ , ഡോ .പല്‍പ്പുവിന്റെ ജീവിതത്തെ ആസ്‌പദമാക്കി രചിച്ച 'ദൈവത്തിന്റെ പടത്തലവന്‍ ' എന്ന കൃതിയുടെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രകാശനം , ജെഫേഴ്‌സണ്‍ സര്‍വ്വ കലാശാലയിലെ പ്രൊഫസ്സര്‍ ഡോ.സെല്‍വന്‍ നയിക്കുന്ന യോഗാ പരിശീലനം , ധ്യാനം , കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി വിവിധ പരിപാടികള്‍ എന്നിവയും . ഉണ്ടായിരിക്കുന്നതാണ്‌.

പ്രശസ്‌ത പിന്നണി ഗായകന്‍ ശ്രീ. ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന ഗാന മേള കണ്‍വന്‍ഷന്‍ രാവിനെ സംഗീത സാന്ദ്രമാക്കും.

ഓഗസ്റ്റ്‌ 10 രാവിലെ 9 മണിക്ക്‌ നടക്കുന്ന പൊതു യോഗത്തില്‍ കണ്‍വന്‍ഷന്‍ സംബന്ധിച്ച പ്രത്യേക അവലോകനവും ഭാവി പരിപാടികളുടെ ആസൂത്രണവും ചര്‍ച്ചാ വിഷയമാകും. 11 മണിയോട്‌ കൂടി ചടങ്ങുകള്‍ ഔപചാരികമായി സമാപിക്കും. തുടര്‍ന്ന്‌ ഫിലാഡല്‍ഫിയ ഗുരുദേവ മന്ദിരത്തിലേക്ക്‌ തീര്‍ഥാടനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം ഉണ്ടായിരിക്കും

അഡ്വ: കല്ലുവിള വാസുദേവന്‍ (ചെയര്‍മാന്‍ ), അനിയന്‍ തയ്യില്‍ (വൈസ്‌ ചെയര്‍മാന്‍ ) മുരളി കൃഷ്‌ണന്‍ (വൈസ്‌ ചെയര്‍മാന്‍ ), പ്രസാദ്‌ കൃഷ്‌ണന്‍ (സെക്രട്ടറി ) അനു രാജ്‌ (ട്രഷറര്‍ ) ശ്രീനിവാസന്‍ ശ്രീധരന്‍ (എസ്‌ .എന്‍. എ. സെക്രട്ടറി ) എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘാടക സമിതിയില്‍ ദേശീയ തലത്തില്‍ വിവിധ സബ്‌ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി പബ്ലിസിറ്റി കണ്‍വീനര്‍ രവികുമാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.